കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രചാരണത്തിന് കൂടുതൽ സമയം ലഭിച്ചെന്ന് അഭിപ്രായപ്പെടുമ്പോഴും അവധിയില്ലാതെ അതിവേഗം വോട്ടർമാരിലേക്കിറങ്ങുകയാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ.
അവധി ദിനമായ ഇന്നലെ പരമാവധി ആളുകളെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കലായിരുന്നു എല്ലാ സ്ഥാനാർത്ഥികളുടെയും തന്ത്രം. ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും പറയുന്നതിനൊപ്പം പ്രാദേശിക വിഷയങ്ങൾക്കും ഊന്നൽ കൊടുത്താണ് പ്രചാരണം മുന്നേറുന്നത്. പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങൾ പ്രചാരണത്തിൽ സജീവമാണ്. അതേസമയം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മരുന്നുക്ഷാമം സജീവ ചർച്ചയാക്കുകയാണ് യു.ഡി.എഫും എൻ.ഡി.എയും. എൽ.ഡി.എഫ് സർക്കാരിനെതിരെ നേരിട്ട് ആക്രമിക്കാൻ കിട്ടുന്ന വിഷയം എല്ലാ പ്രചാരണ യോഗങ്ങളിലും യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.കെ. രാഘവൻ എം.പി ഇന്ന് മെഡിക്കൽ കോളേജിന് മുന്നിൽ ഏകദിന ഉപവാസം പ്രഖ്യാപിച്ചത്.
കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ പ്രചാരണം ആരംഭിച്ചത് ഫറോക്കിൽ നിന്നാണ്. ബേപ്പൂർ നിയോജകമണ്ഡലം കൺവൻഷനിൽ പങ്കെടുത്തു. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലീഗ് ഹൗസിലെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.
കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പര്യടനം. താമരശേരി പഞ്ചായത്തിലെ പരപ്പൻപ്പൊയിലിൽനിന്നാണ് ആരംഭിച്ചത്. ചാടിക്കുഴിയിൽ പി.കെ.എസ് കൺവൻഷനിൽ എത്തിയ അദ്ദേഹത്തെ കർഷക തൊഴിലാളി കല്യാണി നെൽക്കതിർ നൽകി സ്വീകരിച്ചു. കോരങ്ങാട് വട്ടക്കൊരുവിൽ സ്വീകരണത്തിനുശേഷം കൂടത്തായി ലൂർദ് മാതാ ചർച്ചിൽ വികാരി ജോർജ്, വിനീഷ്, വിപിൻ എന്നിവർ സ്വീകരിച്ചു. കാരക്കാട് മുല്ലക്കോയ തങ്ങളെ കണ്ടശേഷം എത്തിയത് നരിക്കുനി പഞ്ചായത്തിലെ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ. നടമ്മൽപ്പൊയിൽ, മാനിപുരം, പറമ്പത്ത്കാവ്, വാവാട് സെന്റർ, കളരാന്തിരി, കരീറ്റിപറമ്പ്, കൊടുവള്ളി എന്നിവിടങ്ങളിലെത്തി. മടവൂരിലായിരുന്നു സമാപനം.
വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ വടകര നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തി. മേഖലാ കൺവെൻഷനുകളിൽ പങ്കെടുത്ത അവർ വിവിധയിടങ്ങളിൽ വോട്ടുതേടി.
കൂത്തുപറമ്പിൽ നിന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പ്രചാരണം ആരംഭിച്ചത്. മണ്ഡലം കൺവെൻഷന് ശേഷം വൈകീട്ട് വടകരയിലെത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് വടകര നിയമസഭാമണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. തുടർന്ന് നാദാപുരം ടൗണിൽ.
എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ വടകര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എം.പി കുമാരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ആയഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിലെത്തി സ്വാമി സ്വാമി അമൃത കൃപാനന്ദപുരിയുടെ അനുഗ്രഹം വാങ്ങി. ബലിദാനികളായ നിട്ടൂർ അനൂപ് കുമാറിന്റെയും, വിലങ്ങോട്ടുമ്മൽ ബാബുവിന്റെയും സ്മൃതികുടീരങ്ങളിൽ പുഷ്പ്പാർച്ചന നടത്തി. കുറ്റ്യാടിയിൽ റോഡ് ഷോ നടത്തി.
തിരഞ്ഞെടുപ്പ്: ഹരിതചട്ടപാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഹരിതചട്ടപാലനം ഉറപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശാനുസരണമുള്ള നടപടികളുമുണ്ടാകും.