k

വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് ഒരുകാലത്ത് കൗതുകവും അപൂർവ കാഴ്ചയുമായിരുന്നു. എന്നാൽ സമീപ കാലത്ത് മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി കൂട്ടമായും ഒറ്റതിരി ഞ്ഞും വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പേടീ സ്വപ്നമായിരിക്കുകയാണ്. ആദ്യമെല്ലാം കൃഷിയിടങ്ങളിലും പുരയിടങ്ങളിലും എത്തുന്ന മൃഗങ്ങൾ മനുഷ്യന്റെ അദ്ധ്വാനമായിരുന്നു ചവിട്ടിമെതിച്ചതെങ്കിൽ ഇപ്പോൾ ജീവൻ തന്നെ ഇല്ലാതാക്കുംവിധം അക്രമകാരികളായിരിക്കുകയാണ്.

കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിലും വയനാടിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വന്യ മൃഗങ്ങൾ വിതച്ച നാശത്തിന് കണക്കില്ല. ആന, കാട്ടുപോത്ത്, കാട്ടുപന്നി, കടുവ, കരടി തുടങ്ങി മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം നിത്യസംഭവമാണ്. ജീവനും സ്വത്തും സംരക്ഷിക്കാൻ ഇവിടുത്തെ ജനസമൂഹം പെടാപ്പാടിലാണ്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും കരുതൽ കൈവിട്ടുപോയാൽ ഏത് വന്യജീവിയുടെ ഇരയാണ് ആവുകയെന്നതിൽ ഒരു നിശ്ചയവുമില്ല. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ആനകൾ കൂട്ടമായെത്തി ചവിട്ടിമെതിച്ച അനുഭവങ്ങളുണ്ട്.

കടമെടുത്തും കൈവായ്പ വാങ്ങിയും ജീവിതം കോർത്തെടുക്കാൻ മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകനെ കണ്ണിരിലാക്കുകയാണ് വന്യജീവികൾ. കൃഷി ഉപേക്ഷിച്ച് കൃഷിയിടം തരിശിട്ട എത്രയോ കർഷകർ മലയോരത്തുണ്ട്. വീടൊഴിഞ്ഞുപോയവരുണ്ട്. വീട്ടിൽ ഭീതിയോടെ കഴിയുന്നവരുണ്ട്. നിരവധി കർഷകരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. കൃഷിയിടത്തിൽ പോയവർ തിരിച്ചുവരാതിരിക്കുന്നു. കാടുകയറുന്ന സഞ്ചാരികൾ കണ്ടെത്തുന്ന എത്രയോ അസ്ഥികൂടങ്ങൾ. നിലവിളിക്കാനുള്ള സാവകാശം കിട്ടിയില്ലെ ങ്കിൽ കാട്ടുമൃഗങ്ങളുടെ ഭക്ഷണമാവുകയാണ് മനുഷ്യരും വളർത്തുമൃഗങ്ങളും.

കഴിഞ്ഞ ദിവസമാണ് കേരളം ഏറെ ചർച്ചചെയ്ത വന്യജീവി ആക്രമണം കോഴിക്കോട് ഉണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ കക്കയം ഡാം സൈറ്റിനോട് ചേർന്ന പ്രദേശത്ത് അബ്രഹാം എന്ന കർഷകനെ കാട്ടുപോത്ത് കുത്തിക്കൊല്ലുകയായിരുന്നു. പുരയിടത്തിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെയുള്ള മലഞ്ചെരുവിലെ കശുവണ്ടി തോട്ടത്തിൽ രാവിലെ പോയതായിരുന്നു അബ്രഹാം. കശുവണ്ടിയും കൃഷിയിടത്തിൽ നിന്ന് തേങ്ങയും ശേഖരിച്ച് തിരിച്ചുവരും വഴി കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് സമീപത്തെ വീടുകളിലുള്ളവർ സ്ഥലത്തെത്തുമ്പോഴേക്കും നെഞ്ചിനും കഴുത്തിനും കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഇടതുവാരിയെല്ല് പൂർണമായും തകർന്ന അബ്രഹാം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പേ മരിച്ചു.

