1
1

കോഴിക്കോട്: വിഷുവിപണി ലക്ഷ്യമാക്കി വിളവിറക്കിയ കാർഷിക വിളകൾ കടുത്ത വേനലിൽ കരിഞ്ഞുണങ്ങുന്നത് കർഷകരുടെ നെഞ്ചുലയ്ക്കുന്നു. വേനൽ തുടങ്ങുന്നതിന് മുമ്പു തന്നെ പാടശേഖരങ്ങൾക്ക് സമീപമുള്ള കുളങ്ങളും തോടുകളും നീർച്ചാലുകളും വറ്റിയതോടെ പയർ, പാവൽ, പടവലം തുടങ്ങിയ പച്ചക്കറി കൃഷിയും ഏത്തവാഴ കൃഷിയും കരിഞ്ഞു തുടങ്ങി. കിലോമീറ്ററുകളോളം വെള്ളം ചുമന്ന് കൊണ്ടുവന്നും മോട്ടോർ ഉപയോഗിച്ചുമാണ് പലരും കൃഷിക്ക് നനയ്ക്കുന്നത്. എന്നാൽ ഒരു വെയിലേൽക്കുന്നതോടെ ജലാംശം പൂർണമായി വറ്റുന്നതിനാൽ പിറ്റേന്ന് ഇതിന്റെ ഇരട്ടി വെള്ളം ഒഴിക്കേണ്ട സ്ഥിതിയാണ്. ഇതോടെ വർഷങ്ങളായി ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ കൃഷിയിറക്കിയ കർഷകർ കൃഷി കുറച്ചു. മികച്ച രീതിയിൽ വിളവിറക്കി നേട്ടം വരിച്ചിരുന്ന കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ, ചെറു സംഘങ്ങൾ എന്നിവർ ജലക്ഷാമം രൂക്ഷമായതോടെ ഇപ്രാവാശ്യം കാര്യമായി കൃഷി ഇറക്കിയിട്ടില്ല.

@കരിഞ്ഞുണങ്ങി കണിവെള്ളരികൾ

ചൂട് കൂടിയതോടെ കണി വെള്ളരി വള്ളികൾ പടർന്നുകയറാനാവാതെ ഉണങ്ങിപ്പോകുന്നത് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. മാവൂരിലെ പാടങ്ങളിൽ നിരവധി കർഷകരാണ് കണി വെള്ളരി കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നത്. വെള്ളം കുറവായതിനാലും ചൂട് കൂടിയതോടെയും വെള്ളരികൾക്ക് വലിപ്പം കുറവാണ്. കണിവെളളരിയുടെ പൂക്കൾ പൊഴിഞ്ഞു. മൂപ്പെത്താതെ തന്നെ കായകൾ മഞ്ഞ നിറമാവുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
മാവൂർ,പെരുവയൽ,കുറ്റിക്കാട്ടൂർ,വെള്ളന്നൂർ,ചെത്തുകടവ്, കുന്ദമംഗലം, ചാത്തമംഗലം, മുണ്ടുപാലം ഭാഗങ്ങളിൽ വ്യാപകമായി വർഷങ്ങളായി വെള്ളരി കൃഷിചെയ്യുന്നുണ്ട്. ഏപ്രിൽ ആദ്യ ആഴ്ചയോടെ ഇവ വിളവെടുക്കാൻ പാകമാകും. അതിനിടെയാണ് വേനൽ കടുക്കുന്നത്.

@ പ്രതീക്ഷ മങ്ങി പച്ചക്കറി കർഷകർ

വിഷു വിപണി ലക്ഷ്യമിട്ട പച്ചക്കറികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനുവരി അവസാനം മുതലാണ് പച്ചക്കറി കൃഷിക്ക് വിത്തിടൽ ആരംഭിക്കുക. പയർ, പാവൽ, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം, പടവലം എന്നിവയെല്ലാം ദിവസവും രണ്ടുനേരം നനക്കേണ്ടതാണ്. നനവ് കുറഞ്ഞതോടെ കായകളുടെ വലിപ്പവും കുറഞ്ഞു. പലയിടത്തും കർഷകർ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത വാഴകൾ ചൂട് താങ്ങാതെ ഒടിഞ്ഞുതൂങ്ങി. മൂപ്പെത്താത്ത വാഴക്കുലകളാണ് കൂടുതലും ഒടിഞ്ഞു വീഴുന്നത്. പ്രത്യേകിച്ച് നേന്ത്രവാഴകൾ. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കുന്നവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

കുടിക്കാൻ വെള്ളം കിട്ടാത്ത സാഹചര്യത്തിൽ വിളവുകളുടെ ജനസേചനം എങ്ങനെയാണ് സാദ്ധ്യമാക്കുക. കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയ പലർക്കും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ജയപ്രകാശ്,

കർഷകൻ