കോഴിക്കോട്ടും വടകരയിലും തിരഞ്ഞെടുപ്പ് ചൂടുപിടിച്ചു. യു.ഡി.എഫ് ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും വടകരയിൽ കെ.മുരളീധരനും കോഴിക്കോട്ട് എം.കെ.രാഘവനും മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. വടകരയിൽ പത്തിനും കോഴിക്കോട്ട് ഒമ്പതിനുമാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ.
കെ.മുരളീധരനാണ് വടകരയിലെ സ്ഥാനാർത്ഥി. സഹോദരി പത്മജ വേണുഗോപാലിന്റെ കൂടുമാറൽ മത്സരത്തെ ബാധിക്കുമോ...?
പ്രതീക്ഷിക്കാതെയുള്ള പത്മജയുടെ ബി.ജെ.പിയിലേക്കുള്ള പോക്ക് അങ്കലാപ്പിലാക്കിയെന്നുള്ളത് സത്യമാണ്. പക്ഷെ അതൊന്നും മുരളീധരന്റെ വിജയത്തെ ബാധിക്കില്ല. സംഘിയായ സഹോദരിയുമായി ഇനി ബന്ധമൊന്നുമില്ലെന്ന്. മുരളീധരൻ അതിവൈകാരികമായി വ്യക്തമാക്കിയിട്ടുണ്ട്. അത് വടകരയിലേയും കോഴിക്കോട്ടേയും യു.ഡി.എഫ് പ്രവർത്തകർക്ക് വിശേഷിച്ച് ലീഗ് അണികൾക്ക് ബോധ്യമാവും.
സമസ്തയെ പേടിയുണ്ടോ, അവർ വോട്ട് മറിക്കുമോ...?
സമസ്തയുടെ വോട്ട് മറിയുമെന്ന ഭയമൊന്നും ലീഗിനില്ല. അവരെന്നും ലീഗിനൊപ്പമാണ്. എക്കാലത്തും സമസ്ത മുസ്ലിം ലീഗിന്റെ ഉറച്ച വോട്ട് ബാങ്കാണ്. മറ്റ് ചർച്ചകളും വിവാദങ്ങളും മാദ്ധ്യമങ്ങളുണ്ടാക്കുന്നതാണ്. ചെറിയ ആശങ്കകളുണ്ടാവുമ്പോൾ ചർച്ച നടത്തി പരിഹരിക്കുന്നുണ്ട്.
എന്താണ് വടകരയിലേയും കോഴിക്കോട്ടേയും വിജയ പ്രതീക്ഷ..?
ഇടതുസർക്കാരിന്റെ ദുർഭരണവും അഴിമതിയും കെടുകാര്യസ്ഥതയും കൊലപാതക രാഷ്ട്രീയവുമാണ് കോഴിക്കോട് ജില്ലയിലെ പ്രചരണായുധം. രണ്ട് തവണ ഇടതുപക്ഷം ജയിച്ചു കയറിയെങ്കിലും എന്ത് സംഭാവനയാണ് കേരളത്തിനായി അവർ നൽകിയത്. കൊവിഡും അതിന് പിന്നാലെയുള്ള കിറ്റ് വിതരണവുമാണ് ഇടതുപക്ഷം രണ്ടാം ടേമിലേക്ക് ആയുധമാക്കിയത്. ശരിയായ രീതിയിൽ അന്ന് അതിനെ പ്രതിരോധിക്കാൻ യു.ഡി.എഫിനായില്ല. വീണ്ടും അധികാരത്തിൽ വന്നപ്പോൾ എന്താണ് സംഭവിച്ചത്. തീർത്തും ദുർഭരണം. വടകരയിൽ ടി.പി.ചന്ദ്രശേഖരനും ഷുക്കൂറുമെല്ലാം ചർച്ച ചെയ്യപ്പെടും. ഒപ്പം സിദ്ധാർത്ഥിന്റെ ദാരുണ മരണവും. കൊവിഡ്കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പി.പി.ഇ കിറ്റ് വിതരണത്തിലെ അഴിമതിയും പരിശോധിക്കപ്പെടും.
കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല, ഈ വൈകൽ വിജയത്തെ ബാധിക്കില്ലേ..?
സ്ഥാനാർതികളെ നേരത്തെ പ്രഖ്യാപിച്ചാൽ പ്രചാരണത്തിന് കൂടുതൽ സമയം കിട്ടും. പിന്നെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കാലങ്ങളിലെല്ലാം ഇങ്ങനെയാണ്. അതുകൊണ്ടുതന്നെ വിജയത്തെ അതൊന്നും ബാധിക്കില്ല.
മുസ്ലിം ലീഗ് സംഘടനാപരമായി സജ്ജമാണോ..?
കോഴിക്കോട്ടും വടകരയിലും ലീഗ് കോട്ടകളെല്ലാം ഭദ്രമാണ്. ലോകസഭാതെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്ന നാളുമുതൽ അരയും തലയും മുറുക്കി യു.ഡി.എഫ് സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ ലീഗ് പ്രവർത്തകരും നേതാക്കളും രംഗത്തുണ്ട്. വിജയം സുനിശ്ചിതം എന്ന് മാത്രമല്ല, ഭൂരിപക്ഷം കൂടുകയും ചെയ്യും.