വലിയ പ്രതിഷേധത്തിനാണ് തുടർന്നുള്ള ദിവസങ്ങളിൽ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാതെ ഇൻക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്ന് ബന്ധുക്കളും പ്രദേശവാസികളും ശഠിച്ചതോടെ പോസ്റ്റ്മോർട്ടം അനിശ്ചിതത്വത്തിലായി. മൃതദേഹം മെഡിക്കൽ കോളേജിലെത്തുമ്പോഴേക്കും വിഷയം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം നൽകണം, കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ ഉത്തരവിടണം, ആശ്രിതർക്ക് സർക്കാർ ജോലി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണിക്കൂറുകളോളമാണ് മൃതദേഹവുമായി പ്രതിഷേധിച്ചത്. ഒടുവിൽ കളക്ടർ ഇടപെട്ടതോടെ പ്രതിഷേധത്തിന് ശമനമുണ്ടായെങ്കിലും പോസ്റ്റുമോർട്ടം മുടങ്ങി. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാതെ ഇൻക്വസ്റ്റ് വേണ്ടെന്ന നിലപാടിൽ ബന്ധുക്കളും പ്രദേശവാസികളും ഉറച്ചുനിന്നതോടെ അടുത്ത ദിവസവും പോസ്റ്റുമോർട്ടം നടന്നില്ല.

അതിനിടെ രണ്ടുവട്ടം പ്രതിഷേധക്കാരുമായി കളക്ടർ ചർച്ച നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ പലതും കളക്ടർ തള്ളിയതോടെ ചർച്ച അലസി. പ്രതിഷേധം തെരുവിലെത്തി. സിവിൽ സ്റ്റേഷൻ പരിസരം പിന്നീട് യുദ്ധക്കളമായി. രാത്രിയോടെ അബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ തിരിച്ചറിഞ്ഞാൽ വെടിവച്ചുകൊല്ലാമെന്ന ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ ഉത്തരവ് ഇറങ്ങി. തൊട്ടുപിന്നാലെ കുടുംബാംഗങ്ങളുമായി വീണ്ടും കളക്ടറുടെ ചർച്ച. ഫെൻസിംഗ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം. നഷ്ടപരിഹാരമായി 10 ലക്ഷം കൈമാറാനും ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും ഉറപ്പുലഭിച്ചതോടെയാണ് അബ്രഹാമിന്റെ സംസ്കാര നടപടികളുമായി ബന്ധുക്കൾ മുന്നോട്ടുപോയത്.

സമാന സംഭവങ്ങൾ

മുൻപും

ഇതേ സംഭവങ്ങൾ നേരത്തെ വയനാട്ടിലും ഉണ്ടായിട്ടുണ്ട്. പുല്ലരിയാൻ പോയ കർഷകനെ കടുവ കൊന്നു തിന്നു. ഫോറസ്റ്റ് വാർഡനെ കാട്ടാന ചവിട്ടികൊന്നതാണ് ഒടുവിലെ സംഭവം. മനുഷ്യനുനേരെ വന്യമൃഗങ്ങൾ ഓരോ ദിവസവും പാഞ്ഞടുക്കുമ്പോൾ നഷ്ടപരിഹാരത്തിനപ്പുറം വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാതിരിക്കാൻ എന്ത് ശാസ്ത്രീയ പരിഹാരം എന്ന ചോദ്യം ഇപ്പോഴും ഉത്തരംമുട്ടി നിൽക്കുകയാണ്. വന്യമൃഗങ്ങളെ തുരത്താൻഫെൻ സിംഗ് എന്ന ചുട്ടുവിദ്യയിൽ ചുറ്റിത്തിരിയുന്ന വനംവകുപ്പിന് ശാസ്ത്രീയവും ശാശ്വതവുമായി മറ്റ് മാർഗങ്ങളൊന്നും അവലംബിക്കാൻ കഴിയുന്നില്ല. ആക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലുകയെന്ന എളുപ്പ വഴി സ്വീകരിച്ചാൽ എത്ര മൃഗങ്ങളെ ഇങ്ങനെ കൊല്ലേണ്ടിവരും.

നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ തകരാറില്ലാക്കുന്ന അശാസ്ത്രീയ സമീപനങ്ങൾ തിരുത്തി മൃഗങ്ങൾക്ക് അവരുടെ ലോകവും മനുഷ്യന് മനുഷ്യന്റെ ലോകവും വേർതിരിച്ചുനൽകാനുള്ള ശാസ്ത്രീയവും കർശനവുമായ സംവിധാനങ്ങൾ ആലോചിക്കണം. മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമ്പോഴല്ല, നഷ്ടപരിഹാരം വാങ്ങേണ്ടുന്ന സ്ഥിതിവരാതെ മനുഷ്യജീവനുകളെ സംരക്ഷിക്കുമ്പോഴാണ് ഭരണകൂടം വിജയിക്കുന്നത്.