dddd
കെ. പ്രവീൺകുമാർ ( കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് )

യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യാഗികമായി വന്നില്ലെങ്കിലും കോഴിക്കോട്ട് എം.കെ.രാഘവനും വടകരയിൽ കെ.മുരളീധരനും ഇറങ്ങിക്കഴിഞ്ഞു. കോഴിക്കോടും വടകരയും തിരുവമ്പാടി ഉൾപ്പെടുന്ന വയനാടും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. മൂന്നിടത്തെയും വിജയ സാദ്ധ്യതകളുമായി ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ലീഡേഴ്‌സ് ടോക്കിൽ.

 യു.ഡി.എഫ്.സ്ഥാനാർത്ഥി നിർണയം വൈകുന്നത് വടകര, കോഴിക്കോട് മണ്ഡലങ്ങളെ ബാധിക്കുമോ...?

യു.ഡി.എഫ് എല്ലാകാലത്തും ഇതേരീതിയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താറുള്ളത്. തിരഞ്ഞെടുപ്പ് തീയതിയൊന്നും വന്നിട്ടില്ലല്ലോ. കഴിഞ്ഞ തവണ വടകരയിൽ പി.ജയരാജൻ മണ്ഡലത്തിലിറങ്ങി മൂന്നാഴ്ചയ്ക്ക് ശേഷമാണ് മുരളീധരൻ സ്ഥാനാർത്ഥിയായത്. എന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോ.

 കരുത്തരാണ് ഇത്തവണ വടകരയിലെ കെ.കെ.ശൈലജയും കോഴിക്കോട്ടെ എളമരം കരീമും..?

കരുത്തിൽ ഷംസീറും പി.ജയരാജനും പിറകിലായിരുന്നോ. എ.പ്രദീപ്കുമാർ മോശക്കാരനായിരുന്നോ. വടകരയിലും കോഴിക്കോട്ടും മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥികളുടെ വലിപ്പമല്ല പ്രശ്‌നം. ജനം ഇതിനകം ഉൾക്കൊണ്ടുകഴിഞ്ഞ രാഷ്ട്രീയമാണ്.

 എന്താണ് യു.ഡി.എഫിന്റെ തുറുപ്പ്ചീട്ട്...?

കേന്ദ്രവും കേരളവും ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരാണ്. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും. ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണവർ. മോദിസർക്കാരിന്റെ ഫാസിസത്തെ നേരിടാൻ പ്രാപ്തിയുള്ളത് കോൺഗ്രസിനുമാത്രമാണ്. രാജ്യത്തെവിടെയാണ് സി.പി.എമ്മുള്ളത്. വെറുതേ ഒരു വോട്ട് കളയാൻ ജനം ഇത്തവണയും തയ്യാറാവില്ല.

 പിണറായിവിജയൻ സർക്കാരിന്റെ നേട്ടങ്ങളാണ് എൽ.ഡി.എഫ് പ്രചരണായുധം..?

എന്ത് നേട്ടം. കേരളം കട്ടുമുടിച്ചതോ, കേരളത്തെ കൊലപാതകക്കളരിയാക്കിയതോ. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങുകയല്ലേ, പെൻഷൻമുടങ്ങുകയല്ലേ. എന്ത് വികസനമാണിവർ കേരളത്തിൽ നടത്തിയത്. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. കോഴിക്കോട്ടുകാരുടെ ഹൃദയത്തിലാണ് എം.കെ.രാഘവനുള്ളത്. സ്‌നേഹപൂർവം രാഘവേട്ടായെന്ന് വിളിക്കുന്നത് എന്താവശ്യത്തിനും വിളിപ്പുറത്തുള്ളതുകൊണ്ടാണ്. എം.കെ.രാഘവൻ വരുന്നതിന് മുമ്പ് കോഴിക്കോടിനൊരു എം.പിയുണ്ടായിരുന്നോ. കെ.മുരളീധരൻ ദേശീയ നേതാവാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ടുമാത്രം അദ്ദേഹം വടകരയ്ക്ക് നൽകിയത് വികസനത്തിന്റെ പുത്തൻ മാതൃകയാണ്.

 വീണ്ടും ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ചർച്ചയാവുകയാണല്ലോ..?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് മായ്ച്ച് കളയാനാവുമോ ടി.പിയെ. ആ അരുംകൊല വടകരയിലും കോഴിക്കോട്ടും മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പിൽ ഇത്തവണയും ചർച്ചയാവും.

 പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം...?

വടകരയിൽ ഒന്നരലക്ഷവും കോഴിക്കോട്ട് ഒരു ലക്ഷം കടക്കും. പിണറായി സർക്കാരിനെ അത്രമാത്രം ജനം വെറുത്തുപോയിട്ടുണ്ട്.