padmaja-venugopal

""പത്മജ എന്റെ സഹോദരിയാണ്. അതു ഞാൻ തള്ളിപ്പറയുന്നില്ല. പക്ഷേ, ഈ നിർണായക ഘട്ടത്തിൽ അവരുടെ ബി.ജെ.പിയിലേക്കുള്ള പോക്ക് കെ. കരുണാകരനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള കൊടും ചതിയാണ്. അത് ഏത് മഷിയിട്ടെഴുതിയതാണെങ്കിലും മായ്ച്ചാൽ മായില്ല... ""സഹോദരി പത്മജ വേണുഗോപാൽ ഒട്ടും നിനയ്ക്കാതെ ബി.ജെ.പിയിലേക്ക് പ്രവേശിച്ചതിനെക്കുറിച്ച് കെ.മുരളീധരൻ കേരള കൗമുദിയോട് പറഞ്ഞു.

 പ്രതീക്ഷിച്ചിരുന്നോ ഈ മാറ്റം..?

കഴിഞ്ഞ ദിവസങ്ങളിലും സംസാരിച്ചിരുന്നതാണ് പത്മജയോട്. ഇത്തരമൊരു

കൊടുംചതിയെ കുറിച്ച് ഒരു സൂചനയും നൽകിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഇടപെടുമായിരുന്നു.

 പത്മജയുമായി ഇനിയൊരു ബന്ധവുമില്ലെന്ന്

തീർത്തു പറഞ്ഞോ..?

എന്താണ് സംശയം. കെ.കരുണാകരന്റെ വീട്ടിൽ ഒരു സംഘിക്കും സ്ഥാനമില്ല. അച്ഛനെ സംസ്‌കരിക്കുമ്പോൾ പുതപ്പിച്ചത് കോൺഗ്രസിന്റെ ത്രിവർണ പതാകയാണ്. ആ ശവകുടീരത്തിന്റെ ഏഴയലത്തുപോലും സംഘിക്ക് സ്ഥാനമില്ല.

 പലവട്ടം പാർട്ടി മാറിയ ഏട്ടൻ തള്ളിപ്പറഞ്ഞത്

വേദനയുണ്ടാക്കിയെന്ന് പത്മജ പറഞ്ഞു...?

ഞാൻ പാർട്ടി മാറിയിട്ടുണ്ട്. പക്ഷേ അതൊന്നും സംഘപരിവാറിനൊപ്പമായിരുന്നില്ല. കോൺഗ്രസുകാർക്ക് സി.പി.എമ്മിലോ, മറ്റ് പാർട്ടികളിലോ പോകാം. പക്ഷേ സംഘപരിവാറിലേക്ക് സാദ്ധ്യമല്ല. എന്റെ ഭാഗത്തു നിന്ന് മരണം വരെ അങ്ങനെയൊരു മാറ്റമുണ്ടാവില്ല.

 സഹോദരൻ മത്സര രംഗത്താണെന്നത് മറക്കാൻ മാത്രം

പ്രശ്‌നങ്ങൾ കോൺഗ്രസിലുണ്ടായോ..?

നിർണായകമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോഴാണ് പത്മജയുടെ മാറ്റം. ആളുകൾ ചോദിക്കുന്നത് ആന്റണിയുടെ മകനും പോയില്ലേ എന്നാണ്. പക്ഷേ അനിൽ ആന്റണിപോയത് തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോഴല്ല. എന്നാൽ പത്മജ പോയത് താൻ വടകരയിൽ രണ്ടാം വട്ടവും ഇറങ്ങുകയാണെന്ന് അറിഞ്ഞുകൊണ്ടാണ്. അതാണ് വ്യക്തിപരമായ പ്രയാസം.

 പത്മജയുടെ കൂടുമാറ്റം മുരളീധരന്റെ ജയത്തെ ബാധിക്കുമോ...?

വ്യക്തിപരമായ സങ്കടം മാത്രമാണ് പങ്കുവച്ചത്. രാഷ്ട്രീയമായി എടുത്താൽ എന്നെ ബാധിക്കില്ലെന്ന് മാത്രമല്ല കേരളത്തിൽ ഒരോളവുമുണ്ടാക്കില്ല. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള സീറ്റുകളിൽ പോലും അത് തിരിച്ചടിയാവും. പത്മജയ്ക്ക് ഇക്കാലമത്രയും കോൺഗ്രസ് നൽകിയത് നേരത്തെ പാർട്ടി ജയിച്ച സീറ്റുകളാണ്. അത് കെ.കരുണാകരനോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും പേരിൽ. എന്നിട്ടും അവിടെയൊന്നും അവർക്ക് ജയിക്കാനാവാതെപോയത് പാർട്ടിയുടെ കുറ്റമല്ല. പാർട്ടി അവർക്ക് എന്ത് സ്ഥാനമാണ് കൊടുക്കാതിരുന്നത്, എല്ലാം കൊടുത്തു.

 ഇ.ഡി.യെ പേടിച്ചാണ് ബി.ജെ.പിയിലേക്കുള്ള

കൂടുമാറ്റമെന്ന് ബിന്ദുകൃഷ്ണയടക്കം പറയുന്നു..?

അതെനിക്കറിയില്ല. ഇ.ഡിയെ പേടിച്ച് നടക്കുന്ന കുടുംബമല്ല കെ.കരുണാകരന്റെത്. ഏത് ഇ.ഡിക്കും എപ്പോഴും ഞങ്ങളുടെ കുടുംബത്തിലേക്ക് കയറിവരാം. ഇവിടെ ഒന്നും ഒളിക്കാനില്ല.

 ഒരു ദിവസം കെ.മുരളീധരനും ബി.ജെ.പിയിലേക്ക്

വരുമെന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്..?

മുരളീധരന് ബി.ജെ.പിയിലേക്ക് പോകണമെങ്കിൽ എന്നേ ആവാമായിരുന്നു. കോൺഗ്രസിന്റെ പതാക പുതപ്പിച്ച് മയങ്ങിയ അച്ഛന്റെ മകനാണ് ഞാൻ. അവസാന ശ്വാസംവരെ ഒരു പോരാട്ടമുണ്ടെങ്കിൽ അത് ബി.ജെ.പിക്കെതിരായിട്ടാണ്. ആ പരിപ്പിവിടെ വേവില്ല.