water
ജലദിനാചരണം

കോഴിക്കോട്: പുഴകളും കനാലുകളും കൈയേറി കോൺക്രീറ്റ് കെട്ടിടം പണിയാൻ ഒത്താശ ചെയ്യുന്ന സർക്കാരും ഉദ്യോഗസ്ഥരും ലോക ജലദിനം ആചരിക്കുന്നത് പ്രഹസനമാണെന്ന് കോഴിക്കോട് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി. കല്ലായി പുഴ മാലിന്യവും കൈയേറ്റവും കാരണം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുഴ നവീകരണം കടലാസിലൊതുങ്ങിയിട്ട് വർഷങ്ങളായി . ലക്ഷങ്ങൾ ചെലവിട്ട് ശുദ്ധീകരിച്ച കനോലി കനാൽ വീണ്ടും മലിനജല പ്ലാന്റായി മാറി. കനാൽ ശുദ്ധീകരണത്തിന്റെ ഭാഗമായി അടച്ച മലിനജല കുഴലുകൾ വീണ്ടും തുറന്ന് കനാലിലേക്ക് മാലിന്യം ഒഴുക്കുകയാണ്. പൂനൂർ പുഴയുടെ തീരത്ത് കൈയേറ്റവും മാലിന്യവും ദിനംതോറും വർദ്ധിക്കുന്നു. ജലാശയങ്ങളിലേക്ക് മലിന ജല കുഴലുകൾ സ്ഥാപിക്കുന്നതിനും ഓടകളിലൂടെ പുഴകളിലേക്ക് മലിനജലമൊഴുക്കുന്നതിനും എതിരെ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും നിയമ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. ചെന്നൈ, ബംഗളൂരു നഗരങ്ങളിലെ ശുദ്ധജല ക്ഷാമം കേരളത്തിനുള്ള മുന്നറിയിപ്പാണ്. കഴിഞ്ഞ തലമുറ സംരക്ഷിച്ച് നിർത്തിയ ജലസംഭരണികളായ പുഴകളും കനാലുകളും കുളങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയാത്ത വിധം കോൺക്രീറ്റ് കെട്ടിടങ്ങളായി മാറുന്നത് ഭീതിയോടെ കാണണമെന്നും ജലസ്രോതസുകൾ നിലനിർത്താൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി ജനറൽ സെക്രട്ടറി ഫൈസൽപള്ളിക്കണ്ടി ആവശ്യപ്പെട്ടു.