1

കോഴിക്കോട്: കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. വൈവിദ്ധ്യവത്ക്കരണത്തിലൂടെ കോർപ്പറേറ്റുകൾക്ക് ബദലാകാൻ പദ്ധതി ഒരുക്കിയാണ് പതിനാലാമത് സംസ്ഥാന സമ്മേളനം സമാപിച്ചത്. ചെറുകിട കേബിൾ ടി.വി രംഗത്തിന് പുറമേ ടൂറിസം, ഐടി, കാർഷിക മേഖലകളിൽ ജനകീയമായ രീതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുമുള്ള പദ്ധതികൾക്ക് സമ്മേളനം രൂപം നൽകി. കേബിൾ ടിവി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ റൈറ്റ് ഓഫ് വേ നിയമം നടപ്പിലാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷക സമരത്തിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പുതിയ സംസ്ഥാന പ്രസിഡന്റായി പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറിയായി പി.ബി. സുരേഷ്, ട്രഷററായി ബിനു ശിവദാസ്, വൈസ് പ്രസിഡന്റായി എം. മൻസൂർ, ജ്യോതികുമാർ വി.എസ്, സെക്രട്ടറിമാരായി പി. എസ്.സിബി, നിസാർ കോയപറമ്പിൽ എന്നിവരെ തെരഞ്ഞെടുത്തു. 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ പുതിയ പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനും കോഴിക്കോട് ഡെപ്യൂട്ടി മേയറുമായ സി.പി.മുസാഫർ അഹമ്മദ്, അബൂബക്കർ സിദ്ദീഖ്, കെ.വി.രാജൻ, ബിനു ശിവദാസ് പി.എസ് സിബി, നിസാർ കോയപറമ്പിൽ കെ.വിജയകൃഷ്ണൻ കെ.ഗോവിന്ദൻ തുടങ്ങിയവരും പ്രസംഗിച്ചു. പുതിയ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.സുരേഷ് നന്ദി പറഞ്ഞു.