1
അമ്മത്തൊട്ടിൽ

കോഴിക്കോട്: എസ്റ്റിമേറ്റിലെ അവ്യക്തത തിരിച്ചടിയായി ബീച്ച് ആശുപത്രിയിലെ ഇലക്ട്രോണിക്സ് അമ്മത്തൊട്ടിലിന് ഇനിയും കാത്തിരിക്കേണ്ടി വരും. കരാർ ഏറ്റെടുത്ത പൊതുമേഖല സ്ഥാപനമായ ഫോറസ്റ്ര് ഇൻഡസ്ട്രീസ് ലിമിറ്റഡിനോട് പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ വനിതാ ശിശുക്ഷേമ വകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാവുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

മൂന്നു വർഷം മുമ്പ് ഭരണാനുമതിയായ പദ്ധതിയുടെ പ്രവൃത്തി ആദ്യം ഏറ്റെടുത്തിരുന്നത് കെ.എസ്.ഐ.ഇ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയർ എന്റർപ്രൈസസ് ലിമിറ്റഡ്) ആയിരുന്നു. എന്നാൽ കമ്പനി പിന്മാറിയതോടെ ഒരു വർഷത്തോളം പദ്ധതി മുടങ്ങി. പിന്നീട് പി.ഡബ്ല്യുഡിയ്ക്ക് കെെമാറിയാണ് നിലവിലെ 85 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചത്. ഇനി ഇലക്ട്രോണിക്സ് അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പൂർത്തിയാവാനുള്ളത്. ഇത് പി.ഡബ്ല്യു.ഡി ഇലക്ട്രിക് വിഭാഗത്തിന് പൂർത്തീകരിക്കാൻ കഴിയില്ലെന്ന് വനിതാശിശുക്ഷേമ വകുപ്പിനെ അറിയിച്ചിതിനെ തുടർന്നാണ് ഫോറസ്റ്ര് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കരാർ നൽകിയത്. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിൽ എത്തിച്ചാൽ രണ്ട് മിനിറ്റിനകം ശിശുക്ഷേമ സമിതി കുഞ്ഞുങ്ങളെ ഏറ്റെടുക്കും വിധത്തിലാണ് ഓട്ടോമാറ്റിക് ഇലക്ട്രോണിക് അമ്മത്തൊട്ടിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അമ്മത്തൊട്ടിൽ ബീച്ച്

ആശുപത്രി കവാടത്തിൽ

ബീച്ച് ആശുപത്രിയുടെ പ്രധാന കവാടത്തിനുള്ളിൽ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ആശുപത്രി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് അമ്മത്തൊട്ടിലിന്റെ പ്രവൃത്തി 85 ശതമാനവും പൂർത്തിയായി. പദ്ധതിയ്ക്കായി എട്ട് ലക്ഷം രൂപ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. തൊട്ടിലിന്റെ പ്രവേശന കവാടത്തിനടുത്ത് മനോഹരമായ പൂന്തോട്ടവും സജ്ജമാക്കിയിട്ടുണ്ട്.

എ. പ്രദീപ് കുമാർ എം.എൽ.എയായിരിക്കുമ്പോഴാണ് തുക പാസാക്കി ഭരണാനുമതി ലഭ്യമാക്കിയത്. അതുപ്രകാരം 24,11,000 രൂപയുടെ എസ്റ്റിമേറ്റിനും അനുമതി നൽകി. ബീച്ച് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലിനുള്ള സ്ഥലവും ഉൾപ്പെടുത്തിയിരുന്നു.

'അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ സമർപ്പിച്ച എസ്റ്റിമേറ്റിൽ അവ്യക്തത കണ്ടതിനാൽ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ പ്രവൃത്തി ആരംഭിക്കും' സബീന ബീഗം,

വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ.