 
@ജില്ലാ തല ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: കുട്ടികളേ, പരാതി വേണ്ട. സ്കൂൾ തുറക്കും മുമ്പ് പാഠപുസ്തകങ്ങൾ കെെകളിലെത്തും. വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടി പൂർത്തിയാക്കിയ 13 ലക്ഷം പുസ്തകങ്ങളാണ് ജില്ലാ ഹബ്ബായ വെള്ളിമാട് കുന്ന് എൻ.ജി.ഒ ക്വാട്ടേഴ്സ് സ്കൂളിൽ എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയിലെ 333 സൊസൈറ്റികളിലേക്ക് കുടുംബശ്രീ പ്രവർത്തകർ മുഖേന പുസ്തകങ്ങൾ എത്തിക്കുന്നത്. പുസ്തകങ്ങൾ തരം തിരിക്കാനും കയറ്റി അയക്കാനുമായി ജില്ലാ കുടുംബശ്രീ 27 പേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിപ്പോയിൽ എത്തിയ പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റി അയക്കുന്നത്. ജില്ലയിൽ ആകെ 37 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്യണ്ടത്.
പാഠപുസ്തകങ്ങൾ സെമസ്റ്റർ തിരിച്ച് അച്ചടിച്ച് ലഭ്യമാക്കുന്നത് കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം തോളിലേന്തുന്ന പുസ്തകങ്ങളുടെ ആകെ ഭാരം. സെമസ്റ്റർ അടിസ്ഥാനമാകുമ്പോൾ ചുമക്കുന്ന ഭാരത്തിലും അനുസൃതമായ കുറവ് പ്രകടമാകും.
@ വിതരണം ചെയ്തത് നാല് ലക്ഷം
സിലബസിൽ മാറ്റം വരാത്ത രണ്ട്, നാല്, ആറ്, എട്ട്,പത്ത് ക്ലാസുകളിലായി നാല് ലക്ഷം പാഠപുസ്തകങ്ങൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്ത് കഴിഞ്ഞു. ദിവസേന 50000 മുതൽ ഒരു ലക്ഷം വരെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. 80 ഓളം സൊസെെറ്റികളിൽ പുസ്തകം ഇതിനോടകം എത്തി. ആദ്യഘട്ട വിതരണം മാർച്ച് അവസാന വാരത്തോടെ പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ സിലബസ് മാറി പുതിയ പുസ്തകങ്ങളായി പരിഷ്‌കരിച്ച 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകവിതരണം ഏപ്രിൽ ആദ്യ വാരത്തോടെ നടക്കും.
@ആകെ - 37 ലക്ഷം പുസ്തകങ്ങൾ
@ആദ്യഘട്ടത്തിൽ -13 ലക്ഷം
@വിതരണം ചെയ്തത്- നാല് ലക്ഷം
@ജില്ലയിലെ സ്കൂളുകൾ- 1300
ഏപ്രിൽ അവസാന വാരത്തോടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കുള്ള പുസ്തകവിതരണം പൂർത്തിയാക്കും
ബിജേഷ്
ജില്ലാ പോഗ്രാം മാനേജർ
കുടുംബശ്രീ