പ്രതികരണവുമായി സ്ഥാനാർത്ഥികൾ
കോഴിക്കോട്: വികസനവും വികസനമില്ലായ്മയും പെൻഷനും റാഗിംഗും വന്യമൃഗ ആക്രമണവുമെല്ലാം ചർച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇന്നലെ നിറഞ്ഞുനിന്നത് പൗരത്വ ഭേദഗതിനിയമം. ഇടതുവലത് മുന്നണി സ്ഥാനാർത്ഥികൾ പൗരത്വ നിയമം നടപ്പാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന ആരോപണമുയർത്തിയാണ് എൻ.ഡി.എ പ്രചാരണം കൊഴുപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നിയമം നടപ്പാക്കിയതിൽ ആദ്യം കരുതലോടെയാണ് ഇടതുവലത് മുന്നണി നേതാക്കളും സ്ഥാനാർത്ഥികളും പ്രതികരിച്ചത്. യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളോടെയായിരുന്നു തുടക്കം. എന്നാൽ ഇത് തിരഞ്ഞെടുപ്പിൽ ആഴത്തിൽ സ്വാധീനം ചെലുത്തുമെന്ന സൂചന ലഭിച്ചതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ മുഖ്യപ്രചാരണ വിഷയമാക്കി.
കോഴിക്കോട് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ. രാഘവൻ പൗരത്വഭേദഗതിയിൽ പ്രതികരണവുമായി രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബി.ജെ.പിയുടെ ധ്രുവീകരണ ആയുധം മാത്രമാണെന്നും മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും പാരമ്പര്യത്തിനും കളങ്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം എം.പിയും ബി.ജെ.പിയുടേത് ഭിന്നിപ്പുണ്ടാക്കാനുള്ള അജണ്ടായാണെന്ന് ആരോപിച്ച് രംഗത്തെത്തി. ബില്ലിനെതിരെ ചില കോൺഗ്രസ് എം.പിമാർ വോട്ടുചെയ്തില്ലെന്നും ഇടതുപക്ഷമാണ് ശക്തമായ നിലപാടെടുത്തതെന്നും എളമരം കരീം പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ആദ്യ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഈ വിഭാഗീയ വിജ്ഞാപനത്തെ ഒരുമിച്ച് നിന്ന് എതിർക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ പൗരത്വത്തിന് മതം മാനദണ്ഡമാകരുതെന്നും ഷാഫി പറഞ്ഞു. നിയമത്തിനെതിരെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ തലശ്ശേരിൽ വൻ നൈറ്റ് മാർച്ചും നടത്തി.
പൗരത്വനിയമഭേദഗതി നടപ്പാക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ലെന്നും ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ അവസാന നിമിഷം വരെയും പോരാടുമെന്നും വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ പറഞ്ഞു.
പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പിലാക്കില്ലെന്ന് പറയുന്നത് ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണെന്ന് വടകര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. ആർ. പ്രഫുൽ കൃഷ്ണ പറഞ്ഞു. കോൺഗ്രസും മുസ്ലിം ലീഗും പിന്തുടരുന്ന പ്രീണന രാഷ്ട്രീയവും വിഭജന രാഷ്ട്രീയവും ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.