plaza
plaza

കോഴിക്കോട്: കിഡ്സൺ കോർണറിൽ പാർക്കിംഗ് പ്ലാസ പണിയാൻ ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല. താത്ക്കാലിക കടമുറികളുടെ നിർമ്മാണം പാതിവഴിയിലായതോടെ വ്യാപാരം ഇപ്പോഴും തെരുവിൽ. കടമുറികളുടെ നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പ്രവൃത്തി ഇഴയുകയാണ്. നേരത്തെ പാർക്കിംഗിനായി ഉപയോഗിച്ച സ്ഥലം കടമുറി പണിയാൻ കോർപ്പറേഷൻ ഏറ്റെടുത്തതോടെ വാഹനങ്ങളുമായി നഗരത്തിലെത്തുന്നവരും നെട്ടോട്ടത്തിലാണ്. വർഷങ്ങളായി ഇരുചക്രവാഹനം ഉൾപ്പെടെ നിർത്തിയിടാൻ ഉപയോഗിച്ചതായിരുന്നു ഈ സ്ഥലം.

കടമുറികളുടെ പ്രവൃത്തി നീളുന്നതിൽ വ്യാപാരികളും പാർക്കിംഗ് തടഞ്ഞുള്ള നിർമ്മാണത്തിനെ തിരെ വാഹനയാത്രക്കാരും ഒരുപോലെ പ്രതിഷേധത്തിലാണ്.

@ കോർപ്പറേഷൻ വാക്കുപാലിച്ചില്ല
മിഠായിത്തെരുവിൽ നിന്ന് ഒഴിപ്പിച്ച വ്യാപാരികളിൽ നാലുപേർക്ക് മാത്രമാണ് കോംട്രസ്റ്റിന് സമീപം താത്കാലിക കട ഒരുങ്ങുന്നത്. അതേസമയം മറ്റുള്ളവരുടെ കാര്യത്തിൽ ഒരു നടപടിയുമില്ല. നാലെണ്ണം ഇവിടെയും ശേഷിക്കുന്നത് പി.എം. താജ്‌റോഡിലും നിർമ്മിക്കാനായിരുന്നു തീരുമാനിച്ചത്. ഇതിനായി കോർപ്പറേഷൻ 27 ലക്ഷം രൂപ നീക്കിവെയ്ക്കുകയും ചെയ്തു. കോംട്രസ്റ്റിന് സമീപത്തെ പണിപൂർത്തിയായാൽ പി എം താജ്‌റോഡിലെ കടകൾ പൊളിച്ചുമാറ്റി നിർമ്മാണം ആരംഭിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. കോംട്രസ്റ്റ് പരിസരത്തെ കടമുറികളുടെ പ്രവൃത്തി നീളുന്നതിനാൽ താജ്‌റോഡിലെ കടകളുടെ നിർമ്മാണവും നീളും. 12 കടകളായിരുന്നു പൊളിച്ച സത്രം ബിൽഡിൽ ഉണ്ടായിരുന്നത്. ഒന്നര വർഷം കൊണ്ടു പാർക്കിംഗ് പ്ലാസ നിർമ്മാണം പൂർത്തീകരിച്ച് വ്യാപാരികൾക്കു താഴെ ഭാഗം തിരിച്ചുനൽകുമെന്ന കോർപ്പറേഷന്റെ ഉറപ്പിലാണ് വ്യാപാരികൾ കഴിഞ്ഞ മാർച്ചിൽ കെട്ടിടങ്ങൾ ഒഴിഞ്ഞത്. എത്രയും പെട്ടെന്ന് 12 വ്യാപാരികൾക്ക് താത്കാലികമായി കെട്ടിടം നിർമ്മിച്ചു നൽകുമെന്ന കോർപ്പറേഷന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല.

@ സുരക്ഷയില്ല സൗകര്യവും

നിർമ്മിക്കുന്ന താത്ക്കാലിക കടമുറികൾ മെഡിക്കൽ ഷോപ്പ്, ജുവലറി എന്നിവയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കച്ചവടക്കാർക്ക് ആവശ്യമായ സൗകര്യവും സുരക്ഷയും ഇവിടെയില്ല. നേരത്തെ ഇവിടെ കോർപ്പറേഷന്റെ അനുമതിയോടെ വ്യാപാരികൾ 30 ലക്ഷം രൂപ മുടക്കി ആറ് മുറിയുള്ള കോൺക്രീറ്റ് കട നിർമ്മിച്ചിരുന്നു. പിന്നീട് അനധികൃതമെന്ന് കാണിച്ച് കോർപ്പറേഷൻ പൊളിച്ചുമാറ്റി. ഇവിടെ കച്ചവടം നടത്തിയിരുന്ന വ്യാപാരികൾക്കായി പി.എം താജ്‌റോഡിൽ ശുചിമുറിയോട് ചേർന്ന് എട്ട് കടമുറികളും സെൻട്രൽ ലൈബ്രറിക്ക് എതിർവശത്ത് നാല് കടകളും നിർമ്മിക്കാൻ അനുമതി നൽകി. താത്കാലിക കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കരാറുകാരൻ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്.

''കടമുറികളിൽ വൈദ്യുതീകരണം നടന്നു കൊണ്ടിരിക്കുകയാണ്. പ്രവൃത്തി വൈകാതെ പൂർത്തീകരിച്ച് കെട്ടിടം തുറന്ന് നൽകും''- പി.സി രാജൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.