കോഴിക്കോട് : വിശുദ്ധ റംസാൻ ആത്മസംസ്‌കരണമാണ് ഉദ്‌ഘോഷിക്കുന്നതെന്നും ഇതിലൂടെ ധാർമികമൂല്യങ്ങളുടെ വീണ്ടെടുപ്പിനായി യത്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് പറഞ്ഞു. റംസാൻ വിശുദ്ധിയുടെ കർമസാഫല്യം എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റംസാൻ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണവും കാമ്പയിൻ കൺവീനർ ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പ്രമേയ പ്രഭാഷണവും നടത്തി.