കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോൾ കോൺഗ്രസിനെ കടന്നാക്രമിച്ച് എൽ.ഡി.എഫും എൻ.ഡി.എയും. കാര്യമായ പ്രതികരണത്തിന് മുതിരാത്ത കോൺഗ്രസും യു.ഡി.എഫും രാഹുൽ ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിലൂന്നിയാണ് എൽ.ഡി.എഫ് നേതാക്കൾ കോൺഗ്രസിനെ കടന്നാക്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കടപ്പുറത്ത് നടന്ന പൗരത്വ സംരക്ഷണ റാലിയിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചതിന്റെ തുടർച്ചയായി മറ്റ് നേതാക്കളും മന്ത്രിമാരും ഇത്തരത്തിലുള്ള പ്രചാരണവുമായി രംഗത്തെത്തി.
ഇന്നലെ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോൺഗ്രസിനെതിരെ പരിഹാസം ചൊരിഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണെന്നും അതത് പഞ്ചായത്തിന്റെ അന്തരീക്ഷം നോക്കിയാണ് നിലപാടെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഡി.എയും കോൺഗ്രസിനെതിരെ കടന്നാക്രമിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം, വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനെതിരായ പ്രതിഷേധം എന്നിവ ചൂണ്ടിക്കാണിച്ചുള്ള പ്രചാരണത്തിന് പുറമെ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ എം.പിയെ ലക്ഷ്യംവച്ചുള്ള പ്രചാരണവും ശക്തമാക്കി.
എം.കെ രാഘവൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മേനിനടിക്കുന്നയാളാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് ആരോപിച്ചു. പാർലമന്റ് അനുവദിച്ച തുകയുടെ കണക്ക് പറയാൻ പോലും എം.കെ. രാഘവൻ തയ്യാറായിട്ടില്ലെന്നും ആദർശ് ഗ്രാമം പദ്ധതി പ്രകാരം ഒരു ഗ്രാമം ദത്തെടുത്ത് വകസനം നടത്താമായിരുന്നിട്ടും അത് ചെയ്തില്ലെന്നും എം.ടി. രമേശ് പറഞ്ഞു. വികസന വിഷയത്തിൽ എം.പിയെന്ന നിലയിൽ പാർലമെന്റിൽ ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുണ്ടോയെന്ന ചോദിക്കുന്ന എൻ.ഡി.എ എം.കെ രാഘവന്റെ പെർഫോർമൻസ് എന്തായിരുന്നുവെന്ന് രേഖകൾ സംസാരിക്കുമെന്ന് പറഞ്ഞുവയ്ക്കുകയാണ്.
എൽ.ഡി.എഫ് കോഴിക്കോട് ലോക്സഭാമണ്ഡലം സ്ഥാനാർത്ഥി എളമരം കരീം ഇന്നലെ സെൻട്രൽ മാർക്കറ്റിലുൾപ്പെടെ പ്രചാരണം നടത്തി. നേതാവിന് വലിയ സ്വീകരണമാണ് തൊഴിലാളികൾ ഒരുക്കിയത്. കോഴിക്കോട് സഹകരണ ആശുപത്രി, ലക്ഷ്യ കോളേജ്, വിവിധ കച്ചവട സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് വോട്ടുതേടി. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ എം.പിക്ക് ഇന്നും പൊതുപരിപാടികൾ ഉണ്ടായിരുന്നില്ല.
എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് എഴുത്തുകാരൻ പി.ആർ.നാഥൻ നിത്യ ദാസ്, കെ.കെ. ഭാസി എന്നിവരെ സന്ദർശിച്ചു. മാളുകളിലും കച്ചവട സ്ഥാപനങ്ങളിലും വോട്ടുതേടി. ഇഫ്താർ മീറ്റിലും പങ്കെടുത്തു.
വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് ഇന്നലെ പൊതുപ്രചാരണ പരിപാടികൾ ഉണ്ടായിരുന്നില്ല.
യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തലശേരിയിൽ പ്രചാരണം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി മണ്ഡലത്തിൽ പ്രചാരണം നടത്തി. പയ്യോളിയിൽ കേളപ്പജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.