 
കുറ്റ്യാടി: റംസാൻ നാളുകളിൽ നോമ്പെടുത്ത് ജോലി കഴിഞ്ഞെത്തുന്ന അതിഥി തൊഴിലാളികൾക്ക് മുപ്പത് ദിവസവും ഇഫ്താർ വിരുന്നൊരുക്കി കുറ്റ്യാടിയിലെ കലിമ ഫൗണ്ടേഷൻ. കുറ്റ്യാടി ഹൈസ്കൂൾ പരിസരത്താണ് ഇത്തവണയും ഇഫ്താർ ടെന്റ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് അതിഥി തൊഴിലാളികളും വഴിയാത്രക്കാരും ഹോസ്പിറ്റലിലെ കൂട്ടിരിപ്പുകാരുമാണ് നോമ്പുതുറ സമയത്ത് ടെന്റിലേക്കെത്തുന്നത്. ഇഫ്താർ കഴിഞ്ഞ് മടങ്ങുമ്പോൾ മുഴുവനാളുകൾക്കും അത്താഴകിറ്റും നൽകുന്നുണ്ട്. നാട്ടിലെയും വിദേശത്തെയും ഉദാരമതികളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായവും ഇതിന് ലഭിക്കുന്നുണ്ട്. ഒരോ ദിവസവും നാനൂറോളം പേർ ഇവിടെയെത്താറുണ്ട്. ഒരു ദിവസം 45,000 രൂപയെങ്കിലും ചെലവ് വരുമെന്ന് സംഘാടകർ പറയുന്നു. കലിമ ടീമിന്റെ ചെയർമാർ കല്ലാറ കുഞ്ഞമ്മദ് കുട്ടി, ജനറൽ കൺവീനർ നവാസ് പൂവുള്ളകണ്ടി, ടി. സി. അഷ്റഫ് റാഷിദ് എന്നിവരാണ് പാചകപ്പുരയ്ക്ക് നേതൃത്വം നൽകുന്നത്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗം ഹാഷിം നമ്പാട്ടിൽ, കെ.എം ബഷീർ, പാലക്കൂൽ മൊയ്തു, റിയാസ് കെ.പി, ഖാലിദ് മൂസ, നദ് വി തുറക്കലക്കണ്ടി കുഞ്ഞബ്ദുല്ല എന്നിവരാണ് ഇഫ്താർ ടെന്റിന് പിന്നിൽ.