' ഗ്രാമങ്ങളിലാണ് ജീവിതം, മനുഷ്യരുടെ ജീവിതം കാണണമെങ്കിൽ കോളനികളിൽ പോകണം, കർഷകരുടെ വീടുകളിലെത്തണം, വ്യക്തി, കുടുംബം, സമൂഹം അവരൊക്കെ അനുഭവിക്കുന്ന കുഞ്ഞുകുഞ്ഞ് പ്രശ്‌നങ്ങളിലൂടെയാണ് എന്റെ യാത്ര, കേവലം വോട്ടിനുവേണ്ടിയല്ല, ജയിച്ചാലും തോറ്റാലും അവർക്കൊപ്പം നടക്കാൻ വേണ്ടിയാണ്....' മേപ്പയ്യൂർ പുലപ്രകുന്ന് കോളനിയിൽ വോട്ടുതേടിയെത്തിയ വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ പ്രതികരണം. ' എന്നെ ജയിപ്പിച്ചാൽ ഞാനെന്തെങ്കിലും ചെയ്തുകളയുമെന്ന അവകാശവാദമൊന്നുമില്ല. എം.പിയായാലും ഇല്ലെങ്കിലും കൂടെയുണ്ടാവും. ഇനിയും വരും നിങ്ങളുടെ ജീവിതത്തിലേക്ക്....'
മേപ്പയ്യൂരിലെ രണ്ട് കോളനികളിലായിരുന്നു കെ.കെ. ശൈജലയുടെ ആദ്യ സന്ദർശനം. നിടുമ്പൊയിൽ അരിക്കാം ചാൽ, പുലപ്രകുന്ന്... എല്ലാവരുടെയും പ്രശ്‌നം ഒന്നുതന്നെ. വീട്, കുടിവെള്ളം, പട്ടയം...
കടുത്ത വേനലിൽ നാട് വാടുമ്പോഴും ടീച്ചർ ആവേശത്തിലാണ്. മേപ്പയ്യൂർ വിയ്യം ചിറപാലത്തിനടുത്ത് എത്തിയപ്പോൾ വണ്ടി ചവിട്ടി. ഒന്നു തണുപ്പിക്കാം. പുറത്തിറങ്ങിയപ്പോൾ പാർട്ടിയുടെ പഴയ വാർഡ് മെമ്പർ അബ്ദുറഹിമാന്റെ കട. പ്രതീക്ഷിക്കാതെ എത്തിയ നേതാവിനെ കണ്ടതോടെ അബ്ദുറഹിമാനും അമ്പരപ്പ്. നോമ്പുകാലമായിട്ടും സഖാവിന് തണ്ണിമത്തൻ മുറിച്ചു നൽകി. ' എങ്ങനെയുണ്ട് അബ്ദുക്കാ മത്സരം, നമ്മള് ജയിക്കൂല്ലേ...' ടീച്ചറുടെ ചോദ്യത്തിന് അബ്ദുക്കായുടെ ചിരിച്ചുള്ള മറുപടി ' അതെന്ത് ചോദിക്കാനാ ടീച്ചറേ നമ്മള് തിരിച്ചുപിടിക്കും... ഈ മണ്ഡലത്തിന് ടീച്ചറെ വേണം...' നിറഞ്ഞ മനസോടെ അടുത്ത കേന്ദ്രത്തിലേക്ക്.
ചെമ്പനോടയിലെ പാർട്ടി പ്രവർത്തകന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. നേരെ പേരാമ്പ്രയിലെ റാലിയിൽ. പേരാമ്പ്ര ടൗണിലെത്തുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ. തിരക്കിട്ട ഓട്ടത്തിനിടെ സംസാരം മുറിഞ്ഞു. കൈവീശിയും വോട്ടഭ്യർത്ഥിച്ചും യാത്ര. ഇടയ്ക്കിടെ ഓർമിപ്പിക്കും ' നമ്മളെവിടെയാ നിർത്തിയത്...?'
എന്താണ് വിജയ പ്രതീക്ഷ...?
പ്രതീക്ഷയല്ല. വിജയം സുനിശ്ചിതം. മൂന്നുതവണയും മണ്ഡലം കൈവിട്ടുപോയത് രാഷ്ട്രീയമായി വലിയ പരാജയം തന്നെ. കാരണം പറയാൻ നിരവധി ഘടകങ്ങളുണ്ട്. അതൊന്നും ചർച്ച ചെയ്യുന്നില്ല. ഇടതുപക്ഷത്തിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലത്തിന്റെ കഴിഞ്ഞ 15 വർഷത്തെ ദുരവസ്ഥ മാത്രം മതി ഇത്തവണ വിജയിക്കാൻ.
സ്ത്രീ വോട്ടർമാരുടെ പ്രതികരണം...?
സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലമാണ് വടകര. ഓരോ സ്ഥലത്തും എത്തുമ്പോൾ മകളോ, ചേച്ചിയോ, അമ്മയോ ആയിട്ടാണ് വരവേൽക്കുന്നത്. നാട് എത്രതന്നെ മാറിയാലും വടകര പോലുള്ള സ്ഥലങ്ങളിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നാനാവിധമാണ്. തൊഴിൽ, കൂലി, കുടുംബങ്ങളിലെ അരക്ഷിതാവസ്ഥ.. തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങൾ. വോട്ടുകിട്ടാനായി കള്ളംപറയുന്ന ശീലമില്ല. പറയുന്നത് പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുന്നതാണ് ശീലം. അത് അവർക്കറിയാം.
പഴയ ആരോഗ്യമന്ത്രി വോട്ടാവുമോ...?
അവകാശ വാദങ്ങളൊന്നുമില്ല. നിപ കാലത്തും കൊവിഡ് കാലത്തും തിരുവനന്തപുരത്തെ മന്ത്രി ഭവനിൽ കിടന്നുറങ്ങിയല്ല പണിയെടുത്തത്. കോഴിക്കോടിന്റെയും വടകരയിലെയും തെരുവുകളിലിരുന്നാണ്. അതൊക്കെ ഈ നാടിന്റെ ഹൃദയത്തിലുണ്ട്. ടീച്ചർ വീണ്ടും തിരക്കിലേക്ക്. 15വർഷത്തെ പരാജയത്തിന്റെ കൈയ്പ് മധുരമാക്കാനുള്ള യാത്ര.