
കോഴിക്കോട്: മുക്കം കാരശ്ശേരിയിലെ അഷീക ഖദീജയുടെ 'അഷീസ് റോച്ചി ചോക്ലേറ്റ്സി'ലെത്തിയാൽ ചോക്ലേറ്റുകളിൽ നിറചിരിയുമായി സ്ഥാനാർത്ഥികൾ. വടകരയിൽ മത്സരിക്കുന്ന ഷാഫി പറമ്പിലും കെ.കെ.ശൈലജയും ചോക്ലേറ്റിന്റെ കവറിലൂടെ വോട്ട് പിടിക്കുന്നു. ബി.ഡി.ജെ.എസിന്റെ കോട്ടയത്തെ സ്ഥാനാർത്ഥി തുഷാർവെള്ളാപ്പള്ളിയും ചോക്ലേറ്റ് പൊതിയായി. തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും അസമിൽനിന്നുമെല്ലാം ചോക്ലേറ്റാവാൻ സ്ഥാനാർത്ഥികൾ തിരക്കുകൂട്ടുന്നു.
നാലുവർഷം മുമ്പാണ്അഷീക ഹോംമെയ്ഡ് ചോക്ലേറ്റ് കട തുറന്നത്. കവർ പ്രിന്റ് ചെയ്യുന്നതും ഇവിടെത്തന്നെ.
ഷാഫി പറമ്പിലിന്റെ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് വീഡിയോ കാണാനിടയായി. അപ്പോഴാണ് എന്തുകൊണ്ട് ചോക്ലേറ്റിൽ സ്ഥാനാർത്ഥിയെ പൊതിഞ്ഞുകൂടാ എന്ന ചിന്തയുദിച്ചത്. ഷാഫിയുടെ ചിത്രമുള്ള ചോക്ലേറ്റ് പുറത്തുവിട്ടതോടെ കെ.കെ. ശൈലജയ്ക്കുവേണ്ടി പ്രവർത്തകരുടെ വിളിവന്നു. ശൈലജടീച്ചറെയും ചോക്ലേറ്റിൽ പൊതിഞ്ഞു. അടുത്തത് തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടിയായിരുന്നു.തുഷാറിനെ പൊതിഞ്ഞുതുടങ്ങുമ്പോഴേക്കും കെ.സി.വേണുഗോപാലിനുവേണ്ടി ഓർഡറെത്തി. ഒരു ചോക്ളേറ്റിന്റെ വില 25 രൂപ. ഇവരുടേയെല്ലാം ചോക്ലേറ്റ് കവർ വച്ചുള്ള വീഡിയോ വൈറലായതോടെ മഹാരാഷ്ട്ര, തെലങ്കാന, അസാം എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡറുകളെത്തി.1000 ചോക്ലേറ്റുകളുടെ പെട്ടിയാണ് ചോദിക്കുന്നത് . അതിനുവേണ്ടി രാപ്പകലില്ലാതെ ജോലി ചെയ്യുകയാണ് അഷീകയും സംഘവും.