@ ദിവസവാടക 100- 2250
സൗകര്യങ്ങൾ
@ ഡോർമെറ്ററി മുതൽ എ.സി ഡീലക്സ് മുറി വരെ
@ മിതമായ നിരക്കിൽ ഭക്ഷണം
നടത്തിപ്പ് ചുമതല
@ കുടുംബശ്രീ
@ ഓൺലൈനായി ബുക്കിംഗിന്
- www.shehomes.in, shelodge@shehomes.in
കോഴിക്കോട്: നഗരത്തിലെത്തുന്ന വനിതകൾ ഇനി താമസിക്കാൻ ഇടമില്ലാതെ അലയേണ്ട. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാൻ കോർപ്പറേഷന്റെ ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും സജ്ജം. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ ഷീ ലോഡ്ജിൽ ഡോർമെറ്ററി മുതൽ എ.സി ഡീലക്സ് മുറിവരെയുണ്ട്. മുറികളുടെ സൗകര്യമനുസരിച്ച് 100 രൂപ മുതൽ 2250 രൂപ വരെയാണ് ദിവസ വാടക. സാമ്പത്തിക സ്ഥിതിയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. മിതമായ നിരക്കിൽ ഭക്ഷണവും ലഭിക്കും.
മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ രണ്ടു പേർക്ക് വീതം താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളും നാല് പേർക്ക് താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭക്ഷണവും ഹോസ്റ്റലിൽ ലഭിക്കും. കുടുംബശ്രീ യൂണിറ്റുകളായ ഷീ വേൾഡ്, സാഫല്യം അയൽക്കൂട്ടം എന്നിവർക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല. ഷീ ലോഡ്ജിന്റെയും ഹോസ്റ്റലിന്റെയും പ്രവേശനോദ്ഘാടനം ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.സി രാജൻ, പി. ദിവാകരൻ, പി.കെ നാസർ, ഡോ. എസ് .ജയശ്രീ, കൃഷ്ണകുമാരി, സി രേഖ തുടങ്ങിയവർ പങ്കെടുത്തു.
'കോർപ്പറേഷന്റെ മാതൃകാപരമായ പദ്ധതിയാണ്. താമസിക്കുന്നവരുടെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം കൂടി ഒരുക്കണം' ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.