mkr
കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എംകെ രാഘവൻ ബാലുശ്ശേരിയിൽ വോട്ടഭ്യർത്ഥിക്കുന്നു

നാള് കുറിച്ചു, ജയിക്കും : ഷാഫി പറമ്പിൽ

വടകര: നാള് കുറിച്ചു, വിജയം ഉറപ്പെന്ന് വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനകീയ വിചാരണയാകും. മതേതര ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കാനും ജനങ്ങൾ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമേകുവാനും യു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യതയാണ്. വടകരയിൽ യു.ഡി.എഫ് പ്രവർത്തകരും ജനങ്ങളും വലിയ ആവേശത്തിലാണ്. ജനദ്രോഹ സർക്കാരുകളെ പുറത്തു നിർത്തുവാൻ ഉള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ വടകരയിലെ ജനത നോക്കിക്കാണുന്നത്. യു.ഡി.എഫ് മണ്ഡലത്തിൽ വർദ്ധിത ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യും.

കൂടുതൽ സമയം കിട്ടി, ഭൂരിപക്ഷം
ഉയർത്തും: എം.കെ.രാഘവൻ

കോഴിക്കോട്: ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന് കൂടുതൽ സമയം കിട്ടി. തിരഞ്ഞെടുപ്പ് ചൂടിനൊപ്പം കൊടും ചൂടാണ്. രണ്ട് ചൂടും അനുഭവിച്ചുകൊണ്ടാണ് പ്രവർത്തനം മുന്നേറുന്നത്. മണ്ഡലത്തിലുടനീളം അനുകൂലമായ അന്തരീക്ഷമാണ്. ഇത്തവണയും നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനാവും.

ഇക്കുറി ചരിത്രമെഴുതും:
പ്രഫുൽ കൃഷ്ണൻ

വടകര: തിരഞ്ഞെടുപ്പ് ഏത് തിയതി നടന്നാലും എൻ.ഡി.എ നേരിടാൻ സജ്ജമാണെന്ന് വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ തുടർ ഭരണത്തിന് വേണ്ടിയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പ്. വടകരയിലെ ജനങ്ങൾ ജനവഞ്ചകരായ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ തിരിച്ചറിഞ്ഞവരാണ്. ഭീകരവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും തണൽ നൽകുന്ന കോൺഗ്രസിനും സി. പി.എമ്മിനും എതിരായ ജനവിധി വടകരയിലുണ്ടാകും.

പ്രചാരണത്തിന് സമയം
ലഭിക്കും: എളമരം കരീം

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഏപ്രിൽ 26ന് നടക്കുന്ന സാഹചര്യത്തിൽ പ്രചാരണത്തിന് കൂടുതൽ സമയം ലഭിക്കുമെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം. 15 വർഷം കോഴിക്കോടിന് നഷ്ടമായത് തിരിച്ചറിഞ്ഞ് വോട്ടർമാർ എൽ.ഡി.എഫിന് അനുകൂലമായി വിധി എഴുതുമെന്നും എളമരം കരീം പറഞ്ഞു.

എൻ.ഡി.എ സുസജ്ജം,
താമര വിരിയും: എം.ടി.രമേശ്

കോഴിക്കോട്: രാജ്യം മോദി ഗ്യാരണ്ടിയിൽ ഹാട്രിക്കിന് ഒരുങ്ങുമ്പോൾ കേരളം പങ്കാളിയാകുമെന്ന് കോഴിക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് . കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് നിരവധി മണ്ഡലങ്ങളിൽ എൻ.ഡി.എ വിജയിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും മാസങ്ങൾക്കു മുമ്പെ മുന്നണി സജ്ജമായിരുന്നു. ബൂത്തുതലത്തിലും വീടുകൾ കയറിയും നേരത്തെ തന്നെ കർമരംഗത്ത് ഉണ്ടായിരുന്നു.

മാതൃകാ പെരുമാറ്റച്ചട്ടം വന്നു

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാതൃകാ പെരുമാറ്റചട്ടം കോഴിക്കോട് ജില്ലയിൽ നിലവിൽ വന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും ദിവസം വരെ പെരുമാറ്റചട്ടം നിലവിലുണ്ടായിരിക്കും. സർക്കാർ സ്ഥാപനങ്ങൾ, അവയുടെ ക്യാമ്പസുകൾ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ പാടില്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രചരണ സാമഗ്രികൾ വയ്ക്കുന്നുണ്ടെങ്കിൽ രേഖാമൂലമുള്ള സമ്മതപത്രം വേണം. ജാഥകൾ, പൊതുയോഗങ്ങൾ എന്നിവ മുൻകൂട്ടി പ്രാദേശിക പൊലീസ് അധികാരികളെ അറിയിക്കണം.

 39 ഫ്ലൈയിംഗ് സ്‌ക്വാഡുകൾ

26 ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ

പെരുമാറ്റച്ചട്ട ലംഘനം തടയുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയിൽ 39 ഫ്ലൈയിംഗ് സ്‌ക്വാഡുകളും 26 ആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും 39 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും വിന്യസിച്ചു. സ്ഥാനാർത്ഥി, ഏജന്റ്, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ 50,000 രൂപയിൽ കൂടുതൽ സൂക്ഷിക്കുന്നതും മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവ കൈവശം വെക്കുന്നതും കുറ്റകരമാണ്. നാമനിർദേശ പത്രിക നൽകുന്നത് മുതലുള്ള ചെലവുകൾ സ്ഥാനാർത്ഥിയുടേതായി കണക്കാക്കും. സർക്കാർ കെട്ടിടങ്ങളിലും വളപ്പിലും നിയമവിരുദ്ധമായി സ്ഥാപിച്ച ചുവരെഴുത്ത്, പോസ്റ്റർ, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകൾ, കൊടികൾ, മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, വിമാനത്താവളം, പാലങ്ങൾ, സർക്കാർ ബസുകൾ, വൈദ്യുതി, ടെലിഫോൺ കാലുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റർ, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകൾ, കൊടികൾ എന്നിവ നീക്കും. സ്വകാര്യ സ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കംചെയ്യേണ്ടതാണ്.