vadakara

വടകരയിൽ തീപാറും പോരാട്ടമെന്ന് പറഞ്ഞാൽ ഒട്ടു കുറഞ്ഞുപോകില്ല. ശരിക്കും തീപ്പാറിത്തുടങ്ങിയിട്ടുണ്ട്. 15 വർഷം മുമ്പുവരെ ഇടതു കോട്ടയായിരുന്ന വടകര 2009ൽ മുല്ലപ്പള്ളി പൊളിച്ച് കൈയിൽ കൊടുത്തു. 2014ലും ജയം ആവർത്തിച്ചു. ശേഷം 2019ൽ കെ.മുരളീധരനിലൂടെ യു.ഡി.എഫ് മണ്ഡലം നിലനിറുത്തി. എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കാനാണ് സി.പി.എം ശ്രമം. കെ.കെ.ശൈലജയുടെ ജനസമ്മതിയിലൂടെ അത് സാദ്ധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. പാലക്കാടിന്റെ പ്രിയ എം.എൽ.എ ഷാഫി പറമ്പിലാണ് മണ്ഡലം നിലനിറുത്താനായി യു.ഡി.എഫിനായി ഇറങ്ങുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റും വടകരക്കാരനുമായ പ്രഫുൽ കൃഷ്ണയെ ഇറക്കിയാണ് എൻ.ഡി.എ മത്സരം കടുപ്പിക്കുന്നത്. മൂന്നു മുന്നണി സ്ഥാനാർത്ഥികളും നിലപാട് വ്യക്തമാക്കുന്നു.

പ്രധാന അജൻഡ

രാഷ്ട്രീയം: കെ.കെ.ശൈലജ

(എൽ.ഡി.എഫ് സ്ഥാനാർത്ഥി)

വർഗീയ- ഫാസിസ്റ്റ് ശക്തികളുടെ പിടിയിലമർന്ന രാജ്യത്തിനു ജനാധിപത്യത്തിന്റെ ശ്വാസം നൽകലാണ് ഇത്തവണ ഇടതുപക്ഷത്തിന്റെ കടമ. പൗരത്വ നിയമ ഭേദഗതിയടക്കം രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ഇതുവരെ കാണാത്ത രീതിയിലുള്ള വേട്ടയാണ് നടക്കുന്നത്. അതിനെ പ്രതിരോധിക്കാൻ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കഴിയുന്നില്ല. ബി.ജെ.പി എന്ത് നിയമം കൊണ്ടുവന്നാലും അതിനെ പ്രതിരോധിക്കാനാകാത്ത നിസഹായവസ്ഥയിലാണ് അവർ. അതാണ് എന്തുകൊണ്ട് ഇടതുപക്ഷം എന്ന് ചോദ്യത്തിന് ഉത്തരം. അതുപോലെ വികസനം. വടകരയിൽ കഴിഞ്ഞ 15വർഷം കൊണ്ട് എം.പി ഫണ്ട് വികസനമല്ലാതെ എന്താണ് നടന്നത്?​ വടകരയ്ക്ക് മാത്രമായി പദ്ധതികളുണ്ടായില്ല. കൃഷിയും നിർമ്മാണത്തൊഴിലും പ്രവാസികളുമാണ് മണ്ഡലത്തിൽ കൂടുതലും. അവർക്കായി എന്ത് പദ്ധതികളാണ് ആവിഷ്‌കരിച്ചത്?​ ഇതെല്ലാം ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് കാരണമാവും.

വികസനത്തുടർച്ചയ്ക്ക് യു.ഡി.എഫ്

വരണം: ഷാഫി പറമ്പിൽ

(യു.ഡി.എഫ് സ്ഥാനാർത്ഥി)​

15 വർഷമായി വടകരയെ കാത്തു സൂക്ഷിക്കുന്നത് യു.ഡി.എഫാണ്. ഇടതുപക്ഷം കോട്ടകെട്ടി ഭരിച്ചിരുന്ന വടകരയെ യു.ഡി.എഫിന്റെ കൈകളിലെത്തിച്ചത് ഇടതു ദുർഭരണവും അവരുടെ കൊലപാതക രാഷ്ട്രീയവുമാണ്. ചന്ദ്രശേഖരന്റെ ചോരയുടെ മണം ഇപ്പോഴും വടകരയിൽ നിന്ന് മാറിയിട്ടില്ല. ഇവിടത്ത അമ്മമാരുടേയും സഹോദരിമാരുടേയും ഹൃദയത്തിൽ നിന്ന് ഇപ്പോഴും അതോർത്ത് ചോര പൊടിയുന്നുണ്ട്. ഇടതുപക്ഷം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു കോടതിവിധി. സി.പി.എമ്മിന്റെ പുതിയ രണ്ട് നേതാക്കൾ പ്രതിയാക്കപ്പെട്ടതും ആ ഇരട്ട ജീവപര്യന്തവുമെല്ലാം ഇത്തവണയും വോട്ടാവും. മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണവും കേന്ദ്രസർക്കാരിന്റെ വർഗീയ ഇടപെടലുകളും വലിയ ചർച്ചയാണ്. മുൻഗാമികളായ മുല്ലപ്പള്ളിയും മുരളീധരനും വെട്ടിയ പാതയിലൂടെ തന്നെയാണ് തന്റേയും യാത്ര.

മോദി ഗാരന്റിയിൽ വടകരയും:

പ്രഫുൽ കൃഷ്ണൻ

(എൻ.ഡി.എ സ്ഥാനാർത്ഥി)​

വടകരയും ഇക്കുറി മാറിചിന്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത മോദി ഗാരന്റി കേരളത്തിൽ തരംഗമാവുമ്പോൾ കടത്തനാടിന്റെ മണ്ണിനും മാറിനിൽക്കാനാവില്ല. അത്രമാത്രം ജനകീയ വികസനപ്രവർത്തനങ്ങളാണ് കേന്ദ്രത്തിന്റേതായി വടകരയിൽ നടക്കുന്നത്. ദേശീയപാത വികസനം, കൊയിലാണ്ടി, വടകര, തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ വികസനം തുടങ്ങിയവ വടകരയിലെ എം.പി.മാരുടെ സംഭാവനയല്ല. അത് മോദിയുടെ ഗാരന്റിയാണ്. അതെല്ലാം ഉയർത്തിപ്പിടിച്ച് എട്ടുകാലി മമ്മൂഞ്ഞിനെപ്പോല എല്ലാം തങ്ങളുടേതാണെന്ന് പറയുന്നവരുടെ പൊള്ളത്തരങ്ങൾ ജനം തിരിച്ചറിയുന്നുണ്ട്. വർഷങ്ങളായി വടകര ഭരിക്കുന്ന ഇടതു- വലത് കക്ഷികൾ എന്ത് വികസനമാണ് നടത്തിയത്. സ്വന്തമായി എന്തെങ്കിലും പദ്ധതി കൊണ്ടുവന്നോ?​ ഇതെല്ലാം ഇത്തവണ എൻ.ഡി.എക്ക് അനുകൂലമാകും.