വടകര : യു.ഡി.എഫ് സ്ഥാനാർത്ഥിയായി വടകരയിലെത്തിയ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെ വരവേറ്റത് ജനസാഗരം. ഇന്നലെ വൈകീട്ട് പുതിയ സ്റ്റാൻഡിൽ നിന്ന് യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ കേന്ദ്രമായ കോട്ടപ്പറമ്പിലേക്ക് ഷാഫി പറമ്പിലിനെ ആയിരങ്ങൾ ആനയിക്കുകയായിരുന്നു. പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കോൺഗ്രസ്, മുസ്ലീംലീഗ്, ആർ.എം.പി.ഐ പ്രവർത്തകർ കൊടികളുയർത്തി ഷാഫിയെ വടകരയിലേക്ക് സ്വാഗതം ചെയ്തു. കാവടിയാട്ടം, ശിങ്കാരിമേളം, കോൽക്കളി, ദഫ്മുട്ട് എന്നിവ സ്വീകരണത്തിന്റെ മാറ്റുകൂട്ടി. ഷാഫിയുടെ കട്ടൗട്ടുകളും ബോർഡുകളും കൊടികളും വീശിയായിരുന്നു വരവേൽപ്പ്.
തുറന്ന ജീപ്പിൽ ഷാഫി പറമ്പിലും നേതാക്കളും ജനങ്ങൾക്കിടയിലൂടെ നീങ്ങാൻ ഏറെ ബുദ്ധിമുട്ടി. കെ.കെ.രമ, രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി.ബൽറാം, ടി.സിദ്ദീഖ്, പി.സി.വിഷ്ണുനാഥ്, പി.കെ.ഫിറോസ്, കെ.പ്രവീൺകുമാർ, എം.കെ.രാഘവൻ, പാറക്കൽ അബ്ദുള്ള എന്നിവർക്കൊപ്പം നീങ്ങിയ ഷാഫിയെ പ്രവർത്തകർ പൂമാലയിട്ടും മുദ്രാവാക്യംവിളിച്ചും വരവേറ്റു. വൈകുന്നേരം നാലിന് എത്തുമെന്നറിയിച്ചതിനാൽ മൂന്ന് മണിക്കേ പുതിയ സ്റ്റാൻഡ് പരിസരം യു.ഡി.എഫ് പ്രവർത്തകരാൽ നിറഞ്ഞിരുന്നു. സമയം പിന്നിടുന്തോറും നഗരം ജനബാഹുല്യത്താൽ വീർപ്പുമുട്ടി. ആറു മണിയോടെയാണ് ഷാഫിയും നേതാക്കളും വടകര തൊട്ടത്. ഇതോടെ പ്രവർത്തകർ ഇളകിമറിയുകയായിരുന്നു. പ്രവർത്തകരെ ആവേശംകൊള്ളിച്ചുകൊണ്ട് ഷാഫി പറമ്പിൽ മുദ്രാവാക്യം വിളിച്ചു. യു.ഡി.എഫ് സിന്ദാബാദെന്നും വടകര വിട്ടുതരില്ലെന്നും ഷാഫി മുദ്രാവാക്യം വിളിച്ചപ്പോൾ പ്രവർത്തകർ ആവേശഭരിതരായി.