1
കോർപ്പറേഷൻ വാർഡ് 16,17 കൗൺസിലർമാരുടെ നേതൃത്വത്തിൽ മലാപ്പറമ്പ് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ഉപരോധിച്ചപ്പോൾ .

@ നാടും നഗരവും വരൾച്ചാ ഭീഷണിയിൽ

കോഴിക്കോട്: വേനൽ കടുത്തതോടെ ജില്ല വരൾച്ചാ ഭീഷണിയിൽ. കിണറുകളും പുഴകളും തോടുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. ഇരുവഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ, പൂനൂർപുഴ, ചാലിയാർ തുടങ്ങി ജില്ലയിലെ പ്രധാന പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. നഗരത്തിൽ മെഡിക്കൽ കോളേജ് ഭാഗം, ചെലവൂർ, മായനാട്, മൂഴിക്കൽ, കോട്ടൂളി എന്നിവിടങ്ങളിലെല്ലാം കുടിവെള്ളം ആവശ്യത്തിന് കിട്ടാത്ത സ്ഥിതി വന്നിരിക്കുന്നു. നഗരത്തിൽ വെള്ളം എത്തിക്കുന്ന മാനാഞ്ചിറയിലെ ജലനിരപ്പും കുറഞ്ഞുവരികയാണ്.

@ പ്രതിസന്ധി പലവിധം

കുടിവെള്ള പൈപ്പ് പൊട്ടൽ തൊട്ട് റോഡുകളുടെ നിർമ്മാണം വരെ കുടിവെള്ളം മുട്ടിക്കുന്നതിന് പ്രതിസന്ധികൾ പലവിധമാണ്. റോഡുകളുടെയും പാലങ്ങളുടെയും വൈറ്റ് ടോപ്പ് നിർമ്മാണമാണ് നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നത്. ജപ്പാൻ കുടിവെള്ള ക​ണ​ക്​ഷൻ ഉണ്ടെ​ങ്കി​ലും ചൂടുകൂടിയതോടെ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വെ​ള്ളം വീടുകളിലെത്താറില്ല. പ​രാ​തി പറയുമ്പോൾ എ​ല്ലാ ദി​വ​സ​വും പ​മ്പിംഗ് ന​ട​ത്താ​റു​ണ്ടെ​ന്നും താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​ത്തി​ന്റെ ഉ​പ​യോ​ഗം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്നെന്നുള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പലപ്പോഴും പൊട്ടിയ പൈപ്പുകൾ വേഗത്തിൽ ശരിയാക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം കൂളിമാട് നിന്നുള്ള പൈപ്പ് ലൈൻ പൊട്ടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വെെകി. വെള്ളമില്ലാത്തതിനാൽ മണിക്കൂറുകളാണ് രോഗികൾ വലഞ്ഞത്. ജല ജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കലിലൂടെ ലിറ്റർകണക്കിന് വെള്ളമാണ് പലയിടത്തും പാഴാവുന്നത്.

@കുടിവെള്ളത്തിനായി

പ്രതിഷേധം, ഉപരോധം

കുടിവെള്ളപ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഇടപെടൽ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ വാർഡ് 16,17 വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മലാപ്പറമ്പ് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ഉപരോധിച്ചു . കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കാമെന്നും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ട പെരുവണ്ണാമൂഴിയിലെ ഷട്ടറുകൾ തുറക്കാമെന്നും സൂപ്രണ്ടിംഗ് എൻജിനിയർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. മുൻ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം .മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.എം. ജംഷീർ, എം.പി .ഹമീദ് ,കൗൺസിലർമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. കെ.പി .ശിവാജി സ്വാഗതം പറഞ്ഞു.

' ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഇടപെടും. പുഴകളിലും മറ്രും താത്കാലിക തടയിണകൾ സ്ഥാപിച്ചും നിലവിലുള്ള ജലസ്രോതസുകളെ നിലനിറുത്തിയുമാണ് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നത്. ശുദ്ധജലം സംബന്ധിച്ച പരാതികളിൽ ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. . ''- അൻസാർ‌, സൂപ്രണ്ടിംഗ് എൻജിനിയർ,വാട്ടർ അതോറിറ്റി

''വാർ‌ഡുകളിൽ കുടിവെള്ളം ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വാട്ടർ അതോറിറ്റിയിലേക്ക് ഉപരോധം സംഘടിപ്പിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം എത്തിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. പരിഹാരം ഉടനില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം''- അഡ്വ. സി.എം ജംഷീർ, കൗൺസിലർ