ആദ്യറൗണ്ട് പിന്നിട്ട് എളമരം കരീമും കെ.കെ. ശൈലജയും
കോഴിക്കോട്: പൊള്ളുന്ന വേനലിലും പ്രചാരണത്തിൽ കുതിച്ച് ജില്ലയിലെ ഇടതുസ്ഥാനാർത്ഥികൾ. സി.പി.എം സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചതു മുതൽ വടകര മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജയും കോഴിക്കോട്ടെ സ്ഥാനാർത്ഥി എളമരം കരീമും പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുകയാണ്. ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രവർത്തകർക്കൊപ്പം സ്ഥാനാർത്ഥികളും പങ്കുവയ്ക്കുന്നത് തികഞ്ഞ വിജയ പ്രതീക്ഷ.
മൂന്നുതവണയായി ഇടതുപക്ഷത്തെ കൈവിട്ട വടകരയും കോഴിക്കോടും തിരിച്ചു പിടിക്കാൻ ഉറച്ചാണ് പ്രവർത്തനം. റോഡ്ഷോയോടെയായിരുന്നു തുടക്കം. വ്യക്തികൾ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് പുരോഗമിക്കുന്നത്. രാവിലെ എഴിന് തുടങ്ങുന്ന പര്യടനം രാത്രി വൈകിയും നീളുകയാണ്. ഓരോ ദിവസവും ഏഴ് മുതൽ പത്തുവരെ പര്യടന കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും ബഹുജന പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രദ്ധവയ്ക്കുന്നതിനാൽ നിശ്ചയിച്ച സമയവും കടന്നാണ് സ്ഥാനാർത്ഥികൾ അടുത്ത കേന്ദ്രങ്ങളിൽ എത്തുന്നത്.
മാലയിട്ടും ഷാൾ അണിയിച്ചും വൻവരവേൽപ്പാണ് സ്ഥാനാർത്ഥികൾക്ക് സ്വീകരണ കേന്ദ്രങ്ങളിൽ ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, ബി.ജെ.പി- സംഘപരിവാർ രാഷ്ട്രീയം തുടങ്ങിയവയാണ് ചർച്ചയാക്കുന്നത്. ഇടതുപക്ഷത്തിന് വിജയസാദ്ധ്യത ഏറെയുള്ള മണ്ഡലങ്ങളാണ് വടകരയും കോഴിക്കോടും. വടകര മണ്ഡലത്തിൽ വരുന്ന തലശ്ശേരി, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. കൂത്തുപറമ്പും കൊയിലാണ്ടിയും ചില കാലത്ത് പിണങ്ങി നിന്നെങ്കിലും ഇടതുപക്ഷത്തെ കൈവിട്ട മണ്ഡലങ്ങളായിരുന്നില്ല. ടി.പി.ചന്ദ്രശേഖരൻ വധത്തിനുശേഷം വടകര വടത്തോട്ട് ചാഞ്ഞുനിൽപ്പാണ്. ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വടകരയിലും മഞ്ഞുരുകുമെന്നാണ് ഇടതുപ്രതീക്ഷ. ആരോഗ്യമന്ത്രിയായിരിക്കെ നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മലയാളിയുടെ ടീച്ചറമ്മയായശൈലജയെ വ്യക്തിപരമായികൈവിടാൻ വിഷയങ്ങളൊന്നുമില്ല. ശൈലജയ്ക്ക് സ്ത്രീവോട്ടർമാരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചാൽ വിജയം സുനിശ്ചിതമെന്ന് ഉറപ്പിക്കുകയാണ് ഇടതുപക്ഷം.
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ ബാലുശ്ശേരി, എലത്തൂർ, ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലങ്ങൾ ഇടതുമണ്ഡലങ്ങളാണ്. കൊടുവള്ളി ഒഴിച്ചാൽ കോഴിക്കോട് സൗത്തും ഇപ്പോൾ ഇടത്തോട്ട് ചാഞ്ഞതോടെ എളമരം കരീമിന്റെ വിജയം ബാലികേറാമലയല്ലെന്നാണ് ഇടതു ക്യാമ്പുകളിലെ വിലയിരുത്തൽ. തൊഴിലാളി നേതാവെന്ന നിലയിൽ കോഴിക്കോടിന്റെ കരീംക്കയായി ഇടതുപക്ഷം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചതും ഈ വിജയ പ്രതീക്ഷയിൽ തന്നെയാണ്.