fish
fish

കോഴിക്കോട്: കത്തുന്ന വെയിലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതോടെ തീരമേഖല വറുതിയുടെ പിടിയിൽ. കേരളത്തീരത്ത് ചൂട് കൂടിയതോടെ തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് മത്സ്യസമ്പത്ത് കുറയാൻ കാരണം. കഴിഞ്ഞ രണ്ട് മാസമായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഇന്ധനച്ചെലവ് പോലും കിട്ടാത്തതിനാൽ ബേപ്പൂർ, പുതിയാപ്പ ഹാർബറുകളിൽ നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളുമാണ് കടലിൽ പോകാതെ തീരത്ത് തന്നെയുള്ളത്. വലിയ ബോട്ടുകൾ ഇടയ്ക്ക് പോകുമെങ്കിലും കാര്യമായി മീൻ ലഭിക്കാറില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ കഷ്ടപ്പെടുകയാണ് മത്സ്യത്തൊഴിലാളികൾ. ചൂണ്ടപ്പണി ലക്ഷ്യമിട്ട് വിരലിലെണ്ണാവുന്ന ബോട്ടുകാർ മാത്രമാണ് ഇപ്പോൾ മീൻപിടിത്തത്തിനു പോകുന്നത്.

സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. എന്നാലിപ്പോൾ ഫെബ്രുവരിയായിട്ടും വേണ്ടത്ര മത്സ്യലഭ്യതയില്ല. കേരള തീരത്ത് സുലഭമായിരുന്ന ചെറുമീനുകളായ മത്തി, അയല, മാന്തൾ, എന്നിവ ലഭിക്കാനില്ല. ഇടയ്ക്ക് അയിലയും ചാളയും ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വീണ്ടും ഇടിഞ്ഞു. കേര, ചൂര, നെയ്മീൻ എന്നിവയുടെ ലഭ്യതയും ഇടിഞ്ഞിട്ടുണ്ട്. വലയെറിഞ്ഞിട്ടും മീൻ കിട്ടാതെ ആയതോടെ പലരും മറ്റു ജോലികൾ അന്വേഷിച്ചു തുടങ്ങി. മീൻലഭ്യത കുറഞ്ഞതോടെ ഹാർബറുകളിൽ നിന്നുള്ള കയറ്റുമതിയും നാലിലൊന്നായി കുറഞ്ഞു.

@ പിടയ്ക്കുന്ന വില

ട്രോളിംഗ് നിരോധനം മുന്നിൽ കണ്ട് വ്യാപാരികൾ സ്റ്റോക്ക് ചെയ്തതും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുമായ മത്സ്യങ്ങളാണ് വിപണിയിലുള്ളത്. അതുകൊണ്ട് തന്നെ പൊള്ളുന്ന വിലായണ് മത്സ്യങ്ങൾക്കിപ്പോൾ. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്കിപ്പോൾ കൂടുതലായി മീനുകളെത്തുന്നത്. അതേസമയം ചൂട് കൂടിയതോടെ മത്സ്യങ്ങൾ എളുപ്പത്തിൽ കേടായിപ്പോകാതിരിക്കാൻ വിവിധതരം രാസവസ്തുക്കൾ ചേർത്തുള്ള മത്സ്യങ്ങളും വിപണിയിലെത്തുന്നുണ്ട്.

ഇനം, വില(കിലോയ്ക്ക്)

അയല : 250-300

നെയ്മീൻ: 500-600

ചൂര : 250-300

ചെമ്മീൻ- 400-450

മത്തി (ഒമാൻ)-200-300

അയക്കൂറ-800-900

''ചൂട് കൂടിയതോടെ പുറത്ത് നിന്നുള്ള മീൻ വരവ് കൂടി. ഇത്തരത്തിൽ എത്തുന്ന മീനുകളിൽ ഐസ് കൃത്യമായി ഇടാത്തതിനാൽ അഴുകുന്നതായുള്ള പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്''- സക്കീർ ഹുസെെൻ,

അസി.കമ്മിഷണർ

ഭക്ഷ്യസുരക്ഷ വകുപ്പ്

''നഷ്ടത്തിലായ മത്സ്യമേഖലയെ രക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണം''

കരിച്ചാലി പ്രേമൻ,

സംസ്ഥാന വെെസ് പ്രസിഡന്റ്

ഓൾ കേരള പ്രെെവറ്റ്ബോട്ട് ഓപ്പറേറ്റേഴ്സ് അസോ.