കോഴിക്കോട് : പ്രചാരണം പൗരത്വഭേദഗതി നിയമത്തിലേക്ക് കേന്ദ്രീകരിച്ചുള്ള നീക്കവുമായി എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണത്തിൽ മുന്നിൽ. ഇരുമുന്നണികൾക്കുമെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് എൻ.ഡി.എ. എസ്.ഡി.പി.ഐ കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കോഴിക്കോട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമും യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനും പങ്കെടുത്തത് ചൂണ്ടിക്കാണിച്ചാണ് എൻ.ഡി.എയുടെ പ്രചാരണം. ഇഫ്താർ വിരുന്ന് രാഷ്ട്രീയമായി കണേണ്ടെന്ന നിലപാടുമായി ഇടതു-വലത് മുന്നണികൾ രംഗത്തെത്തിയെങ്കിലും എൻ.ഡി.എ കോഴിക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിച്ചവരെല്ലാം ഇഫ്താറിന് ഊന്നൽ നൽകി. മുതലക്കുളം മൈതാനിയിൽ നടന്ന എൻ.ഡി.എ കൺവെൻഷൻ പി.സി. ജോർജ് ഉദ്ഘാടനംചെയ്തു.
ഭരണഘടനാ സംരക്ഷണ സമിതി ഇന്ന് സംഘടിപ്പിക്കുന്ന പൗരത്വസംരക്ഷണ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ മണ്ഡലത്തിൽ മേൽക്കൈ നേടാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള അടവുകളാണ് യു.ഡി.എഫ് തേടുന്നത്. സി.എ.എ, വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ പ്രതിഷേധം എന്നിവ ചർച്ചയാക്കുന്നതിനിടെ എൻ.ഡി.എയ്ക്ക് കിട്ടിയ ആയുധമാണ് എസ്.ഡി.പി.ഐയുടെ ഇഫ്താർ വിരുന്ന്. അതിനിടെ കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ പുറത്തിറങ്ങി. ഇന്നലെ ബാലുശ്ശേരി മണ്ഡലത്തിലായിരുന്നു പ്രചാരണം. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ ഇന്നലെയും കോളേജുകളിൽ വോട്ട് തേടി. കുന്ദമംഗലം, കൊടുവള്ളി നിയോജക മണ്ഡലങ്ങളിലെ വിവിധ ക്യാമ്പസുകൾ സന്ദർശിച്ചു. രാവിലെ എട്ടിന് സരോവരം പാർക്ക് സന്ദർശനത്തോടെയാണ് കോഴിക്കോട് യുഡിഎഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.കെ. രാഘവന്റെ ഇന്നലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. തിരുവണ്ണൂർ പുതിയ കോവിലകത്ത് എത്തിയ എം.കെ. രാഘവൻ സാമൂതിരി പി.കെ.എസ് രാജയെ സന്ദർശിച്ചു.
കുന്ദമംഗലം ഗവ. ആർട്സ് കോളേജ് സന്ദർശിച്ചായിരുന്നു ക്യാമ്പസ് പര്യടനത്തിന്റെ തുടക്കം. കള്ളൻതോട് എം.ഇ.എസ് ആർട്സ് കോളേജിലും മാണാശ്ശേരി എം.എ.എം.ഒ കോളേജിലും കൊടുവള്ളി കെ.എം കോളേജിലും കൊടുവള്ളി ആർട്സ് കോളേജിലും പര്യടനം നടത്തി.
വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ വീടുകൾ കയറിയുള്ള പ്രചാരണമാണ് നടത്തിയത്. പ്രമുഖരെ സന്ദർശിച്ച് വോട്ടുതേടി. ആരോഗ്യമന്ത്രിയായിരുന്ന കാലത്തെ ബന്ധങ്ങൾ പുതുക്കിയുള്ള പ്രചാരണവും നടത്തി. പേരാമ്പ്രയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പ്രചാരണം. രാവിലെ അരിക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചും ഉത്സവ ചടങ്ങുകളിൽ പങ്കെടുത്തുമായിരുന്നു പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം. തുടർന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് കെ.എസ് മൗലവിയെ വെള്ളിയൂരിലെ വീട്ടിൽ സന്ദർശിച്ചു.
നൊച്ചാട് എച്ച്.എസ്.എസ്, വെള്ളിയൂർ എ.യു.പി സ്‌കൂൾ, ചാലിക്കരയിലെ കാലിക്കറ്റ് സർവകലാശാല ഉപ കേന്ദ്രം എന്നിവിടങ്ങളിലും സ്ഥാനാർത്ഥിയെത്തി. പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജ് പേരാമ്പ്ര, താലൂക്ക് ആശുപത്രി, പേരാമ്പ്ര ഡിഗ്നിറ്റി ആർട്സ് ആന്റ് സയൻസ് കോളേജ് എന്നിവടങ്ങളിൽ വോട്ടുതേടി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ പ്രചാരണം.