poly
poly

 വെസ്റ്റ്ഹിൽ പോളിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ്

കോഴിക്കോട്: ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾക്കെല്ലാം വിട നൽകി നന്നായി പഠിച്ച് മിടുക്കരായ വെസ്റ്റ് ഹിൽ ഗവ. പോളി ടെക്നിക് കോളേജിലെ 15 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് രാജ്യത്തെ മികച്ച കമ്പനികളിൽ പ്ലേസ്മെന്റ്. കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ കോഴ്സ് (ഹിയറിംഗ് ഇമ്പയേർഡ്) അവസാന വർഷ ബാച്ചിലെ 15 വിദ്യാർത്ഥികൾക്കാണ് ആറ് മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം പ്ലേസ്‌മെന്റ് ലഭിച്ചത്.

ബംഗളൂരുവിലെ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനും (എൻ.ടി.ടി.എഫ്) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) ചേർന്നാണ് സംസാരശേഷിയില്ലാത്തതും കേൾവിക്കുറവുള്ളതുമായ 15 വിദ്യാർത്ഥികൾക്ക് ഓയിൽ ഗ്യാസ് ഫീൽഡിൽ ആറ് മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം ജോലി വാഗ്ദാനം ചെയ്തത്. മറ്റ് 30 വിദ്യാർത്ഥികൾക്കും ഇതേ ഓഫർ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഭിന്നശേഷി ബാച്ചിലെ 10 പേർ മൾട്ടി നാഷണൽ കമ്പനികളിൽ ജോലിക്ക് കയറിയിരുന്നു.

 പഠനത്തിന് പിറകെ ജോലി

പഠനത്തിന് പിറകെ ജോലിയും ഉറപ്പുവരുത്തിയാണ് വെസ്റ്റ്ഹിൽ പോളിടെക്നിക്ക് കോളേജ് മാതൃക തീർക്കുന്നത്. മൂന്ന് വർഷത്തെ കോഴ്സിന് ശേഷം ഉന്നത പഠനത്തിനും ജോലിക്കും ഇന്റേൺഷിപ്പിനുമുള്ള അവസരം നൽകി കുട്ടികളെ ജീവിതത്തിലെ ഉയർന്ന തലങ്ങളിലേക്ക് അദ്ധ്യാപകർ കൈപിടിച്ചുയർത്തുകയാണ്.

 ഭിന്നശേഷിക്കാർക്കായി സ്പെഷ്യൽ ക്ലാസ് ആരംഭിച്ചത് 2012 മുതൽ

2012 ലാണ് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി സ്‌പെഷ്യൽ ക്ലാസ് ആരംഭിച്ചത്. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ നിന്നായി 49 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 80 ശതമാനത്തിന് മുകളിൽ കേൾവിക്കുറവുള്ള കുട്ടികൾക്കാണ് പ്രവേശനം. അദ്ധ്യാപകർ, ലാബ് അറ്റൻഡർ, ഇന്റർപ്രട്ടർ ഉൾപ്പെടെ ഒമ്പത് പേരാണ് ജീവനക്കാരായുള്ളത്.

""കേൾവിക്കുറവും സംസാരശേഷിയുമില്ലാത്തതിനാൽ പഠനം പൂർത്തിയായാലും വിദ്യാർത്ഥികളെ ജോലിക്കെടുക്കാൻ പലരും വിമുഖത കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ പ്ലേസ്‌മെന്റ് ഓപ്ഷനിലൂടെ കുട്ടികൾക്ക് ജോലി ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്""

ഡോ. ജൗഹർ അലി

വകുപ്പ് മേധാവി

""ഇപ്പോൾ കമ്പ്യൂട്ടർ എൻജിനീയറിംഗ് (എച്ച്.ഐ) കോഴ്സിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കോഴ്സിന് സ്വീകാര്യത ഏറി വരുന്നതാണ് സീറ്റുകളുടെ ആറിരട്ടിയോളം അപേക്ഷകൾ വരാൻ കാരണം. വിദ്യാർത്ഥികൾക്ക് മികച്ച പഠനം ലഭ്യമാക്കുന്നതിനായി അദ്ധ്യാപകർക്ക് പരിശീലനം ഉൾപ്പെടെ നൽകിവരുന്നുണ്ട്. ""

പി.കെ. അബ്ദുൾ സലാം

പോളിടെക്നിക് പ്രിൻസിപ്പൽ

 ഈ വർഷം പ്ലേസ്മെന്റ് ലഭിച്ചത് - 15 പേർക്ക്

 കഴിഞ്ഞ വർഷം - 13

@ സ്പെഷ്യൽ ബാച്ചുകളുള്ള മറ്റ് പോളി ടെക്നിക്കുകൾ

കളമശ്ശേരി പോളിടെക്നിക്

തിരുവനന്തപുരം വനിതാ പോളിടെക്നിക്