mk
MK

കോഴിക്കോട്: അവധി ദിനത്തിലും അവധിയില്ലാതെ ആവേശമുയർത്തി പ്രചാരണം. ആദ്യഘട്ട മണ്ഡല പര്യടനം പൂർത്തിയാക്കിയ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ വ്യത്യസ്ത പ്രചാരണമാണ് ഇന്നലെ നടത്തിയത്.

കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ നിരവധി കുടുംബയോഗങ്ങളിൽ പങ്കെടുത്ത് വോട്ട് അഭ്യർത്ഥിച്ചു. ഒളവണ്ണ, പുത്തൂർമഠം, പെരുമണ്ണ, കുറ്റിക്കാട്ടൂർ, പെരുവയൽ എന്നിവടങ്ങളിലെല്ലാം വീടുകളിൽ ചേർന്ന കുടുംബയോഗങ്ങളിലെത്തി വോട്ടുതേടി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ട് സംവാദങ്ങളിൽ പങ്കെടുത്തു. ഹോട്ടൽ ട്രിപ്പന്റയിൽ വികസന സംവാദവും യുവ സംവാദവും നടന്നു. തുടർന്ന് പുതിയങ്ങാടിയിൽ പൊതുയോഗത്തിലും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശിന് ഇന്നലെ പര്യടനം ഉണ്ടായില്ല.

വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഓശാന തിരുനാൾ ദിനത്തിൽ മരുതോങ്കര സെന്റ് മേരീസ് ഫൊറോന ചർച്ചിലും പശുക്കടവ് സെന്റ് തെരേസാസ് ചർച്ചിലും വിശ്വാസികളുമായി ഒത്തുചേർന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ വടകരയിൽ പ്രചാരണം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് ഇന്നലെ പര്യടനമുണ്ടായില്ല. സൗഹൃദ സന്ദർശനങ്ങൾ നടത്തി.