gokulam

കോഴിക്കോട്: നിർണായക മത്സരത്തിൽ ഐസ്വാൾ എഫ്.സിയെ തകർത്ത് ഗോകുലം കേരള എഫ്.സി ഐ ലീഗിൽ രണ്ടാമതായി. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 4-3ന്റെ തകർപ്പൻ ജയമാണ് ഗോകുലം കുറിച്ചത്. ഗോകുലത്തിനായി ബബോവിക് ഇരട്ടഗോളും ജൊനാഥൻ വിയേര, നിക്കോള എന്നിവർ ഓരോ ഗോളും നേടി. 29, 65 മിനിട്ടുകളിലായിരുന്നു ബബോവിക്കിന്റെ ഗോളുകൾ, 43ാം മിനിട്ടിൽ നിക്കോളയും 70ാം മിനിട്ടിൽ വിയേരയും വലകുലുക്കി.

സ്വന്തം മൈതാനത്ത് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം തകർപ്പൻ വിജയം നേടിയത്. 20ാം മിനിട്ടിൽ വാൻലാൽവുൻകയിലൂടെ ഗോകുലത്തെ ഞട്ടിച്ച് ഐസ്വാളാണ് ആദ്യം മുന്നിലെത്തിയത്. രണ്ട് ഗോളടിച്ച് ഗോകുലം മുന്നിലെത്തിയ ഗോകുലത്തിന് തിരിച്ചടിയായി. 45ാം മിനിട്ടിൽ ഗോകുലം പ്രതിരോധ താരം അഖിൽ പ്രവീണിന്റെ ഓൺഗോളിലൂടെ ഐസ്വാൾ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഗോകുലം രണ്ട് ഗോൾ കൂടി നേടി വിജയം ഉറപ്പിച്ചു. 84ാം മിനിട്ടിൽ ലാൽലിൻസുവാലയുടെ ഗോളിലൂടെ ഐസ്വാൾ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഗോകുലം 4-3ന് വിജയം സ്വന്തമാക്കി. വിജയത്തോടെ 20 കളികളിൽ നിന്ന് 36 പോയിന്റ് നേടി ഗോകുലം മുഹമ്മദൻസിന് പിന്നിൽ രണ്ടാമതെത്തി. 19 കളികളിൽ നിന്ന് 44 പോയിന്റാണ് ഒന്നാം സ്ഥാനക്കാർക്കുള്ളത്. 18 കളികളിൽ നിന്ന് 21 പോയിന്റ് മാത്രമുള്ള ഐസ്വാൾ പത്താമതാണ്. ലീഗിൽ അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ ഗോകുലത്തിന് ആശ്വാസം പകരുന്നതാണ് ഇന്നലത്തെ വിജയം.