
കോഴിക്കോട്: പത്മജയ്ക്ക് ബി.ജെ.പിയിലേക്ക് വഴിയൊരുക്കിയത് ലോക്‌നാഥ് ബെഹ്റയാണെന്നുള്ളതിന്റെ വ്യക്തമായ വിവരം തങ്ങൾക്ക് ലഭിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. അധികാരക്കൊതിയുള്ളവരാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. കോൺഗ്രസ് പ്രത്യയ ശാസ്ത്രം ഒരിക്കലും ബി.ജെ.പിയുമായി സന്ധിചെയ്തിട്ടില്ല.
ഇത്തവണ ബി.ജെ.പിക്ക് രണ്ടു പൂജ്യമാണ് ലഭിക്കാൻ പോകുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് പഴത്തൊലിയുടെ പ്രസക്തിയേയുള്ളൂ. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചത് ദൂരൂഹമാണ്. കേരളത്തിൽ ഒരു മാസത്തിനിടെ 10 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനംമന്ത്രി മയക്കുവെടിയേറ്റപോലെ മയങ്ങിക്കിടക്കുയാണെന്നും അദ്ദേഹം പരിഹസിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ജയന്ത്, കെ.പി.നൗഷാദ് അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.