kidavu
നെട്ടൂർ.പി.ദാമോദരൻ, കുഞ്ഞിരാമൻ കിടാവ്‌

കോഴിക്കോട്: വർഷങ്ങൾ എത്ര കഴിഞ്ഞാലും ചില തിരഞ്ഞെടുപ്പ് ഓർമ്മകളുടെ ശേഷിപ്പുകൾ ബാക്കിയുണ്ടാവും. കേരളം വാശിയേറിയൊരു ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കാലുനീട്ടി നിൽക്കുമ്പോൾ 72 വർഷം മുമ്പത്തെ ചില ഓർമ്മകളിലേക്ക് പോവുകയാണ്. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെല്ലിച്ചേരിയിൽ (തലശേരി) നിന്ന് ഒന്നാം ലോക്സഭയിൽ അംഗമായ സ്വതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായ നെട്ടൂർ പി. ദാമോദരൻ, പ്രേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്ന് മദിരാശി നിയമസഭയിലേക്ക് മത്സരിച്ച കോഴിക്കോട് നടുവണ്ണൂർ പള്ളിയിൽ കുഞ്ഞിരാമൻ കിടാവ്. ഇരുവരും മത്സരിച്ചത് കിസാൻ മസ്ദൂർ പ്രജാ പാർട്ടിയിൽ. രണ്ടുപേരും ഒന്നിച്ച് വോട്ട് പിടിച്ച പ്രചാരണ നോട്ടീസിൽ നിന്നാണ് ഓർമ്മകളുടെ തുടക്കം.

ഇരുവരും ചേർന്ന് വോട്ടുപിടിക്കാനുള്ള നോട്ടീസ് ഇങ്ങനെ തുടങ്ങുന്നു.
'1952 ജനുവരി 16ന് ബുധനാഴ്ച നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പ്രജാപാർട്ടി സ്ഥാനാർത്ഥികളായ ഞങ്ങൾക്ക് (പള്ളിയിൽ കുഞ്ഞിരാമൻ കിടാവ്, മദിരാശി അസംബ്ലി സ്ഥാനാർത്ഥി. നെട്ടൂർ പി.ദാമോദരൻ പാർലമെന്റ് സ്ഥാനാർത്ഥി) കുടിലിന്റെ അടയാളമുള്ള പെട്ടിയിൽ പോളിംഗ് സ്റ്റേഷനിൽ വന്ന് വോട്ടു ചെയ്തും എല്ലാ സഹകരണങ്ങളും ചെയ്ത് വിജയിപ്പിച്ചുതരുവാൻ അപേക്ഷ." നോട്ടീസിൽ രേഖപ്പെടുത്തിയ തീയതി 20-12-51.

തലശേരി ലോക‌്സഭ മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ സ്ഥാനാർത്ഥിയായ നെട്ടൂർ പി.ദാമോദരൻ ലോക‌്സഭയിലേക്കും അതേ പാർട്ടിക്ക് കീഴിൽ മത്സരിച്ച കുഞ്ഞിരാമൻകിടാവ് നിയമസഭയിലേക്കും ജയിച്ചു. അന്നത്തെ പ്രജാപാർട്ടിയാണ് പിന്നീട് പ്രജാസോഷ്യലിസ്റ്റ് പാർട്ടിയായും പിന്നീട് ഇടതുപക്ഷത്തെ വിവിധ സോഷ്യലിസ്റ്റ് പാർട്ടികളുമായും രൂപാന്തരം പ്രാപിച്ചത്. കുഞ്ഞിരാമൻ കിടാവ് പിന്നീട് 1967ൽ ഇ.എം.എസ് മന്ത്രിസഭയിലേക്ക് കൊയിലാണ്ടിയിൽ നിന്നു ജയിച്ചു. രാഷ്ട്രീയത്തിനൊപ്പം പത്രപ്രവർത്തനവും സാമൂഹിക പ്രവർത്തനവും ശീലമാക്കിയ നെട്ടൂർ പി. ദാമോദരൻ സ്വാതന്ത്ര്യസമരകാലത്ത് ജയിൽവാസമടക്കം അനുഭവിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അദ്ദേഹത്തെ പിന്നാക്ക വിഭാഗ സംവരണ കമ്മിഷൻ ചെയർമാനായി നിയമിച്ചു. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന 1970ലെ നെട്ടൂർ കമ്മിഷൻ റിപ്പോർട്ട് കേരളത്തിൽ പിന്നീട് നിരവധി രാഷ്ട്രീയ പോരാട്ടങ്ങൾക്കും കാരണമായി. ഇന്ന് കണ്ണൂർ മണ്ഡലത്തിന്റെ ഭാഗമെങ്കിലും അന്ന് തലശേരിയിലെ ആദ്യ ലോക‌്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയി എന്ന ഖ്യാതി നെട്ടൂരിനും കേരള സംസ്ഥാനത്തിന്റെ പേരിലായിരുന്നില്ലെങ്കിലും പേരാമ്പ്ര നിയമസഭ മണ്ഡലത്തിലെ ആദ്യ എം.എൽ.എ എന്ന ഖ്യാതി കുഞ്ഞിരാമൻ കിടാവിനും സ്വന്തം.