 
കോഴിക്കോട്ട് എം.കെ.രാഘവനെത്തളയ്ക്കാൻ ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണ് എൽ.ഡി.എഫ്. രാഘവനെന്ന നേതാവ് കഴിഞ്ഞ 15വർഷമായി കോഴിക്കോടിന് എന്ത് നൽകി, കേന്ദ്രസർക്കാരിന്റെ പദ്ധതികളും എം.പി.ഫണ്ട് ചെലവഴിക്കലുമല്ലാതെ സ്വന്തം നിലയിൽ എന്തായിരുന്നു സംഭാവന..? എൻ.ഡി.എ സർക്കാരിനെതിരായ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിൽ യു.ഡി.എഫും എം.പിയും നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ എന്തായിരുന്നു..? തുടങ്ങിയവ തുറന്നുകാട്ടുകയാണ് ജനങ്ങൾക്കിടയിൽ ഇടതുമുന്നണിയും നേതാക്കളും. എളമരം കരീമിന്റെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അസ്ത്രങ്ങൾക്ക് മൂർച്ചകൂട്ടുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.പ്രദീപ് കുമാർ സംസാരിക്കുന്നു.
എ.പ്രദീപ് കുമാർ
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറി
കേന്ദ്ര സർക്കാരിന്റെ വർഗീയ-ഫാസിസ്റ്റ് നിലപാടുകൾക്കെതിരായ പോരാട്ടമാണ് ഇത്തവണ കേരളത്തിലും വിശേഷിച്ച് കോഴിക്കോട്ടും ഇടുതുപക്ഷം തിരഞ്ഞെടുപ്പ് ആയുധമാക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെ നിഷ്പ്രഭമാക്കി പൗരത്വനിയമ ഭേദഗതിയടക്കമുള്ള മുസ്ലീം ന്യൂനപക്ഷ വേട്ട തുടരുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ പാർലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്ന നേതാവാണ് എളമരം കരീം. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് തന്റേയും പാർട്ടിയുടേയും നിലപാടുകൾ അധികാരികളുടെ മുമ്പിലും ജനങ്ങൾക്കിടയിലും അദ്ദേഹം ആശങ്കകൾക്കിടയില്ലാതെ അവതരിപ്പിച്ചുകഴിഞ്ഞു. അത് പാർട്ടിയുടേയും മുന്നണിയുടേയും നിലപാടുകളാണ്. അത്തരം ജനകീയ ഇടപെടലുകളുടെ രാഷ്ട്രീയവും ഒപ്പം കോഴിക്കോടിന്റെ സമഗ്രവികസനങ്ങളുമാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്.
15വർഷം തുടർച്ചയായി ഒരു മണ്ഡലത്തെ ഒരു എം.പി.പ്രതിനിധീകരിക്കുകയെന്നത് ചെറിയ കാര്യമല്ല. വലിയ അവകാശ വാദങ്ങളാണ് തുടക്കം മുതൽ അദ്ദേഹം ഉയർത്തിയത്. പക്ഷെ അതെല്ലാം പൊള്ളയായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. പാർട്ടിയുടേയും മുന്നണിയുടേയും സർവ സന്നാഹങ്ങളുമുപയോഗിച്ച് ഇത്തരം ജനവിരുദ്ധ നിലപാടുകളെ തുറന്നുകാട്ടുകയാണ് സ്ഥാനാർത്ഥിയായ എളമരം കരീമിനെ മുന്നണി പ്രഖ്യാപിച്ചതുമുതൽ നടത്തിവരുന്നത്. വികസനത്തിന്റെ പേര് പറഞ്ഞുള്ള ഇത്തരം കപട രാഷ്ട്രീയ പ്രവണതകൾ ഇത്തവണയോടെ ഈ മണ്ണിൽ അവസാനിക്കും. എളമരം കരീമിന്റെ വരവോടെ കോഴിക്കോട് സമസ്തമേഖലകളിലും മുന്നേറുമെന്ന ഉറച്ച വിശ്വാസമാണ് ഇടതുപക്ഷത്തിന്റെ ഊർജം.
