
പേരാമ്പ്ര: കക്കയത്ത് കാട്ടുപോത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കണ്ണീരിൽ മുങ്ങി മലയോരം. ചൊവ്വാഴ്ച കൊല്ലപ്പെട്ടിട്ട് പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹംപോലും കിട്ടുന്നത് അനിശ്ചിതത്വത്തിൽ കിടക്കുമ്പോൾ അബ്രഹാമിന്റെ കുടുംബവും നാട്ടുകാരുമെല്ലാം തീരാവേദനയിലാണ്. കുടുംബത്തിനൊപ്പം നാടും നാട്ടുകാരുമെല്ലാം അണിനിരന്നപ്പോൾ കക്കയത്തും കൂരാച്ചുണ്ടിലുമെല്ലാം പ്രതിഷേധം അണപൊട്ടി. കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു. കട കമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു.
സ്വന്തം കൃഷിയിടത്തിൽ നിന്ന് പൊതിച്ച തേങ്ങ ചാക്കിലിട്ട് വീട്ടിലേക്ക് തിരിക്കവെ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് 70 കാരനായ കക്കയംപാലാട്ടിൽ അവറാച്ചനെന്ന അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിക്കുന്നത്. ശരീരത്തിന്റെ പിൻ ഭാഗത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് നിലത്തുവീണ അബ്രഹാമിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . അബ്രഹാമിന്റെ അപ്രതീക്ഷിത മരണം താങ്ങാൻ കഴിയാതെ കരച്ചിലടക്കി നിൽക്കുകയാണ് കക്കയം ഗ്രാമം . വീട്ടിനടുത്ത് 500 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ അക്രമം. അടിക്കടിയുണ്ടാകുന്ന കൃഷി നാശത്തിന് പിന്നാലെയാണ് ഭാര്യയും മൂന്ന് മക്കളുമുള്ള അബ്രഹാമിന്റെ ജീവൻ പൊലിയുന്നത് .
രണ്ടു മാസം മാസം മുമ്പ് മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ അക്രമത്തിൽ പെരുവണ്ണാമൂഴിയിൽ അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു. പ്രശ്നം ഗൗരവത്തിലെടുക്കണമെന്നും കൃഷിയിടങ്ങളുടെ സംരക്ഷണവും നഷ്ടപരിഹാരം നൽകാനുള്ള നടപടിയും ഇനി ദുരന്തം ആവർത്തിക്കാനുള്ള മുൻകരുതലുകളും കാടുകളുടെ സുരക്ഷയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുൻകൈയോടെ നടപ്പാക്കാൻ പദ്ധതി ആവിഷക്കരിച്ച് നടപ്പാക്കണമെന്നാണ് കർഷകരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെയുള്ള ജനങ്ങൾ ആവശ്യപ്പെടുന്നത് .
മലയോരത്തെ പിള്ള പെരുവണ്ണ, ചെമ്പനോട, പന്നിക്കോട്ടൂർ, കക്കയം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ലക്ഷങ്ങളുടെ കൃഷിനാശമാണ് ഒരോ വർഷവും ഉണ്ടാക്കുന്നത്. പലേരി, കൂത്താളി, ചങ്ങരോത്ത്, പന്തിരിക്കര മേഖലകളിലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായി .
കൂത്താളിയിൽ വളർത്തു മൃഗങ്ങൾക്കു നേരെയും കക്കയത്ത് ഉൾപ്പെടെ മനുഷ്യർക്ക് നേരെയും കാട്ടു ജീവികളുടെ ആക്രണമുണ്ടായി. ഒരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനശിക്കുന്നതിന് പിന്നാലെയാണ് കർഷകർക്കു നേരെ പാഞ്ഞടുക്കുന്ന കാട്ടു മൃഗങ്ങളുടെ ഭീഷണിയും ആശങ്കയുയർത്തുന്നത് .
'മലയോരത്ത് വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം. വനഭൂമിയും കൃഷിഭൂമിയും വേർതിരിച്ച് സംരക്ഷിക്കുകയും കർഷക കുടുംബങ്ങൾക്ക് സഹായ ധനവും, കൃഷി പരിപോഷണത്തിന്
പദ്ധതികളുമൊരുക്കണം'
ബിജു വിളയാട്ടൂർ
പരിസ്ഥിതി പ്രവർത്തകൻ
ഭക്ഷണവും വെള്ളവും ഒരുക്കി കാട്ടുജീവികൾക്ക് കാട്ടിൽ തന്നെ വസിക്കാനുള്ള സംവിധാനം ഉണ്ടാവണം . വനാതിർത്തികളിൽ ശക്തമായ സൗരവേലികൾ സ്ഥാപിക്കണം
എം.പി പ്രകാശ്
പൊതുപ്രവർത്തകൻ
വനം മന്ത്രിയുടെ ഓഫീസിന് പൊലീസ് സുരക്ഷ
കോഴിക്കോട്: കക്കയത്ത്കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ അബ്രഹാം മരിച്ചതിന്റെ പശ്ചാത്തലത്തിൽ മലയോരത്തെ പ്രതിഷേധം കണക്കിലെടുത്ത് വനംമന്ത്രിയുടെ നന്മണ്ട പതിമൂന്നിലെ ഓഫീസിന് മുമ്പിൽ കനത്ത പൊലീസ് സുരക്ഷ. ഇന്നലെ രാവിലെ മുതൽ കാക്കൂർ എസ്.എച്ച.ഒ ഫൈസലിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അബ്രഹാമിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് നന്മണ്ട വഴി കടന്നുപോകുമ്പോൾ പ്രതിഷേധമുണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.
