 
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ മരുന്നുക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധി താത്കാലികമായി പരിഹരിച്ചെങ്കിലും രോഗികളുടെ ദുരിതം തീരുന്നില്ല. ജലവിതരണ പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് വെള്ളം എത്താത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം പ്രതിസന്ധിയിലായി. ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു.
21 ന് വൈകീട്ടാണ് കോവൂർ പമ്പ് ഹൗസിനു അടുത്തുള്ള പൈപ്പ്‌ലൈൻ പൊട്ടിയത്. ഇന്നലെ കേരള വാട്ടർ അതോറിറ്റിയുടെ ജല വിതരണ ടാങ്കിലാണ് ആശുപത്രിയിലേക്ക് വെള്ളം കൊണ്ടുവന്നത്. ഉച്ചവരെ രണ്ടു ലോറികൾ മാത്രമാണെത്തിയത്. വെള്ളം ലഭിച്ച കൂട്ടിരിപ്പുകാർ ബക്കറ്റും കുപ്പികളുമായി കോണിപ്പടികൾ കയറിയിറങ്ങുകയാണ്. വെള്ളം മുകളിലെ നിലകളിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തറയിൽ വീണ വെള്ളം ചവിട്ടി പലരും നിലത്തു വീഴുന്ന സാഹചര്യവുമുണ്ട്. വെള്ളം ചിലർക്ക് തീരെ ലഭിച്ചതുമില്ല.
രോഗികളും കൂട്ടിരിപ്പുകാരും മറ്റ് ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകളാണ് ഇവിടെയുള്ളത്. ലോറികളിൽ കൊണ്ടുവരുന്ന വെള്ളം ഇത്രയും പേരുടെ ദൈനംദിന ആവശ്യങ്ങൾക്ക് തികയുമോ എന്നാണ് രോഗികൾ ചോദിക്കുന്നത്. കഴിഞ്ഞയാഴ്ച എസ്.ഡി.എസ് ലബോറട്ടറിക്ക് മുന്നിലുള്ള പാർക്കിംഗിൽ നേരത്തെ പൈപ്പ്‌ലൈൻ പൊട്ടിയിരുന്നുവെന്നും ഇതിവിടെ തുടർക്കഥയാണെന്നും ആശുപത്രി വാസികൾ പറഞ്ഞു.
നിലവിൽ ജല അതോറിറ്റിയുടെ മൂഴിക്കൽ ലൈനിൽ നിന്നാണ് വെള്ളം ടാങ്കർ ലോറികളിൽ കൊണ്ടുവരുന്നത്. കുടിക്കാനും, കുളിക്കാനും, അലക്കാനുമുള്ള വെള്ളത്തിനായി നീണ്ട വരിയിൽ നിൽക്കേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാർ. ഇത് രോഗികളെയും ബുദ്ധിമുട്ടിലാക്കുകയാണ്.
അറ്റകുറ്റപ്പണികൾ ഒരു ദിവസം കൂടി നീളുമെന്നാണ് കരുതുന്നത്. മാവൂർ കൂളിമാടിൽ നിന്നും പമ്പ് ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. മെഡിക്കൽ കോളേജ്, കോവൂർ സംഭരണിയിലേക്കുള്ള പമ്പിംഗ് ലൈനിന്റെ തകരാർ മൂലം സമീപ പ്രദേശങ്ങളിലെ ജനങ്ങളും ബുദ്ധിമുട്ടുകയാണ്.
'കക്കൂസിൽ പോലും വെള്ളമില്ല. ഇത്രയും ജനങ്ങളുള്ള സ്ഥലത്ത് ഒരു പൈപ്പ്‌ലൈൻ പൊട്ടിയാൽ പോലും ശരിയാക്കാൻ അധികൃതരില്ലേ ?, സർക്കാരില്ലേ'
- അബ്ദുൽ ലത്തീഫ്,
ആശുപത്രി നിവാസി
'പൈപ്പ് ലൈനിന്റെ പണി നടക്കുന്നുണ്ട്,കുടിവെള്ളവുമായി ലോറിയും വരുന്നുണ്ട്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കും '
- ബാബു,
സെക്യൂരിറ്റി ഓഫീസർ