 
@ മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ
കോഴിക്കോട്: നാഗർകോവിൽ ജംഗ്ഷനിലെ പ്ലാറ്റ്‌ഫോം നീളം കൂട്ടിയാൽ മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുന്നതിന് തടസമുണ്ടാവില്ലെന്ന് ദക്ഷിണ റെയിൽവേ. പ്ലാറ്റ്‌ഫോം ദീർഘിപ്പിക്കൽ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണെന്നും പൂർത്തിയായാലുടൻ കൂടുതൽ കോച്ചുകൾ പരശുറാമിൽ ഘടിപ്പിക്കുമെന്നും റെയിൽവേ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. റെയിൽവേയുടെ ഉറപ്പിൽ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കേസ് തീർപ്പാക്കി. പരശുറാം എക്സ്പ്രസിലെ ജനറൽ കോച്ചിൽ അനിയന്ത്രിതമായ തിരക്ക് കാരണം യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ കമ്മിഷൻ സ്വമേധയാ എടുത്ത കേസുകളിലാണ് നടപടി.
സതേൺ റെയിൽവേ പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ, അഡ്വ. കെ.വിനോദ് രാജ് മുഖേന സമർപ്പിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
@ തിരക്ക് കണക്കിലെടുത്ത് പരശുറാമിൽ 2023 ഒക്ടോബർ 29 മുതൽ ഒരു അഡീഷണൽ അൺ റിസർവ്ഡ് ജനറൽ കോച്ച് പ്രാബല്യത്തിൽ വന്നു.
മംഗലാപുരം – കോഴിക്കോട് എക്സ്പ്രസ് (16610), കോഴിക്കോട് – കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് സ്‌പെഷ്യൽ (06481), കണ്ണൂർ ചെറുവത്തൂർ അൺ റിസർവ്ഡ് എക്സ്പ്രസ്, ചെറുവത്തൂർ മംഗളൂരു, മംഗലാപുരം കോയമ്പത്തൂർ മംഗലാപുരം, മംഗലാപുരം – മഡ്ഗാവ് – മംഗലാപുരം എന്നിവയിൽ 4 കോച്ചുകൾ വീതം അധികം ലഭ്യമാക്കി.
എറണാകുളം –കണ്ണൂർ ഇന്റർസിറ്റി, ആലപ്പുഴ – കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം ഷൊർണ്ണൂർ എന്നീ ട്രെയിനുകളിൽ ഒരു അഡീഷണൽ അൺ റിസർവ്ഡ് ജനറൽ കോച്ച് ലഭ്യമാക്കി.
പാലക്കാട് ഡിവിഷനിലെ എല്ലാ ട്രയിനുകളിലും പരമാവധി കോച്ചുകൾ ഘടിപ്പിക്കുന്നതിനുള്ള അപേക്ഷ ചെന്നൈ റെയിൽവേ ഹെഡ്ക്വോട്ടേഴ്സിന് നൽകി.
ബംഗളൂരു – കണ്ണൂർ ബംഗളൂരൂ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള പ്രപ്പോസൽ റെയിൽവേ ബോർഡിന്റെ അനുമതി കാത്തുകിടക്കുന്നു. ഇത് നടപ്പിലായാൽ രാവിലെയും വൈകിട്ടുമുള്ള തിരക്ക് നിയന്ത്രിക്കാം.