മുന്നണികളുടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ കോഴിക്കോട്ടും വടകരയിലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുകയാണ്. മണ്ഡലങ്ങളിൽ ഇരു മുന്നണിയുടെയും വിജയസാദ്ധ്യതയിൽ ഘടകകക്ഷികളുടെ നിലപാടുകൾക്ക് നിർണായക പങ്കുണ്ട്. മാറിമറയുന്ന രാഷ്ട്രീയ സാഹചര്യം തിരഞ്ഞെടുപ്പ് വിജയത്തെ പലവിധത്തിൽ സ്വാധീനിച്ച മണ്ഡലങ്ങളാണ് കോഴിക്കോടും വടകരയും.
ചന്ദ്രൻ കുളങ്ങര
ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി
2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ
പ്രാധാന്യം എങ്ങനെ വിലയിരുത്താം ?
ഇന്ത്യ മതേതര രാജ്യമായി നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. പൗരത്വ ഭേദഗതി ബില്ലോടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ ഭീതിയിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും അവർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പൂർണമായും അദാനിക്കും അംബാനിക്കും എന്തും ചെയ്യാനുള്ള അവസരം സൃഷ്ടിക്കുക വഴി ഇന്ത്യയിലെ പാവപ്പെട്ടവർ ദരിദ്രരായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മതേതര പാർട്ടികൾ യോജിച്ച് ഇന്ത്യാ മുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പത്മജയുടെ രാഷ്ട്രീയ കൂടുമാറ്റവും വടകരയിലെ സ്ഥാനാർത്ഥിമാറ്റവും
യു.ഡി.എഫിന് വിജയ സാദ്ധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമോ ?
പത്മജയുടെ കൂടുമാറ്റം കോൺഗ്രസിന് ക്ഷീണമുണ്ടാക്കില്ല. വർഷങ്ങളായി സംഘടനാ രംഗത്ത് അവരെ കാണാൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ പത്മജ ഒരു വിഷയമല്ല. അത് ബി.ജെ.പിക്ക് തത്ക്കാലം പ്രചാരണത്തിന് ഉപകരിക്കുമെന്നതൊഴിച്ചാൽ ഒരുമാറ്റവും ഉണ്ടാവില്ല. തിരഞ്ഞെടുപ്പിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യുക. അത് ജനങ്ങളിൽ എത്തിക്കാൻ യു.ഡി.എഫ് പ്രവർത്തിക്കേണ്ടതുണ്ട്.
രണ്ട് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് കരുത്തരായ സ്ഥാനാർത്ഥികളാണ്,
യു.ഡി.എഫിന്റെ വിജയ പ്രതീക്ഷ?
ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിക്കുമെന്നകാര്യത്തിൽ സംശയമില്ല. കോഴിക്കോട് എം.കെ.രാഘവനും വടകരയിൽ കെ.മുരളീധരനും നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തും. നേരത്തെ എളമരം കരീമും കെ.കെ.ശൈലജയും മന്ത്രിയായിരുന്ന സമയത്ത് നടത്തിയ അഴിമതിയൊക്കെ ചർച്ച ചെയ്യപ്പെടും. വടകര മണ്ഡലത്തിൽ അല്ലാത്ത സ്ഥാനാർത്ഥികളെയും വിജയിപ്പിച്ച ചരിത്രമാണ് വടകരയുടേത്. ജയകീയ വിഷയങ്ങളായിരിക്കും തിരഞ്ഞെടുപ്പിൽ ചർച്ചയാവുക.
ജില്ല നേരിടുന്ന പ്രശ്നങ്ങളും
പരിഹാര നിർദ്ദേശങ്ങളും?
ജില്ലയിൽ മിക്ക വ്യവസായ സ്ഥാപനങ്ങളും പൂട്ടിക്കിടക്കുകയാണ്. മാവൂർ ഗ്വാളിയോർ റയൺസ് ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കണം. പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങണം. തീരദേശത്തും മലയോര മേഖലയിലും പുതിയ വ്യവസായ സംരംഭങ്ങൾ വരണം. കർഷകർക്ക് അവരുടെ വിളകൾക്ക് താങ്ങുവില വർദ്ധിപ്പിച്ച് അത് നിലനിർത്താൻ കഴിയുന്ന രൂപത്തിൽ പുതിയ പദ്ധതികൾ രൂപീകരിക്കണം.
ആർ.എം.പി യു.ഡി.എഫിന്റെ ഭാഗമായില്ലേ,
വോട്ടുകൾ നിർണായകമാവുന്നതെങ്ങനെ?
ആർ.എം.പിയുടെ വോട്ട് നിർണായകമാണ്. പാർട്ടി രൂപീകരിച്ചതു മുതൽ സ്വീകരിച്ച നിലപാടാണ്, വടകരയിൽ എം.എൽ.എ വന്നതും ഈ നിലപാടിന്റെ ഭാഗമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് കേരളം ഏറ്റെടുത്തതാണ്. അതുതന്നെയാണ് ഇത്തവണയും നടക്കാൻ പോകുന്നത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും ടി.പി കേസിൽ ഇപ്പോഴത്തെ ഹൈക്കോടതി വിധിയും ചർച്ച ചെയ്യപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.