palayam
palayam

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് ജില്ലാ വെജിറ്റബിൾ മാർക്കറ്റ് കോ ഓർഡിനേഷൻ കമ്മിറ്റി പാളയത്ത് നടത്തിയ ഹർത്താൽ പൂർണം. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു ഹർത്താൽ.

പാളയം മാർക്കറ്റും സമീപത്തെ കടകളും പൂർണമായും അടഞ്ഞു. ഉന്തുവണ്ടികളും ഹർത്താലിൽ പങ്കെടുത്തു. ഹർത്താൽ വിവരം നേരത്തെ അറിയിച്ചതിനാൽ ചരക്ക് ലോറികളൊന്നും മാർക്കറ്റിൽ എത്തിയില്ല. പണിമുടക്കിയ തൊഴിലാളികളും കച്ചവടക്കാരും കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൾ സലാം വടകര ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇ.സി.സതീശൻ എന്നിവർ പ്രസംഗിച്ചു. കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എ.ടി. അബ്ദു സ്വാഗതവും ട്രഷറർ എം. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.കെ.നാസർ, കെ.വി.അബ്ദുൾ ജലീൽ, പി. അബ്ദുൾ റഷീദ്, ടി. മുഹമ്മദ് മുസ്തഫ, എം.ടി. മുസ്തഫ, പി.കെ. ബഷീർ എന്നിവർ നേതൃത്വം നൽകി. പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. അതിന്റെ തുടർച്ചയായി കച്ചവടക്കാരുടെയും തൊഴിലാളികളുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം നടത്തുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.