sajeevan
വി.കെ.സജീവൻ

കടത്തനാടൻ കളരിയുടെ അങ്കത്തട്ടാണ് വടകര. സാമൂതിരിയുടെ പടയോട്ടങ്ങളുടെ വീരഭൂമികയായി കോഴിക്കോടും. രണ്ടിടത്തും ഇത്തവണ കരുത്തരാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വടകരയിൽ കെ.മുരളീധരനെയും കെ.കെ.ശൈലജയെയും നേരിടാൻ എൻ.ഡി.എയ്ക്ക് നേതൃത്വം നൽകുന്ന ബി.ജെ.പി ഇറക്കിയിരിക്കുന്നത് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണനെയാണ്. കോഴിക്കോട്ട് എം.കെ.രാഘവനേയും എളമരം കരീമിനേയും പൂട്ടാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും. പോർവിളികൾ കനക്കുമ്പോൾ ഇരുമണ്ഡലങ്ങളിലേയും വിജയസാദ്ധ്യത പങ്കുവയ്ക്കുന്നു ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ.

കരുത്തരാണ് ജില്ലയിലെ ഇടത്-വലത് സ്ഥാനാർത്ഥികൾ. എങ്ങിനെ നേരിടും..?

ഞങ്ങളും കരുത്തരാണ്. പിന്നെ ഇടത്-വലതുപക്ഷങ്ങളുടെ പോരാട്ടം. അതൊരു സൗഹൃദമത്സരമല്ലേ. ആര് ജയിച്ചാലും കേന്ദ്രത്തിൽ ശത്രു നരേന്ദ്രമോദി. പിന്നെ അവർ തമ്മിലെന്ത് പോരാട്ടം. മത്സരം ഇരുപക്ഷങ്ങൾക്കുമെതിരെ എൻ.ഡി.എയുമായിട്ടാണ്.

കെ.മുരളീധരൻ പറഞ്ഞത് രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി-സി.പി.എം ബാന്ധവം എന്നാണ്. ബി.ജെ.പി.ഇടതുപക്ഷത്തിന് വോട്ടുമറിക്കും..?

കെ.മുരളീധരനും എം.കെ.രാഘവനുമെല്ലാം പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കൂട്ടുകെട്ടെന്ന് പറഞ്ഞാൽ കോൺഗ്രസുകാർ പോലും വിശ്വസിക്കുമോ. എൻ.ഡി.എയ്ക്ക് ശത്രുക്കളും ബന്ധുക്കളുമൊന്നുമില്ല. ജനങ്ങളാണ് മുന്നിൽ. അവരുടെ ക്ഷേമവും വികസനവുമാണ് ലക്ഷ്യം. അത് കേരളത്തിലെ ജനതയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇടത്-വലതു സ്ഥാനാർഥികളെ അപേക്ഷിച്ച് ദുർബലരാണ് സ്ഥാനാർത്ഥികളെന്നും വിമർശനമുണ്ട്...?

ആരാണ് കേമൻമാരെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴറിയാം. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെ അറിയാത്തവർ കേരളത്തിനകത്തോ പുറത്തോ ഉണ്ടോ. പിന്നെ പ്രഫുൽ കൃഷ്ണൻ, എ.ബി.വിപിയിൽ നിന്നും വളർന്നുവന്ന നേതാവ്. ഇപ്പോൾ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ. യുവരക്തം. മറ്റാരേക്കാളും കരുത്തരാണ് തങ്ങളുടെ സ്ഥാനാർത്ഥികൾ.

ഇത്തവണ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം..?

മോദിയുടെ വികസനമാണ് തിരഞ്ഞെടുപ്പ് അജണ്ട. മോദി രാജ്യം ഭരിച്ചപ്പോഴും അതിന് മുമ്പ് കോൺഗ്രസ് ഭരിച്ച കാലത്തേയും വികസന പ്രവൃത്തികൾ കണക്ക് വച്ചാണ് അവതരിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായി ഒമ്പതുലക്ഷം പേർ ജില്ലയിലുണ്ട്. ഇതിൽത്തന്നെ മൂന്നരലക്ഷത്തിലധികം പേർ കിസാൻസമ്മാൻ നിധി പദ്ധതി പ്രകാരം 6,000 രൂപ അക്കൗണ്ട് വഴി കൈപ്പറ്റുന്നവരാണ്. ജൻ ഔഷധിയുടെ ഗുണം ലഭിക്കുന്ന രോഗികളും അവരുടെ കുടുംബാംഗങ്ങളും ധാരാളമുണ്ട്. ഇവരിൽ രാഷ്ട്രീയമായി വിയോജിപ്പുള്ളവർപോലും നരേന്ദ്രമോദി സർക്കാർ തുടരണമെന്ന അഭിപ്രായമുള്ളവരാണ്. അതെല്ലാം കോഴിക്കോട് ജില്ലയിൽ എൻ.ഡി.എയ്ക്ക് വോട്ടാവും.

കെ.മുരളീധരനും എം.കെ.രാഘവനും ഉയർത്തുന്നതും വികസന പ്രവർത്തനങ്ങൾ...?

എന്ത് വികസനമാണ് കോഴിക്കോട്ടും വടകരയിലും ഇവർ സ്വന്തം നിലയിൽ നടത്തിയത്. മോദി നൽകിയതെല്ലാം തങ്ങൾ ഉണ്ടാക്കിയതാണെന്ന് വീമ്പ് പറയുന്നു. സത്യം ജനത്തിനറിയാം. കോഴിക്കോട് കാണുന്ന വികസനമെല്ലാം നരേന്ദ്രമോദിയുടെ ഭരണകാലത്തുണ്ടായതാണ്. ദേശീയപാതാ വികസനം, മെഡിക്കൽ കോളേജ്, റെയിൽവേ സ്‌റ്റേഷൻ വികസനം, കോർപ്പറേഷനിലെ അമൃത് പദ്ധതി തുടങ്ങി എല്ലാം കേന്ദ്രപദ്ധതികളാണ്. ഇതൊക്കെ മുൻനിർത്തിയാവും പ്രചാരണം. കേരളത്തിലെ എട്ടു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നുണ്ട്. ദക്ഷിണ റെയിൽവേ 90 സ്റ്റേഷനുകളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇത് മോദി സർക്കാറിന്റെ നയമാണ്. ഇതൊക്കെ സ്വന്തം നേട്ടമായി അവകാശപ്പെടുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കുക.