@ കോഴിക്കോടിന്റെ കണ്ണീർപൊട്ടായിരുന്നു തിരുവണ്ണൂർ കോട്ടൺമില്ലും കേരള സോപ്‌സും. ഒരിക്കലും തുറക്കില്ലെന്ന് കരുതിയ രണ്ടു സ്ഥാപനങ്ങളും തുറന്നുകൊടുത്ത് നൂറുകണക്കായ തൊഴിലാളി കുടുംബങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം നൽകിയത് എളമരം കരീം കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹം കോഴിക്കോട് മത്സരിക്കുമ്പോൾ ഇതെല്ലാം ജനങ്ങൾക്ക് നൽകുന്നത് വലിയ ആവേശമാണ്.
@ കോഴിക്കോടിന്റെ എം.പി.15വർഷത്തെ മോടിയായി പറഞ്ഞുനടക്കുന്നത് മുഴുവൻ എം.പി.ഫണ്ട് വികസനമാണ്. അതുതന്നെ ഗണ്യമായ ഭാഗം ചെലവഴിക്കാതെ കിടക്കുന്നു. റെയിൽവേസ്റ്റേഷനിലെ എസ്‌കലേറ്ററൊന്നും ഒരു എം.പിക്ക് അവകാശപ്പെടാവുന്നതല്ല. എ ക്ലാസ് സ്റ്റേഷനുകൾക്കെല്ലാം എസ്‌കലേറ്ററും വികസന പദ്ധതികളുമെല്ലാം അവകാശപ്പെട്ടതാണ്. പിന്നെ ദേശീയപാത, വിമാനത്താവളം... അതെല്ലാം വെറും പൊയ് വെടികളാണ്. കോഴിക്കോടിന്റെ അടിസ്ഥാന വികസന രംഗത്ത് എന്ത് സംഭാവനകളാണ് അദ്ദേഹം ചെയ്തതെന്ന് തുറന്നുപറയണം. അതാണ് എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കുന്ന മറ്റൊരു പ്രശ്‌നം.
@ കോഴിക്കോട് മണ്ഡലത്തിലെ ബൂത്തുതലം മുതൽ എല്ലാകമ്മിറ്റികളും സജീവമായിട്ടുണ്ട്. സാധാരണക്കാരുടെ ഇടയിലേക്കിറങ്ങിച്ചെല്ലുന്ന പ്രചാരണ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
@ യുവജന സംഘടനകൾ, മഹിളാ സംഘടനകൾ, തൊഴിലാളി സംഘടനകൾ, അദ്ധ്യാപക സംഘടനകളെല്ലാം അവരവരുടേതായ പ്രവർത്തനങ്ങളുമായി മണ്ഡലം നിറഞ്ഞിട്ടുണ്ട്.
@ സംസ്ഥാന സർക്കാരിന്റെ ജനകീയ ഇടപെടലുകളും സാധാരണക്കാർക്കായുള്ള കെ-റൈസ് അരിവിതരണവുമെല്ലാം തിരഞ്ഞെടുപ്പിൽ വിഷയങ്ങളാണ്. ആരോഗ്യമേഖല, തൊഴിൽ മേഖല, ടൂറിസം വികസനം തുടങ്ങിയവയെല്ലാം നേട്ടങ്ങളായി ഉയർത്തും. കേരളജനത ചരിത്രത്തിലാദ്യമായി തുടർഭരണം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. സ്വാഭാവികമായി സർക്കാരിന്റെ ജനകീയ ഇടപെടലുകൾകൂടി തിരഞ്ഞെടുപ്പിൽ വിഷയമാവും.
@ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്കകളും പ്രതിസന്ധികളുമെല്ലാം അതാത് മത സംഘടനാ നേതാക്കളുമായി ചർച്ചചെയ്ത് അവർക്കുള്ള പരിഹാരമാർഗങ്ങളും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന അജണ്ടയാണ്.