parakkal
parakkal

പാറക്കൽ അബ്ദുള്ള
വടകര മണ്ഡലം യു.ഡി.എഫ്

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ

പ്രവചനങ്ങൾക്കപ്പുറത്താണ് ഇത്തവണ കടത്തനാടിന്റെ അങ്കത്തട്ട്. വാളുകളും ഉറുമിയും പരിചമേൽ വീണ് തീപ്പാറും പോരാട്ടം. എൽ.ഡി.എഫിനായി കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത് സി.പി.എമ്മിന്റെ ഉണ്ണിയാർച്ചയെന്ന ഖ്യാതി നേടിയ കെ.കെ.ശൈലജ. യു.ഡി.എഫിന് പാലക്കാടൻ അങ്കത്തട്ടിൽ വിജയം കൊയ്തിറങ്ങിയ യുവ ചേകവൻ ഷാഫിപറമ്പിൽ, എൻ.ഡി.എയുടെ സ്ഥാനാർത്ഥിയും യുവരക്തം, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. പതിവ് കളരിപ്പയറ്റല്ല, ഇത്തവണ കടത്തനാട്ടിൽ പൂഴിക്കടകനും പാറുമെന്ന് ഉറപ്പ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുള്ള തന്ത്രങ്ങൾ കൈമാറുന്നു.

വടകരയിൽ വിജയത്തിനപ്പുറത്ത് യു.ഡി.എഫിന് ഒരു വാക്കുമില്ല. കഴിഞ്ഞ 15വർഷമായി മണ്ഡലത്തിൽ മുല്ലപ്പള്ളിയും മുരളീധരനും നടത്തിയ വികസനപ്രവർത്തനങ്ങൾ മാത്രം മതി വടകരക്കാർക്ക് അവരുടെ ജനപ്രതിനിധി ആരെന്ന് തീരുമാനിക്കാൻ. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നില്ലേ ഒരു കാലത്ത് വടകര. എന്തേ അത് മാറിവരാൻ കാരണം. വെറും വാചകക്കസർത്തും പേടിപ്പിക്കലും മാത്രമായിരുന്നു ഈ മണ്ഡലത്തിൽ അവർ നടത്തിയത്. തങ്ങളോട് വിയോജിക്കുന്നവരെ കൊന്നുതള്ളിയും അടിച്ചമർത്തിയും അർഹതപ്പെട്ടതൊന്നും കൊടുക്കാതെയും കൊള്ള ഭരണമായിരുന്നു. അതൊന്നുമാത്രമാണ് കടത്തനാടൻ കോട്ട പൊളിഞ്ഞുപോകാൻ കാരണം. ഇത്തവണയും അതിലൊരു മാറ്റവും ഉണ്ടാകില്ല. ഷാഫിപറമ്പിൽ മികച്ച സ്ഥാനാർത്ഥിയാണ്.

@ പ്രധാന പ്രചരണായുധം കൊലപാതക രാഷ്ട്രീയം തന്നെയാണ്. ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിൽ വീണ 51 വെട്ടിന്റെ ചോര ഇനി എത്ര തിരഞ്ഞെടുപ്പുകൾ വന്നാലും അവർക്ക് മായ്ക്കാനാവില്ല. ഈ മണ്ഡലത്തിൽ ജീവിക്കുന്നവർക്ക് സമാധാനമായി ജീവിക്കണം. അവരുടെ മക്കൾ സ്‌കൂളോ കോളേജോ വിട്ടാൽ വീട്ടിൽ തിരിച്ചുവരുമെന്ന വിശ്വാസമുണ്ടാവണം. ആ വിശ്വാസമാണ് യു.ഡി.എഫ് പകരുന്നത്.

@ 15 വർഷത്തിനപ്പുറത്ത് വടകരയിൽ ഒരു എം.പി ഉണ്ടായിരുന്നെന്ന് അറിയാൻ നാട്ടുകാർക്ക് ഗൂഗിൾ പരിശോധിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ 15വർഷം ഇവടുത്തെ എം.പിമാർ ആരൊക്കെയായിരുന്നെന്ന് ചോദിച്ചാൽ അത് നാട്ടുകാർക്ക് കൈവെള്ളയിലുണ്ട്. അത്രമാത്രം വികസന പ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളും നടത്തിയിട്ടുണ്ട് മുല്ലപ്പള്ളിയും മുരളീധരനും. ഇതെല്ലാം ഒന്നുകൂടി അരക്കിട്ടുറപ്പിച്ച് ജനങ്ങളിലെത്തിക്കുകയാണ് ഇപ്പോൾ.

@ പുതിയ കാലത്തിന് അനുയോജ്യമായ പ്രചരണ രീതികളാണ് അവംലംബിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളെല്ലാം സജീവമാണ്.

@ ബൂത്തുതലം മുതൽ എല്ലാകമ്മിറ്റികളും സജീവമായിട്ടുണ്ട്. കുടുംബയോഗങ്ങളും നടന്നുവരുന്നു. ഓരോ വോട്ടർമാർക്ക് മുമ്പിലേക്കും സ്ഥാനാർത്ഥിയോ പാർട്ടി പ്രവർത്തകരോ എത്തിച്ചേരും.