 
കോഴിക്കോട്: പല നാടുകളിൽ പല ഊരുകളിൽ പാർക്കുന്ന ഗോത്രജനതയുടെ ജീവിതത്തെക്കുറിച്ചറിയാൻ ഗോത്രത്ത നിമയുടെ വൈവിദ്ധ്യങ്ങൾ മനസിലാക്കാൻ ചേവായൂർ കിർത്താഡ്‌സിൽ ‘നെറ തിങ്ക’യ്ക്ക് ഇന്ന് തുടക്കമാകും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന മേള പട്ടികജാതി -വർഗ- ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഗോത്രസംസ്കാരങ്ങളുടെ അടയാളപ്പെടുത്തലുകളുമായിട്ടാണ് കിർത്താഡ്‌സിൽ നെറ തിങ്ക ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള പട്ടികവർഗ സമുദായാംഗങ്ങളാണ് കിർത്താഡ്‌സിൽ എത്തിയിട്ടുള്ളത്.
തദ്ദേശീയ രുചിക്കൂട്ടുകൾ, വൈദ്യവിജ്ഞാനം, പത്തോളം തദ്ദേശീയ വൈദ്യന്മാരും ആവിക്കുളിയും മേളയുടെ ആകർഷണങ്ങളാണ്. പാലക്കാട്, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ടീമുകളാണ് ഇത്തവണ നെറ തിങ്കയിൽ ഭക്ഷ്യ സ്റ്റാളുകൾ ഒരുക്കുന്നത്. കീരപ്പൊരി, തേനട, വനസുന്ദരി തുടങ്ങിയ പാലക്കാടൻ അട്ടപ്പാടി വിഭവങ്ങൾക്കൊപ്പം പറണ്ടക്കായ പായസം, പറണ്ടക്കായ കുഞ്ഞി, കന്ന ഉപ്പുമാവ് തുടങ്ങിയ അഗസ്ത്യാർ കൂട വിഭവങ്ങൾ, കൂടാതെ കെല്ലിപ്പിട്ട്, കാരക്കുണ്ട് അപ്പം തുടങ്ങിയ വയനാടൻ രുചിവിഭവങ്ങളും മേളയിൽ ഉണ്ട്. വിവിധ നൃത്തരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള കലാമേളയും അരങ്ങേറും.
തദ്ദേശീയ എഴുത്തുകാരുടെ സാഹിത്യസംഗമമാണ് മേളയിലെ പ്രധാന ആകർഷണം. എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവുമുണ്ടാകും. വൈകിട്ട് ആറു മുതൽ ഏഴുവരെയാണ് സാഹിത്യ സംഗമം. മേള 18 ന് സമാപിക്കും. വാർത്താ സമ്മേളനത്തിൽ കിർത്താഡ്‌സ് ഡയറക്ടർ ഡോ.എസ് .ബിന്ദു, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് കുമാർ കെ.എസ്, സീന .കെ.എസ് എന്നിവർ പങ്കെടുത്തു.