shafi
shafi

 പൗരത്വഭേദഗതി നിയമത്തിൽ രാഷ്ട്രീയപ്പോര്

കോഴിക്കോട് : നിരവധി പ്രവർത്തകരെ അണിനിരത്തിയ കൺവെൻഷനുകളും പൗരത്വഭേദഗതി നിയമത്തിനെതിരായ മാർച്ചും പ്രതിഷേധവുമെല്ലാമായി പ്രചാരണം കനക്കുന്നു. കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ എം.പിയും വടകര മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എം.എൽ.എയും കൺവെൻഷനുകളുമായി പ്രചാരണത്തിൽ നിറഞ്ഞു. കോഴിക്കോട്ടെ എൻ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. രമേശിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇന്ന് നടന്നു. വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൈറ്റ് മാർച്ച് നടത്തി.

രാവിലെ കുന്ദമംഗലം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. അഡ്വ .ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി കൊടുവള്ളി നിയോജകമണ്ഡലം കൺവെൻഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം ഇന്നലെ സൗഹൃദ സന്ദർശനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് നിർവഹിച്ചു. പൗരത്വ ഭേദഗതി നിയമവും ഇ.പി. ജയരാജന്റെ പ്രസ്താവനയും മുൻ നിറുത്തിയായിരുന്നു എൻ.ഡി.എയുടെ പ്രചാരണം.

വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ കൊയിലാണ്ടിയിൽ പ്രചാരണം നടത്തി. കൊയിലാണ്ടി കോടതി, താലൂക്ക് ആശുപത്രി, ചേമഞ്ചേരി ഖാദി, മുചുകുന്ന് കോളേജ് എന്നിവടങ്ങളിലായിരുന്നു പ്രചാരണം. ഷാഫി പറമ്പിൽ കുറ്റ്യാടിയിലും പേരാമ്പ്രയിലും കൊയിലാണ്ടിയിലും പ്രചാരണം നടത്തി. അലി ബാഖഫി തങ്ങളെ സന്ദർശിച്ചു. മുൻ എം.എൽ.എമാരായിരുന്ന മണിമംഗലത്ത് കുട്ട്യാലിയുടെയും ഇ. നാരായണൻ നായരുടെയും പി .വി. മുഹമ്മദിന്റെയും വീടുകൾ സന്ദർശിച്ചു.റോഡ് ഷോയും ബൈക്ക് റാലിയും നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ പേരാമ്പ്രയിൽ വാർത്താസമ്മേളനം നടത്തി. തുടർന്ന് പ്രദേശത്തെ വിവിധ ഇടങ്ങളിൽ പ്രചാരണം നടത്തി.