അതിരാവിലെയാണ് ഷാഫി പറമ്പിൽ തലശ്ശേരി മത്സ്യമാർക്കറ്റിലെത്തിയത്. മർക്കറ്റ് നേരത്തെ സജീവം. അദ്യം കയറിയ സ്റ്റാളിൽ വലിയ തിരണ്ടി മുറിക്കുന്നു...' മീനൊക്കെ സമൃദ്ധമായിട്ടുണ്ടല്ലേ...ഷാഫിയുടെ ചോദ്യം കേട്ട് തൊഴിലാളികൾ ആശങ്ക പങ്കുവച്ചു..' പഴയ അവസ്ഥയൊന്നുമല്ല, നാട്ടിൽ നിന്ന് പോകുന്നവർക്കൊന്നും മീനില്ല. ഇവിടെയൊക്കെ എല്ലാ മീനും പുറത്തുനിന്നാ...നമ്മുടെ ഹാർബറിൽ നിന്ന് പോകുന്നവർക്കൊക്കെ മീൻകുറവാ...ആശാസ്ത്രീയമായി മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാനക്കാരെക്കൊണ്ട് പൊറുതിമുട്ടി...'
മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളും ആവലാതികളും കേട്ട് ഇടപെടാമെന്ന് ഉറപ്പുനൽകി ഷാഫി അടുത്ത കേന്ദ്രത്തിലേക്ക്.
'സ്പീക്കറേ ഒരു വോട്ടുണ്ടോ...'
തലശ്ശേരി നഗരസഭാ കാര്യാലയത്തിൽ വോട്ടുതേടിയെത്തിയപ്പോൾ ഷാഫിയൊന്നു ഞെട്ടി. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറുണ്ട് ചെയർപേഴ്‌സന്റെ മുറിയിൽ. സ്പീക്കർക്ക് രാഷ്ട്രീയമില്ലല്ലോ. ' ഒരു വോട്ട് കിട്ടുമോ...?' ഷാഫിയുടെ ചിരിച്ചുകൊണ്ടുള്ള ചോദ്യം ഷംസീറിനേയും ചിരിപ്പിച്ചു. തലശ്ശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്പീക്കർക്ക് ഇതേ മണ്ഡലത്തിലെ പാറാലിലാണ് വോട്ടുള്ളത്. വടകര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് തലശേരി. പരസ്പരം കൈകൊടുത്ത് കുശലം പറഞ്ഞ് പുറത്തുതട്ടി ഷംസീർ ഷാഫിയെ യാത്രയാക്കി. ഷാഫിക്കും സന്തോഷം ഷംസീറിനും. നഗരസഭാദ്ധ്യക്ഷ കെ.എം ജമുനാ റാണിയോടും ജീവനക്കാരോടും വോട്ട് ചോദിച്ചാണ് ഷാഫി മടങ്ങിയത്.
തിരക്കിട്ട ഓട്ടത്തിനിടെ നടുറോഡിൽ പിടിച്ചുനിർത്തിയാണ് രണ്ടുവാക്ക് ചോദിക്കുന്നത്. അപ്പോഴും സൗമ്യനായി ഊർജ്ജസ്വലനായി എന്തിനും മറുപടി നൽകാനൊരുങ്ങി ഷാഫി.
@ വടകരയെന്നാൽ കൃഷിയും കടലോരവും നിർമാണ മേഖലയുമാണ്.എന്താണ് പ്രതീക്ഷകൾ?
കടലോര മേഖലയും മലയോര മേഖലയും ഇടയിൽ നഗരങ്ങളുമുള്ളതാണ് വടകര പാർലമെന്റ് മണ്ഡലം. കടലോര മേഖലയിൽ പ്രധാനപ്രശ്നങ്ങൾ കടൽഭിത്തിയുമായി ബന്ധപ്പെട്ടതും, ഹാർബറുകളുടെ ആധുനികവത്ക്കരണവും പിന്നെ കടലോര നിവാസികളുടെ പാർപ്പിടങ്ങളുമായി ബന്ധപ്പെട്ടയാണ്. ഇതിൽ കെ. മുരളീധരൻ എം.പിയും കെ.കെ രമ എം.എൽ.എ യും തുടങ്ങിവച്ച കുറേ കാര്യങ്ങളുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യസംസ്‌കരണവും കയറ്റുമതിയും ഒക്കെ സാദ്ധ്യമാകുന്ന ഹാർബർ പരിഷ്‌കാരം മന്നോട്ടുവച്ചിട്ടുണ്ട്. തീർച്ചയായും വടകരയ്ക്ക് വലിയ വികസനം സാദ്ധ്യമാകുന്ന ഈ നിർദ്ദേശം ഗൗരവമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. കടൽഭിത്തിയുടെയും പാർപ്പിട സൗകര്യങ്ങളുടെ നിർമ്മിതിയുടെയും കാര്യത്തിൽ തീർച്ചയായും ഇടപെടലുകളുണ്ടാവും. നാളികേരത്തിന്റെ താങ്ങുവില, നെൽകൃഷിയുടെ വിപുലീകരണം, കാർഷികവിളകളുടെ സംഭരണം ഇതെല്ലാം കർഷകർ ഉന്നയിച്ച അതേ ഗൗരവത്തോടെ കാണുന്നു. ഈ രണ്ടു മേഖലകളിലെയും ആധുനികവത്കരണവും വളർച്ചയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവയാണ്.
വിവരസാങ്കേതിക മുൻതൂക്കം നൽകി പുതിയ കോളേജുകളും കോഴ്‌സുകളും വിദ്യാഭ്യാസമേഖലയിൽ ആരംഭിക്കണം, സ്‌പോർട്‌സിനും പ്രാധാന്യം നൽകണം. നവോദയ വിദ്യാലയവും കേന്ദ്രീയ വിദ്യാലയങ്ങളുമടക്കം സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധിക്കും.