ഒന്നര പതിറ്റാണ്ടായി കോഴിക്കോടിന്റെ മനസും വോട്ടും എം.കെ. രാഘവനൊപ്പമാണ്. ഓരോ തവണയും ലീഡുയർത്തി വിജയം കുറിയ്ക്കുന്ന എം.കെ.ആർ കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി. നിയമസഭയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലങ്ങൾ ലോക്സഭയിൽ രാഘവനൊപ്പം കൂടും. ഇതെന്ത് മാജിക്കെന്ന് ചോദിക്കുന്നവരോട് അദ്ദേഹം പറയും, മാജിക്കൊന്നുമില്ല, നാടിനെ ചേർത്തുപിടിച്ചതിന്റെ സ്നേഹം.
പ്രചാരണത്തിനെത്തുന്നിടത്തെല്ലാം ഈ സ്നേഹം എം.കെ. രാഘവൻ അനുഭവിച്ചറിയുന്നുണ്ട്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പെ ജനഹൃദയ യാത്ര നടത്തി ഒരുഘട്ടം മണ്ഡല പര്യടനം പൂർത്തിയാക്കിയതാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ഒരുവട്ടം കൂടി പര്യടനം നടത്തി. പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ ഗൃഹ സന്ദർശനമാണ് കൂടുതൽ. ഓരോ നാട്ടിലും ചെറിയ കുടുംബ യോഗങ്ങൾ. കാൽ മണിക്കൂറിലധികം നീളാത്ത പ്രചാരണം. സ്ത്രീകളാണ് പങ്കെടുക്കുന്നവരിൽ ഏറെയും.
യോഗങ്ങൾ നേരത്തെ തന്നെ തുടങ്ങും. പ്രാദേശിക നേതാക്കളും മറ്റും സംസാരിക്കും. ഇതിനിടെയാണ് സ്ഥാനാർത്ഥിയെത്തുക. അൽപം സൗഹൃദ സംഭാഷണം, വോട്ടഭ്യർത്ഥന. തുടർന്ന് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും വികസനവുമെല്ലാം ഉൾക്കൊള്ളിച്ച് ലഘു പ്രസംഗം. ശേഷം വോട്ടുറപ്പിച്ച് സ്ഥാനാർത്ഥി മടങ്ങും.
പെരുവയൽ പഞ്ചായത്തിലെ പേര്യയിൽ എം.കെ. രാഘവനെത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. പൊന്നമ്പത്ത് മൊയ്തീന്റെ വീട്ടിലായിരുന്നു കുടുംബ യോഗം. സമീപ വീടുകളിൽ നിന്നും മറ്റുമായി പ്രായം എഴുപതിനോടുക്കുന്ന സഫിയ ഉൾപ്പടെ നിരവധി സ്ത്രീകൾ സ്ഥാനാർത്ഥിയെ കാത്തിരിപ്പുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും ഇതിനായി രാഹുൽ ഗാന്ധിയുടെ കരങ്ങൾ ശക്തി നൽകണമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞപ്പോൾ കൈയടി നിറഞ്ഞു. ആ കൈയടിയുടെ ആത്മവിശ്വാസത്തിൽ സ്ഥാനാർത്ഥി മടങ്ങുമ്പോൾ സഫിയ പറഞ്ഞു. ""വോട്ട് കോൺഗ്രസിന് തന്നെ. ഇതുവരെ മാറ്റി ചെയ്തിട്ടില്ല, ഇന്ദിരാഗാന്ധിയുടെ കാലം തൊട്ടേ അങ്ങനെയാണ്. കേന്ദ്രത്തിലെ ഭരണം മാറിയേ പറ്റൂ, രാഹുൽ ഗാന്ധി വരണം"". ആശങ്ക വേണ്ടെന്നും കൂടെയുണ്ടാവുമെന്നും ഉറപ്പ് നൽകി സ്ഥാനാർത്ഥി മടങ്ങി.
@ വിജയ പ്രതീക്ഷ
കോഴിക്കോടിനെ ഞാൻ ചേർത്തു പിടിച്ചു, നാട് എന്നെയും. മൂന്ന് വട്ടം വിജയിപ്പിച്ചവർ നാലാമതും വിജയിപ്പിക്കും. എം.പിയായ ശേഷമുള്ള പ്രവർത്തനം ജനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. നിരവധി കേന്ദ്ര പദ്ധതികൾ കോഴിക്കോട്ട് കൊണ്ടുവരാൻ സാധിച്ചു. എല്ലാ മേഖലകളിലും വികസനമുണ്ടായി. ഇതെല്ലാം ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.
@ എന്തിന് യു.ഡി.എഫിന് വോട്ട് ചെയ്യണം
രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ്. അതിശക്തമായ പോരാട്ടമാണ് നടക്കുന്നത് ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. രാഹുൽ ഗാന്ധിയാണ് പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ജനദ്രോഹ നടപടികളാണ് തുടരുന്നത്. കോൺഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയുടെ അജണ്ട. കോൺഗ്രസ് മുക്ത കേരളമാണ് സി.പി.എം അജണ്ട. പൗരത്വഭേദഗതി നിയമത്തിനെ പ്രതിരോധിക്കാൻ കോൺഗ്രസാണ് മുന്നിൽ നിൽക്കുന്നത്.
@ വികസനത്തിനായി എന്തുചെയ്യും ?
വികസനത്തുടർച്ചയ്ക്കാണ് വോട്ടുചോദിക്കുന്നത്. എയിംസ് കോഴിക്കോട്ട് കൊണ്ടുവരിക പ്രധാന ലക്ഷ്യം. റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, ദേശീയ പാത എന്നിവിടങ്ങളിലെല്ലാം വികസന തുടർച്ചയുണ്ടാവണം. അതിനായാണ് മത്സരം.