rise
കെ.അരി

@ എത്തിയത് 800 ക്വിന്റൽ അരി മാത്രം

@ കെ അരി വില 30 (കിലോ)​

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച കെ അരി വന്നേ അതേ വേഗതയിൽ തീർന്നു. അടുത്ത സ്റ്റോക്ക് ഇന്നെത്തും നാളെയെത്തുമെന്ന സപ്ലെൈകോയുടെ ഉറപ്പിൻമേൽ ദിവസവും ഔട്ട്ലെറ്റുകൾ കയറിയിറങ്ങുകയാണ് ജനം. ശബരി കെ റൈസ് ബ്രാൻഡ് അരി ജില്ലയിലെ നാല് ഡിപ്പോകളിലായി 800ക്വിന്റലാണ് ആദ്യഘട്ടത്തിൽ എത്തിച്ചത്.

സപ്ലൈകോയുടെ 138 ഔട്ട്‌ലെറ്റുകളിലും വിതരണത്തിനെത്തിച്ച കുറുവ അരിയ്ക്ക് വൻ സ്വീകാര്യത ലഭിച്ചതോടെ ആവശ്യക്കാർ കൂടി. കാർഡ് ഒന്നിന് അഞ്ച് കിലോ അരിയാണ് നൽകിയിരുന്നത്. കുറുവ അരി കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതിനാൽ കാർഡുടമകൾ കൂട്ടത്തോടെയാണ് എത്തിയതാണ് സപ്ലൈകോയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയത്. ഈസ്റ്ററിനും ചെറിയ പെരുന്നാളിനും കുറുവ അരി ചോറ് തിന്നാമെന്ന് ആഗ്രഹിച്ചവരും സപ്ലൈകോയുടെ ഉരുണ്ടുകളിയിൽ നിരാശരാണ്.

@സബ്സിഡി സാധനങ്ങളും ഇല്ല

25നും 29നും ഇടയിൽ സബ്സിഡി സാധനങ്ങൾ മാവേലി സ്റ്റോറുകളിൽ എത്തുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി. ചെറുപയറും വെളിച്ചെണ്ണയും,ഉഴുന്നും മാത്രമാണ് സ്റ്റോറുകളിൽ ഉള്ളത്. ചില സ്ഥലങ്ങളിൽ സാധനങ്ങൾ എത്തിയെങ്കിലും തീർന്നു. നിലവിലെ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ഈസ്റ്റർ- വിഷു സബ്‌സിഡി സാധനങ്ങൾ കൂടി ചേർത്ത് വിതരണം ചെയ്യുമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സബ്സിഡി ഇതര ഇനങ്ങൾക്കും ഓഫറുകൾ നൽകി ‘സപ്ലൈകോ ഗോൾഡൻ ഓഫർ’ എന്ന പേരിൽ പുതിയ സ്‌കീം ആവിഷ്കരിക്കുമെന്നും വെള്ളക്കടല, ഉലുവ, ഗ്രീൻപീസ്, കടുക്, പിരിയൻ മുളക് തുടങ്ങിയ 15 ഇനം സബ്സിഡി ഇതര ഉത്പ്പന്നങ്ങൾക്ക് സ്‌കീം പ്രകാരം 15 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇതുവരെ സപ്ലൈകോയിൽ ഈസ്റ്റർ -വിഷു സബ്സിഡി സാധനങ്ങൾക്കുള്ള ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

@ ‌ഏറുന്നു സാമ്പത്തിക ബാദ്ധ്യത

സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായതോടെ സപ്ലൈകോ സ്റ്റോറുകളും വലിയ പ്രതിസന്ധിയിലാണ്. ഗോഡൗണുകളിൽ സാധനങ്ങൾ എത്തുന്നില്ല. കുടിശിക നൽകാത്തതിനാൽ സാധനങ്ങൾ നൽകാൻ വിസമ്മതിക്കുകയാണ് വിതരണക്കാർ. സബ്സിഡി സാധനങ്ങൾ പലതും ഇല്ലാതെയാണ് മാവേലി സ്റ്റോറുകൾ മുന്നോട്ടുപോകുന്നത്.

'' പർച്ചേസ് ഓ‌ഡറുകൾ നൽകുന്നുണ്ട്. അതിനനുസരിച്ച് സാധനങ്ങൾ ഗോഡൗണുകളിൽ എത്തിത്തുടങ്ങി. അടുത്ത ദിവസങ്ങളിൽ ഔട്ട് ലെറ്റുകളിൽ എത്തും. കെ. അരിയും ഉടനെ എത്തും''- അനൂപ് കെ.സി, സപ്ലൈകോ റീജിയണൽ മാനേജർ