dddd
കുപ്പിവെള്ളം

കോഴിക്കോട്: കനത്ത വെയിലിൽ ദാഹിച്ച് വലയുമ്പോൾ കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം നടത്തുകയോ വിൽപ്പന നടത്തുകയോ ചെയ്യരുത്.

കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശുദ്ധജലം, ശീതള പാനീയങ്ങൾ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കി ഇടുന്നത് അപകടകരമാണ്.

 വില്ലൻ പോളി എത്തിലീൻ ടെറഫ് താലേറ്റ്

പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികൾ നിർമ്മിക്കുന്നത്. ചില സമയങ്ങളിൽ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ രാസവസ്തുക്കളും ഇതിനൊപ്പം ചേർക്കുന്ന സാഹചര്യവുമുണ്ട്. കുപ്പിവെള്ളം വെയിലത്ത് വെക്കുമ്പോൾ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതിൽ വെള്ളത്തിൽ അലിഞ്ഞിറങ്ങാൻ സാഹചര്യമുണ്ട്. വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതരമായ രോഗങ്ങൾക്ക് വഴിയൊരുക്കും. കുപ്പിയുടെ പുറത്ത് പോളി എത്തിലീൻ ഉപയോഗിച്ചുള്ള ലേബൽ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോൾ പശയും നേരിയ തോതിൽ വെള്ളത്തിൽ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.

 പരിശോധന ശക്തം

കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുന്നതിനുള്ള കർശന പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നത്. അഞ്ചു സ്‌ക്വാഡുകളായാണ് പരിശോധന. നിലവിൽ 160 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെയിലത്ത് തുറന്നിട്ട രീതിയിൽ കുപ്പി വെള്ളം സൂക്ഷിച്ച 10 സ്ഥാപനങ്ങൾക്ക് വെള്ളം പരിശോധിക്കാൻ നോട്ടീസ് നൽകി. തുറന്നിട്ട വാഹനത്തിൽ വെയിൽ കൊള്ളുന്ന രീതിയിൽ കുപ്പി വെള്ളം കൊണ്ടുപോയതിന് രണ്ടു വാഹനങ്ങൾക്ക് പിഴ ഈടാക്കി. മേയ്‌ 31 വരെ പരിശോധന തുടരും.

 ശ്രദ്ധിക്കാം

1. തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ള വിതരണത്തിനായി കൊണ്ടുപോകരുത്

2. കുപ്പിവെള്ളം തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോൾ വെയിലേൽക്കരുത്

3. വെയിലെത്തു പാർക്ക്ചെയ്ത കാറുകളിൽ കുപ്പിവെള്ളം സൂക്ഷിക്കാൻ പാടില്ല

4. കുപ്പിവെള്ളത്തിൽ ഐ.എസ്‌.ഐ മുദ്ര‌‌യുണ്ടോ എന്ന് ഉറപ്പു വരുത്തണം

5.കടകളിൽ വെയിൽ ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കരുത്

 പരാതികൾക്ക് ;1800 425 1125

''വെയിൽ ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.'' സക്കീർ ഹുസെെൻ, അസി.കമ്മിഷണർ , ഭക്ഷ്യസുരക്ഷ ഓഫീസർ