പ്രതിഷേധം കടുത്തു, പോസ്റ്റ്മോർട്ടം മുടങ്ങി
കോഴിക്കോട്: അബ്രഹാമിനെ കുത്തിക്കൊന്ന കാട്ടുപോത്തിനെ കൊല്ലണമെന്ന ആവശ്യമുയർത്തി പ്രതിഷേധക്കാർ ഇൻക്വസ്റ്റ് നടപടികൾ തടഞ്ഞതോടെ മൃതദേഹം മോർച്ചറിയിൽ കിടന്നത് ഒന്നര ദിവസം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ ഒമ്പതോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കാനായിരുന്നു പൊലീസ് തീരുമാനം. ഇതിനായി കൂരാച്ചുണ്ട് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയ്ക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ അനുമതി നൽകാതിരുന്നതോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കാൻ സാധിച്ചില്ല. പ്രതിഷേധം കണക്കിലെടുത്ത് മൃദേഹം മോർച്ചറിയിലെത്തിച്ചത് മുതൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. രാവിലെ തന്നെ ജനപ്രതിനിധികളും കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം മെഡിക്കൽ കോളേജ് മോർച്ചറിയ്ക്ക് മുന്നിൽ എത്തിയിരുന്നു. മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ. കുടുംബാംഗങ്ങളും നാട്ടുകാരും ഉന്നയിച്ച ആവശ്യം അംഗീകരിച്ചതോടെ ഇന്ന് പോസ്റ്റുമോർട്ടം നടക്കും.
റോഡ് ഉപരോധം, സംഘർഷം, അറസ്റ്റ്
കോഴിക്കോട്: കക്കയത്ത് കർഷകൻ അബ്രഹാമിനെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും കർഷക സംഘടനകളും നാട്ടുകാരും കുടുംബാംഗങ്ങളും കളക്ടറേറ്റിനു മുന്നിൽ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ കളക്ടറുടെ ചേംബറിൽ നടന്ന രണ്ടുവട്ടചർച്ചയിലും കളക്ടർ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു ഉച്ചയോടെ സിവിൽ സ്റ്റേഷന് മുന്നിൽ വയനാട് റോഡ് ഉപരോധിച്ചത്. അരമണിക്കൂറോളം പ്രതിഷേധം തുടർന്നു. ഗതാഗതം പൂർണമായും തടസപ്പെട്ടു. സർക്കാരിനും വനം മന്ത്രി എ.കെ.ശശീന്ദ്രനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാരോട് റോഡിൽ നിന്ന് മാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിഷേധക്കാർ പ്രതിരോധിച്ചതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, കെ.എം.അഭിജിത്ത്, മഞ്ജുഷ് മാത്യു, നിജേഷ് അരവിന്ദ്, ഷാജർ അറഫാത്ത്, സജി കുഴുവേലി കൊല്ലപ്പെട്ട അബ്രഹാമിന്റെ മകൻ ജോബിഷ്, സഹോദരങ്ങളായ ജോണി, പൗലോസ്. ഉൾപ്പെടെ 32 പേരെ പൊലീസ് അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. പ്രതിഷേധം കണക്കിലെടുത്ത് സിവിൽ സ്റ്റേഷനിൽ ടൗൺ അസി.കമ്മിഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തിയിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നെങ്കിലും കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാതെ ഇൻക്വസ്റ്റുമായി സഹകരിക്കില്ലെന്ന് എബ്രഹാമിന്റെ കുടുംബം പൊലീസിനെയും കളക്ടറേയും അറിയിച്ചിരുന്നു.
പേരാമ്പ്ര: കക്കയത്ത് കാട്ടുപോത്തിന്റെ കത്തേറ്റ് കർഷകൻ അബ്രഹാം മരിച്ചതിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ടിൽ പ്രതിഷേധം ആളിക്കത്തി. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടർന്നു. വന്യമൃഗശല്യത്തിൽ പ്രതിസന്ധിയിലായ ഒരു നാടിന്റെ വൈകാരികത
പ്രതിഷേധമായി മാറുകയായിരുന്നു.
ഹർത്താൽ പൂർണം
പേരാമ്പ്ര : കക്കയത്ത് കർഷകൻ കാട്ടപോത്തിന്റെ കുത്തേറ്റ് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് എൽ.ഡി.എഫ്, എൻ.ഡി.എ എന്നിവർ കൂരാച്ചുണ്ട് പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം. .കൂരാച്ചുണ്ട് ടൗണിലും കരിയാത്തുംപാറ തോണിക്കടവ് മേഖലകളും പരിസരത്തുള്ള മുഴുവൻ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.