vote

കോഴിക്കോട്: പോരാട്ടച്ചൂടിലാണ് കടത്തനാട്. ചേകവൻമാരെ മാറി മാറി പരീക്ഷിച്ചിട്ടും മൂന്നുതവണയായി നഷ്ടപ്പെടുന്ന വടകര മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.എം നയിക്കുന്ന ഇടതുപക്ഷവും മണ്ഡലം അരക്കിട്ടുറപ്പിച്ച് കോട്ട ഭദ്രമാക്കാൻ യു.ഡി.എഫും നാട്ടുകാരനായ സ്ഥാനാർത്ഥിയെ ഇറക്കി പരമാവധി വോട്ട് പെട്ടിയിലാക്കാൻ ബി.ജെ.പിയും വീറും വാശിയുമായി അങ്കത്തട്ടിലിറങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ രാഷ്ട്രീയത്തിനപ്പുറത്ത് ടി.പി.ചന്ദ്രശേഖരന്റെ പാർട്ടിയായ ആർ.എം.പി.ഐ കൂടി കളം നിറഞ്ഞ് നിൽക്കുന്ന വടകരയിൽ ഇത്തവണ പോരാട്ടം പ്രവചനാതീതം.

എൽ.ഡി.എഫിന്റെ ഇത്തവണത്തെ പോരാളി കെ.കെ.ശൈലജയാണ്. കേരളമറിയുന്ന കെ.കെ.ശൈലജയെ ഉണ്ണിയാർച്ചയെന്ന വിശേഷണത്തോടെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. ഏതാണ്ടിപ്പോൾ മണ്ഡലത്തിന്റെ മുക്കും മൂലയും പിന്നിട്ട് അവർ ഒന്നാംഘട്ട പ്രചരണത്തിന്റെ അവസാനത്തിലാണ്. പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും കെ.മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രണ്ടാം വട്ട മത്സരത്തിനിറങ്ങുമ്പോൾ പ്രതാപത്തിന് ഒട്ടും മങ്ങലില്ല. കുടുംബ യോഗങ്ങളും ഉദ്ഘാടനങ്ങളുമായി മുരളീധരനും കളം നിറയുന്നുണ്ട്. എൻ.ഡി.എ പരീക്ഷിക്കുന്നത് പുതുമുഖത്തെ. പുതുമുഖമെന്നാൽ മണ്ഡലത്തിലെ താമസക്കാരനായ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ. വടകരയുടെ ഏതു കോണും കൈവെള്ളയിലുള്ള നേതാവ്. മൂവരും മണ്ഡലം നിറഞ്ഞോടുമ്പോൾ ജനവും ആവേശത്തിൽ.

വർഷങ്ങളോളം സി.പി.എം ഉരുക്കുകോട്ട കെട്ടി കാത്തുസൂക്ഷിച്ച വടകര ലോക്‌സഭാ മണ്ഡലം ഇപ്പോൾ കോൺഗ്രസിന്റെ കൈകളിലാണ്. 2004ലാണ് സി.പി.എമ്മിന്റെ അവസാന ജയം. അഡ്വ.പി. സതീദേവിയായിരുന്നു സ്ഥാനാർത്ഥി. ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് സതീദേവി നേടിയത്. 2009ആയതോടെ കഥ മാറി. ടി.പി.ചന്ദ്രശേഖരൻ പാർട്ടിവിട്ട് റവലൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുണ്ടാക്കി. സി.പി.എം ആടിയുലഞ്ഞു. സതീദേവി തന്നെ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീദേവിയെ തോൽപ്പിച്ചു. 2014ലും മുല്ലപ്പള്ളി നയിച്ചു. പ്രതിയോഗിയായി എ.എൻ.ഷംസീർ വന്നിട്ടും ഒന്നും നടന്നില്ല. 2019 ആയപ്പോൾ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ചപിടിക്കാൻ പി.ജയരാജനെ ഇറക്കി നോക്കി. പക്ഷെ കെ.മുരളീധരനുമുമ്പിൽ ജയരാജനും കാലിടറി. 2024ലെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഇടതുപക്ഷത്തിന് വടകരയിൽ ജീവൻമരണ പോരാട്ടമാണ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾക്കപ്പുറത്ത് ചന്ദ്രശേഖരൻ കേസിലെ ഇരട്ട ജീവപര്യന്തമുണ്ടാക്കിയ കോലഹലങ്ങളെപ്പോലും മറികടക്കണമെന്ന ഭഗീരഥ പ്രയത്‌നം. എല്ലാം കൊണ്ടും കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമാണിപ്പോൾ വടകര.

ഒന്നൊഴിച്ച് ആറും ഇടതുപക്ഷത്ത്

തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വടകര ലോക്‌സഭാ നിയോജകമണ്ഡലം. വടകര നിയമസഭാ മണ്ഡലം ഒഴിച്ച് ബാക്കിയെല്ലാം എൽ.ഡി.എഫിന്റേത്.

ഓരോ തിരഞ്ഞെടുപ്പിലും എൻ.ഡി.എ മുന്നോട്ട്

കോ-ലീ-ബി സഖ്യമൊക്കെ പഴങ്കഥ. 2009മുതൽ ബി.ജെ.പിയുടെ ഗ്രാഫ് മുകളിലോട്ടാണ്. ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത്തവണയും വലിയ ഗ്രാഫിൽ വോട്ട് വർദ്ധിക്കുമെന്ന് പ്രതീക്ഷ.

2019

കെ. മുരളീധരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്) 526755
പി. ജയരാജൻ (സി.പി.എം), എൽ.ഡി.എഫ് 442092
വി.കെ. സജീവൻ(ബി.ജെ.പി) എൻ.ഡി.എ 80128