ramesh
ramesh

കോഴിക്കോട്: പൗരത്വനിയമം രാജ്യത്തെ ഒരു പൗരനും എതിരല്ലെന്നിരിക്കെ നിയമത്തെ സംബന്ധിച്ച് വേണ്ടത്ര ബോദ്ധ്യമില്ലാത്ത മുസ്ലീംസമൂഹത്തിൽ ഭീതി ജനിപ്പിച്ച് ഭൂരിപക്ഷസമൂഹവുമായി കപാലത്തിന് സി.പി.എം കോൺഗ്രസ് നേതാക്കൾ ശ്രമിക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എംടി രമേശ്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഹീനമായ ശ്രമത്തിൽ നിന്നും ഈ നേതാക്കൾ പിൻമാറണം. അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങൾക്ക് ഉത്തരവാദികൾ അവർ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരത്വഭേദഗതി നിയമം ഈ രാജ്യത്ത് ജീവിക്കുന്ന ഒരു പൗരനും ബാധകമല്ലാതിരിക്കെ മുസ്ലീം വിരുദ്ധമാക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടി പറയണം. ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതംബാധകമല്ലെന്നിരിക്കെയാണ് മുസ്ലീങ്ങൾക്കെതിരാണെന്ന ഇവരുടെ പ്രചാരണമെന്നും രമേശ് പറഞ്ഞു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്താനിലും ബംഗ്ലാദേശിലും മതവിവേചനമനുഭവിക്കുന്ന ഹിന്ദു, സിഖ്, പാർസി, ക്രിസ്ത്യൻ, ബുദ്ധ,ജൈന മതവിഭാഗങ്ങൾക്ക് പൗരത്വം കൊടുക്കുന്ന നിയമത്തോട് മനുഷ്യത്വവിരുദ്ധസമീപനമാണ് വി.ഡി സതീശനും പിണറായി വിജയനും കാണിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് സാമ്പത്തികകാരണമല്ലാതെയെത്തുന്ന അഭയാർത്ഥികൾക്ക് പൗരത്വം നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടത് സി.പി.എമ്മും കോൺഗ്രസുമാണ്. ഈ ന്യൂനപക്ഷമതവിഭാഗങ്ങൾ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മതവിവേചനം അനുഭവിക്കുന്നുവെന്ന് കണ്ടെത്തിയത് ബി.ജെ.പിയല്ല, ഐക്യരാഷ്ട്രസഭയാണ്. അംഗരാജ്യങ്ങൾ ഇവർക്ക് നിയമപരിരക്ഷ നൽകണമെന്നും യു.എൻ പ്രമേയത്തിൽ പറയുന്നു. അംഗരാജ്യമെന്ന നിലയിലാണ് ഭാരതം സംരക്ഷണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.