praful
വ​ട​ക​ര​ ​മ​ണ്ഡ​ലം​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​ചൊ​ക്ലി​ ​ടൗ​ണി​ൽ​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഫോട്ടോ: എ.​ആ​ർ.​സി.​ ​അ​രുൺ

' ഭാഗ്യമുണ്ടോ ചേട്ടാ...' തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ ചൊക്ലിയിലെ ലോട്ടറിക്കടയിലേക്ക് കയറിയ എൻ.ഡി.എ വടകര മണ്ഡലം സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ ചോദ്യം. ' അതെന്ത് പറയാനാ.. ഇത്തവണ ഭാഗ്യം തുണയ്ക്കും...' ലോട്ടറി ഏജന്റിന്റെ മറുപടി. ' എന്നാലൊരു രണ്ട് ടിക്കറ്റ് താ...' പോക്കറ്റിൽ നിന്ന് നൂറു രൂപയുടെ നോട്ടെടുത്ത് നൽകിയപ്പോൾ പ്രഫുൽ ഒന്നുകൂടി ആവർത്തിച്ചു ' ചിഹ്നം മറക്കല്ലേ...താമരയാണ്..'


യുവമോർച്ച സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കഴിവ് തെളിയിച്ചാണ് കടത്തനാടൻ കോട്ട പിടിക്കാൻ പ്രഫുലിന്റെ വരവ്. മണ്ഡലത്തിലെ ഇടതു,​ വലതു സ്ഥാനാർത്ഥികൾ ഇതര ജില്ലക്കാരാണെങ്കിലും പ്രഫുൽ തനി നാട്ടുകാരൻ. വടകരയ്ക്കടുത്ത് ആയഞ്ചേരിയാണ് സ്വദേശം.
വോട്ടുതേടാനിറങ്ങുമ്പോൾ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വലിയ നിരതന്നെ കൂടെയുണ്ട്. ലോട്ടറിക്കാരനോട് വോട്ടുചോദിച്ച് നേരെ കൊപ്രക്കടയിൽ. വടകരയ്ക്കാരുടെ ചരിത്രവും പാരമ്പര്യവുമാണ് കൊപ്രക്കടകളും പാണ്ടികശാലകളും. ഇപ്പോൾ പ്രതാപം മങ്ങി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മേഖല. നിനച്ചിരിക്കാതെ സ്ഥാനാർത്ഥി വന്നുകയറിയപ്പോൾ കടക്കാരൻ ആവലാതിയുടെ കെട്ടഴിച്ചു..
' എല്ലാം പോയി. പേരിനൊരു കച്ചവടം. തലമുറകളായി തുടങ്ങിയത് നിലനിർത്തിപ്പോരുന്നു..'
പ്രഫുൽ മറുപടി പറഞ്ഞത് ഞങ്ങളോടാണ്. ' കേട്ടില്ലേ,​ ഇവിടുത്തെയും വടകര തെരുവിലെയും പാണ്ടികശാലകൾ കേരളത്തിനകത്തും പുറത്തും പേരുകേട്ടതായിരുന്നു. ഇപ്പോൾ തേങ്ങയുമില്ല, കൊപ്രയുമില്ല. ആകെയുള്ളത് തേങ്ങ പൊതിച്ചാൽ കുറേ കയ്പ്പ് (കൊപ്ര കേടായത്) മാത്രം. എന്റെ കുട്ടിക്കാലത്ത് അച്ഛന്റെകൂടെ എത്രയോ തവണ വന്നിട്ടുണ്ട് ഈ പാണ്ടികശാലകളിൽ. അന്ന് ആവശ്യത്തിന് തേങ്ങയുണ്ടായിരുന്നു, കർഷകർക്ക് വിലയും. ഇപ്പോൾ എല്ലാം പോയി. വടകരയിൽ മാറി മാറി ഭരിച്ചവർ ഇങ്ങനെയൊരു തൊഴിൽ മേഖലയെ കണ്ടെന്ന് പോലും നടിച്ചില്ല. നാളികേര സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും കുറ്റ്യാടിത്തേങ്ങയെ സംരക്ഷിക്കും, തേങ്ങയ്ക്ക് താങ്ങുവില കൊണ്ടുവരും..തുടങ്ങി എന്തൊക്കെയായിരുന്നു പ്രഖ്യാപനങ്ങൾ. എന്തെങ്കിലും നടന്നോ...ഒന്നും നടന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ എല്ലാം മറക്കും...' പ്രഫുൽ കൃഷ്ണൻ തുടർന്നു.

@ നാളികേര മേഖല

സംരക്ഷിക്കാൻ എന്തു ചെയ്യും...?

വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് ചെയ്യാൻപറ്റാവുന്നതെല്ലാം കൊണ്ടുവരും.

@ കാർഷിക മേഖലയായിട്ടും

കാർഷികാധിഷ്ഠിത

വ്യവസായം ഇവിടില്ല..?

സത്യത്തിൽ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങൾക്ക് വേണ്ടിയല്ലേ, ഇവിടുത്തെ എം.പിമാരും എം.എൽ.എമാരും ഇടപെടേണ്ടത്. എന്നാൽ ഇക്കാലമത്രയും ഒന്നും ചെയ്തില്ല. അവർ കേന്ദ്ര സർക്കാർ നൽകുന്ന എം.പി ഫണ്ട് ചെലവഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേന്ദ്രത്തിന്റെ റെയിൽവേ, ദേശീയപാത വികസനങ്ങൾ..എല്ലാം തങ്ങളുടെ പദ്ധതിയാണെന്ന് പറഞ്ഞ് മേനി നടിക്കുന്നു. ഞങ്ങളുടെ മുദ്രാവാക്യം മോദി ഗ്യാരണ്ടിയാണ്. ജയിച്ചാലും തോറ്റാലും വടകര മണ്ഡലത്തിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നാളീകേര വികസനത്തിലൂന്നി കേന്ദ്ര പദ്ധതികൾ കൊണ്ടുവരും.

രണ്ടു കാര്യം കൂടി ചോദിക്കാമെന്ന് വിചാരിക്കുമ്പോഴേക്കും പ്രവർത്തകർ തിരക്കുകൂട്ടി. അടുത്ത കേന്ദ്രത്തിലെത്തണം. രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്നിറങ്ങുന്നതാ. പാതിര കഴിയും തിരിച്ചെത്താൻ. ഇനിയുള്ള ഒരുമാസം ഇങ്ങനെ ഓടടാ ഓട്ടം തന്നെയെന്ന് പറഞ്ഞ് പ്രഫുൽ കാറിലേക്ക് കയറി. പിറകിൽ നിന്ന് പ്രവർത്തകരുടെ മാനം മുട്ടുന്ന മുദ്രാവാക്യം വിളികൾ.