mtr
കോഴിക്കോട് മണ്ഡലം ​​​​​​​എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി.രമേശ് കൊടിനാട്ടുമുക്കിൽ വോട്ടഭ്യർത്ഥിക്കുന്നു

' ഒന്നും വേണ്ട, കോർപ്പറേഷനിലെ പാവങ്ങൾക്ക് കുടിവെള്ളമെങ്കിലും നേരാം വണ്ണം കൊടുത്തുകൂടെ, അഴകും അലങ്കാരവുമൊക്കെ പോട്ടെ, കുടിവെള്ളവും പാർപ്പിടവുമല്ലേ പ്രധാനം...അതുപോലുമില്ല നഗരത്തിൽ. പിന്നെങ്ങെനയാ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ വികസനകാര്യം നിർവഹിക്കുക... കളിയാക്കുന്നതല്ല, കണ്ണീരാണ് വരുന്നത്. മനുഷ്യൻ കുടിവെള്ളം കിട്ടാത്തതിന് ഈ പരിഷ്‌കൃത സമൂഹത്തിൽ സമരം ചെയ്യുന്നത് കാണുമ്പോൾ...'

കോഴിക്കോട് കോർപ്പറേഷന് മുന്നിൽ വെച്ചാണ് എൻ.ഡി.എ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം.ടി.രമേശിനെ കണ്ടത്. കോർപ്പറേഷൻ പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിൽ പ്രതിഷേധിച്ച് എൻ.ഡി.എ സംഘടിപ്പിച്ച ജനകീയ സത്യാഗ്രഹ സമര വേദിയിലായിരുന്നു എം.ടി.ആർ. ഇന്നത്തെ എന്റെ പര്യടനം ഒരു വോട്ട് സമര യാത്രയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു തുടക്കം.
മണ്ഡലത്തിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലലാണ് പ്രധാന പരിപാടികൾ. പക്ഷേ, ഇന്നലെ കോഴിക്കോട്ട് ഇടത് കൗൺസിലർമാർതന്നെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ മലാപ്പറമ്പിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നത് കണ്ടു. യാത്രയിലുടനീളം ജനത്തിന് പറയാനുള്ളത് നീറുന്ന കുടിവെള്ള പ്രശ്‌നത്തെക്കുറിച്ചാണ്. അതുകൊണ്ടാണ് രാവിലെ തന്നെ കോർപ്പറേഷന് മുന്നിലെ സമരപന്തലിലേക്കെത്തിയത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന പദ്ധതികൾ നിരവധിയുണ്ട്. പക്ഷേ, അതൊക്കെ നടപ്പിലാക്കണമെങ്കിൽ സ്വന്തം വീട്ടിൽ ഒരു ദിവസം കുടിവെള്ളം മുട്ടിയ അവസ്ഥയുണ്ടാകണം. അല്ലെങ്കിൽ സുഹൃത്തുക്കൾ, നാട്ടുകാർ, സമൂഹം...ഇവരുടേയൊന്നും പ്രശ്‌നങ്ങളിലൂടെ കടന്നുപോകാതെ എന്ത് വികസനമാണ് നാട്ടിൽ ഇവരൊക്കെ നടത്താൻ പോകുന്നത്...?

കോർപ്പറേഷൻ ഓഫീസിലെ സമരപന്തലിൽ നിന്ന് ഇറങ്ങിയ രമേശും പ്രവർത്തകരും നേരെ പോയത് മലബാർ ഐ ഹോസ്പിറ്റലിലേക്ക്. അവിടുത്തെ ജീവനക്കാരും ഡോക്ടർമാരുമായി കുശലാന്വേഷണം. അതിനിടെ നഴ്‌സിന്റെ ചോദ്യം ' സാറേ..കടുത്ത ചൂടാ ഓടിത്തളർന്നതല്ലേ...കണ്ണ് പരിശോധിച്ചാലോ...'
തനി വടകര സ്‌റ്റൈലിൽ രമേശിന്റെ മറുപടി ' ഉയന്റമ്മേ ഇപ്പം വേണ്ട, പിന്നെ വരാം...'

ഒളവണ്ണയിലെ കൊടുനാട്ട് മുക്കിലേക്കാണ് പിന്നത്തെ പര്യടനം. അവിടേയും വിഷയം കുടിവെള്ള പ്രശ്‌നം. കടകളിലും വീടുകളിലും കയറി രമേശ് സംവദിക്കുമ്പോൾ വീട്ടിലെ മാത്രമല്ല നാട്ടിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം അവർ പങ്കുവെച്ചു. ഒളവണ്ണ, ചാത്തോത്തറ, കൊടുനാട് മുക്ക്, ഒടുമ്പ്ര തുടങ്ങിയ മേഖലകളിലെല്ലാം ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ലോറിയിലെങ്കിലും കുടിവെള്ളമെത്തിക്കണമെന്ന് ജനം...' കൂടെയുണ്ട് തിരഞ്ഞെടുപ്പ് കാലമായതിനാൽ ഒന്നും പ്രഖ്യാപിക്കാൻ കഴിയില്ല, കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാവുമെന്നുമാത്രം ആശ്വസിപ്പിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.
കുന്നത്തുപാലം ടൗൺ, പന്തീരാങ്കാവ് ടൗൺ, കുന്ദമംഗലം നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം...അങ്ങനെയങ്ങനെ എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ പതിവുപോലെ പാതിര.

@ എങ്ങനെയുണ്ട് കോഴിക്കോട്ടെ ഓട്ടം..?

നിങ്ങൾ കാണുന്നില്ലെ, എല്ലായിടത്തും മനുഷ്യരുടെ ജീവൽ പ്രശ്‌നങ്ങളാണ് പ്രധാനം. കുടിവെള്ളം, പാർപ്പിടം, മാലിന്യം. നമ്മൾ കുറേ നോട്ടിസുകളും ബോർഡുകളും പത്ര പരസ്യങ്ങളും നൽകിയത് കൊണ്ടു തീരുന്നതല്ല മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ. അതിലേക്ക് ആത്മാർത്ഥമായി മനസുകൊടുക്കണം. അന്യന്റെ പ്രശ്‌നങ്ങൾ തന്റേതായി കാണുന്ന കാലത്തേ ഇതിനൊക്കെ പരിഹാരമാവൂ...'

@ 15വർഷം ഒരാൾ എം.പിയായി

തുടരുന്ന മണ്ഡലമാണ് ...?

അതിന്റെ ഫലമാണീ കോഴിക്കോട് അനുഭവിക്കുന്നത്. തീർച്ചയായും മണ്ഡലത്തിൽ ഇത്തവണ ഒരു മാറ്റം വരും. കേവലം കേന്ദ്ര സർക്കാരിന്റെ പദ്ധതികളും എം.പി.ഫണ്ടും ഉയർത്തിപ്പിടിച്ച് എത്രകാലം നാട്ടുകാരെ പറ്റിക്കാനാവും. ജനം എല്ലാം തിരിച്ചറിയും. മോദി പ്രഖ്യാപിച്ചൊരു ഗ്യാരണ്ടിയുണ്ട്. അതിനൊപ്പം കേരള ജനതയും വിശേഷിച്ച് കോഴിക്കോടും സഞ്ചരിക്കും.