server
റേഷൻ സെർവർ

കോഴിക്കോട്: ഇന്നലെ ആരംഭിക്കാനിരുന്ന മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങിയത് ജനങ്ങളെ വലച്ചു. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ ക്യാമ്പ് നടത്തുമെന്ന അറിയിപ്പിനെ തുടർന്ന് റേഷൻകാർഡും ആധാർകാർഡുമായെത്തിയ നിരവധി പേർക്ക് മസ്റ്ററിംഗ് ചെയ്യാനാവാതെ നിരാശയോടെ മടങ്ങേണ്ടി വന്നു. ജില്ലയിലെ പല ഇടങ്ങളിലും രാവിലെ 8 മണിക്ക് തന്നെ സർവ്വർ ജാമായിരുന്നു. രണ്ടര മണിക്കൂർ കൊണ്ട് ശരാശരി രണ്ടുവീതം കാർഡുകളാണ് മസ്റ്റർ ചെയ്തത്. തുടർന്ന് സെർവർ പൂർണമായും തകരാറിലായി. ഇതോടെ പൊരിവെയിലത്ത് കാത്തിരുന്ന മുതിർന്ന പൗരന്മാരേയും , രോഗികളേയും പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് പല റേഷൻ കടകളിലും ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായി. പല പ്രദേശങ്ങളിലും രാഷ്ട്രീയപാർട്ടികൾ മസ്റ്ററിഗ് സെന്ററുകളിലേക്ക് പ്രതിഷേധപ്രകടനങ്ങളും നടത്തി. തുടർന്ന് ക്യാമ്പുകളിലെത്തിയ മുൻഗണനാ കാർഡുകളിൽ മഞ്ഞ കാർഡുകാരുടെ മസ്റ്ററിംഗ് നടത്തിനോക്കാമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചതോടെ ഉച്ചയ്ക്ക് ശേഷമാണ് മഞ്ഞ കാർഡുകൾ മസ്റ്ററിംഗ് നടത്താൻ ആരംഭിച്ചത്. എന്നാൽ ഓരോ കടകളിലും രണ്ടോ മൂന്നോ എണ്ണം മാത്രമാണ് നടന്നത്. പിന്നീട് സെർവർ പൂർണമായും നിലച്ചു. ആധാർ ബന്ധിപ്പിക്കുന്നതിന്നുള്ള പ്രക്രിയ ആവർത്തിക്കുമ്പോൾ മാത്രമാണ് ഉപഭോക്താവിന്റെ മസ്റ്ററിംഗ് പൂർത്തീകരിക്കാനാവുന്നത്.

റേഷൻകടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെ.വൈ.സി. മസ്റ്ററിംഗ് സാധിക്കൂവെന്നതിനാൽ റേഷൻവിതരണം നിർത്തിവച്ചുകൊണ്ടായിരുന്നു മസ്റ്ററിംഗ് ക്യാമ്പുകൾ നടന്നത്. എന്നാൽ രാവിലെ മുതലേ സെർവർ തകരാറിലായതോടെ മസ്റ്ററിംഗ് മുടങ്ങി.


@മസ്റ്ററിംഗ് 17 വരെ

ഇന്നലെ മുതൽ ഞായറാഴ്ച വരെയാണ് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. രാവിലെ 8 മുതലൽ വൈകിട്ട് ഏഴുവരെ റേഷൻ കടകൾ, ഇവയ്ക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഇതിനായുള്ള ക്യാമ്പുകൾ സജ്ജമാക്കിയത്. ഒരു കാർഡിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. പരീക്ഷയാണെങ്കിലും വിദ്യാർത്ഥികളെയടക്കം കൊണ്ടുവരണം. വയോജനങ്ങളെ നേരിട്ടെത്തിച്ചാലും മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

@ വേണം, കൂടുതൽ സമയം

മസ്റ്ററിംഗിന് കൂടുതൽ സമയം അനുവദിക്കുക, റേഷൻ വിതരണവും മസ്റ്ററിഗിനും ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ഏഴ് ജില്ലകളിൽ വൈകീട്ടുമായി സമയം ക്രമീകരിക്കുക, മസ്റ്ററിംഗ് അവസാനിക്കുന്നത് വരെ മറ്റേതെങ്കിലും സർവ്വറിന്റെ സഹായം തേടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്ന് റേഷൻ ഡീലേഴ്സ് കോ - ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ , സെക്രട്ടറി അഡ്വ. ജോണി നെല്ലൂർ, ടി. മുഹമ്മദാലി, കാടാമ്പുഴ മൂസ, സി.മോഹനൻപിള്ള,അഡ്വ. ജി. കൃഷ്ണപ്രസാദ്, ഡാനിയൽ ജോർജ്, കെ.ബി, ബിജു,സുരേഷ് കാറേറ്റ് എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ അട്ടിമറിയുണ്ടെന്നും ഇവർ ആരോപിച്ചു.

@ മസ്റ്ററിംഗ് കാര്യക്ഷമമാക്കണം

വടകര: മുൻഗണന കാർഡ് ഉടമകളുടെ മസ്റ്ററിംഗ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. ആർ.ഡി.ഒ അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. വടകര മുൻസിപ്പൽ വൈസ് ചെയർമാൻ പി. സജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി വനജ(തൂണേരി), പി. എം ലീന(തോടന്നൂർ), പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി മിനിക(ഏറാമല), ആയിഷ ഉമ്മർ(അഴിയൂർ) സമിതി അംഗങ്ങളായ പി.പി രാജൻ, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്. സതീശൻ കുരിയാടി, പി സത്യനാഥ്‌, താലൂക്ക് സപ്ലൈ ഓഫീസർ പി ഫൈസൽ എന്നിവർ പ്രസംഗിച്ചു.