കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പ്രധാന പ്രചാരണ വിഷയമായതോടെ ജില്ലയുടെ വിവിധ ഇടങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. യു.ഡി.എഫ് ഇന്നലെ രാത്രി ഒമ്പതോടെ ജില്ലയിലെ സ്ഥാനാർത്ഥികളായ എം.കെ. രാഘവൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ വൻ നൈറ്ര് മാർച്ച് നടത്തി. ലീഗ് ഹൗസിൽ നിന്ന് ബീച്ചിലേക്കായിരുന്നു റാലി.
അതേസമയം കേന്ദ്രസർക്കാരിനെതിരെ ഇടതുവലതു മുന്നണികൾ ഉയർത്തുന്ന പ്രതിഷേധത്തിനെതിരെ എൻ.ഡി.എയും രംഗത്തെത്തി. കോഴിക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് ആഞ്ഞടിച്ചു. ഹിന്ദു - ക്രിസ്ത്യൻ വിഭാഗത്തോട് സി.പി.എമ്മും കോൺഗ്രസും കാണിക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടാണെന്ന് എം.ടി. രമേശ് പറഞ്ഞു.
വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലം കൺവെൻഷനുകളാണ് പൂർത്തിയാക്കിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ഇന്നലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി, ചൊക്ലി എന്നിവിടങ്ങളിലാണ് പ്രചാരണം നടത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ ഇന്നലെ മണ്ഡലത്തിൽ പ്രചാരണം നടത്തിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച എം.കെ. രാഘവൻ എം.പി ഇന്നലെ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രചാരണത്തിൽ സജീവമായി. ബാലുശ്ശേരി, എലത്തൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു പ്രചാരണം. ഇന്നലെ രാത്രി ഒമ്പതിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച മാർച്ചിന് നേതൃത്വം നൽകി. എലത്തൂർ മണ്ഡലത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം ഇന്നലെ പ്രചാരണം നടത്തിയത്. കക്കോടി, ഒളോപ്പാറ എന്നിവിടങ്ങളിൽ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി.